Featured Partner • Sponsored Advertisement
Reboot Computers
Loading info...
Oct 4, 2026 | 10:14 AM

ജിദ്ദയിൽ യുവതിയെ അപമാനിച്ച ടാക്സി ഡ്രൈവർക്ക് പത്തു മാസം തടവ്; ശിക്ഷാ കാലാവധിക്ക് ശേഷം നാടുകടത്തും

by silvya

ജിദ്ദ: ടാക്സിയിൽ യാത്ര ചെയ്യുകയായിരുന്ന യുവതിയുടെ ശരീരത്തെക്കുറിച്ച് മോശമായ പരാമർശം നടത്തിയ ഡ്രൈവർക്ക് സൗദി കോടതി പത്തു മാസം തടവ് ശിക്ഷ വിധിച്ചു. ശിക്ഷാ കാലാവധി പൂർത്തിയാക്കിയ ശേഷം ഇയാളെ സൗദിയിൽ നിന്ന് നാടുകടത്താനും കോടതി ഉത്തരവിട്ടു. യുവതി നൽകിയ പരാതിയുടെയും സമർപ്പിച്ച തെളിവുകളുടെയും അടിസ്ഥാനത്തിലാണ് കോടതി നടപടി.

വിചാരണയ്ക്കിടെ പ്രതി കോടതിയിൽ കുറ്റസമ്മതം നടത്തിയെങ്കിലും വിചിത്രമായ വാദമാണ് ഉന്നയിച്ചത്. യുവതിയോടുള്ള ആരാധനയും പിന്നീട് വിവാഹാഭ്യർത്ഥന നടത്താനുള്ള ആഗ്രഹവുമാണ് താൻ അങ്ങനെ സംസാരിക്കാൻ കാരണമെന്നും, ഇത് പീഡനമല്ലെന്നും പ്രതി വാദിച്ചു. എന്നാൽ, യുവതിയുടെ അന്തസ്സിനെ ചോദ്യം ചെയ്യുന്നതും അവർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നതുമായ പരാമർശങ്ങൾ കുറ്റകരമാണെന്ന് കോടതി വിലയിരുത്തി. വ്യക്തികളുടെ സ്വകാര്യതയെയും അന്തസ്സിനെയും ഹനിക്കുന്ന പ്രവൃത്തികൾ യാതൊരു കാരണവശാലും അംഗീകരിക്കാനാവില്ലെന്ന് കോടതി വ്യക്തമാക്കി.

ഇരുവിഭാഗത്തിന്റെയും വാദങ്ങൾ വിശദമായി കേട്ട ശേഷമാണ് കോടതി പത്തു മാസം തടവ് ശിക്ഷ വിധിച്ചത്. പ്രതി ഇതിനകം ജയിലിൽ കഴിഞ്ഞ ദിവസങ്ങൾ ശിക്ഷാ കാലാവധിയിൽ കുറച്ചു നൽകാൻ കോടതി നിർദേശിച്ചു. അപ്പീൽ കോടതിയും ഈ വിധി ശരിവെച്ചതോടെ ശിക്ഷ അന്തിമമായി. സൗദി അറേബ്യയിലെ ആന്റി ഹരാസ്‌മെന്റ് നിയമപ്രകാരം ഇത്തരം കുറ്റകൃത്യങ്ങൾക്ക് കടുത്ത ശിക്ഷയാണ് ലഭിക്കുക.

You may also like