Featured Partner • Sponsored Advertisement
Reboot Computers
Loading info...
Oct 4, 2026 | 10:43 PM

അശ്രദ്ധമായ നിർത്തൽ; യുഎഇയിൽ 24 വലിയ വാഹനാപകടങ്ങൾ

by Raneesha Razak

അബുദാബി : റോഡിന് നടുവിൽ പെട്ടെന്ന് വണ്ടി നിർത്തുന്നതും, തകരാറിലായ വാഹനങ്ങൾ റോഡിൽ നിന്ന് മാറ്റാതിരിക്കുന്നതും യുഎഇയിൽ കഴിഞ്ഞ വർഷം (2025) 24 വലിയ വാഹനാപകടങ്ങൾക്ക് കാരണമായതായി ആഭ്യന്തര മന്ത്രാലയം (Ministry of Interior) അറിയിച്ചു. ഈ അപകടങ്ങളിൽ നിരവധി ആളുകൾക്ക് സാരമായ പരിക്കേൽക്കുകയും വലിയ തോതിൽ വസ്തുവകകൾക്ക് നാശനഷ്ടം സംഭവിക്കുകയും ചെയ്തിട്ടുണ്ട്.

യാത്രയ്ക്കിടയിൽ പെട്ടെന്ന് ബ്രേക്ക് ഇട്ടതുമൂലം വാഹനങ്ങൾ തമ്മിൽ കൂട്ടിയിടിച്ച് 6 അപകടങ്ങളാണ് ഉണ്ടായത്. ബാക്കി 18 അപകടങ്ങളും സംഭവിച്ചത് യാന്ത്രിക തകരാറുകൾ (Mechanical breakdowns) മൂലം വഴിയിൽ പെട്ടുപോയ വാഹനങ്ങൾ കൃത്യസമയത്ത് റോഡിൽ നിന്നും സുരക്ഷിതമായ സ്ഥലത്തേക്ക് മാറ്റാത്തതിനാലാണ്. പ്രത്യേകിച്ച് വേഗതയേറിയ ഹൈവേകളിൽ ഇത്തരം അശ്രദ്ധകൾ വലിയ ദുരന്തങ്ങൾക്ക് കാരണമാകുമെന്ന് മന്ത്രാലയം മുന്നറിയിപ്പ് നൽകി. വാഹനം പെട്ടെന്ന് തകരാറിലായാൽ റോഡിന്റെ വശങ്ങളിലുള്ള ‘ഹാർഡ് ഷോൾഡറിലേക്ക്’ (Hard shoulder) മാറ്റാൻ ഡ്രൈവർമാർ ശ്രദ്ധിക്കണം. തുടർന്ന് ഹസാർഡ് ലൈറ്റുകൾ ഓൺ ചെയ്യുകയും, പുറകിൽ നിന്ന് വരുന്ന മറ്റ് വാഹനങ്ങൾക്ക് മുന്നറിയിപ്പായി റിഫ്ലക്റ്റീവ് വാണിംഗ് ട്രയാംഗിൾ (Warning triangle) സ്ഥാപിക്കുകയും വേണം. വാഹനം റോഡിൽ നിന്നും മാറ്റാൻ സാധിക്കാത്ത സാഹചര്യമാണെങ്കിൽ, മറ്റ് അപകടങ്ങൾ ഒഴിവാക്കാൻ എത്രയും വേഗം പോലീസിനെ വിവരമറിയിക്കണമെന്നും ആഭ്യന്തര മന്ത്രാലയം നിർദ്ദേശിച്ചു.

You may also like