ദുബായ്: 2026-ന്റെ ആദ്യ പാദത്തിൽ ദുബായിലെ കുറ്റകൃത്യങ്ങളിലും ക്രമസമാധാന പ്രശ്നങ്ങളിലും വലിയ കുറവുണ്ടായതായി ദുബായ് പോലീസ് അറിയിച്ചു. കൃത്യമായ സുരക്ഷാ പദ്ധതികളും അത്യാധുനിക കുറ്റാന്വേഷണ രീതികളും നടപ്പിലാക്കിയതാണ് ഈ നേട്ടത്തിന് പിന്നിലെ പ്രധാന കാരണമെന്ന് പോലീസ് വ്യക്തമാക്കി. കുറ്റകൃത്യങ്ങൾ തടയുന്നതിനായി നേരത്തെ തന്നെ തയ്യാറാക്കിയ മുൻകരുതൽ നടപടികൾ മികച്ച ഫലം നൽകുന്നുണ്ടെന്ന് അധികൃതർ ചൂണ്ടിക്കാട്ടി.
ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ വിഭാഗത്തിന്റെ നേതൃത്വത്തിൽ നടപ്പിലാക്കിയ സുരക്ഷാ പ്ലാനുകളുടെ വിജയമാണ് ഈ കണക്കുകളെന്ന് ക്രിമിനൽ അഫയേഴ്സ് ഡെപ്യൂട്ടി കമാൻഡർ ഇൻ ചീഫ് മേജർ ജനറൽ ഹരേബ് മുഹമ്മദ് അൽ ഷംസി പറഞ്ഞു. കുറ്റകൃത്യങ്ങളിലേക്ക് നയിക്കുന്ന സാഹചര്യങ്ങൾ വിശകലനം ചെയ്ത് അവ ഇല്ലാതാക്കാൻ നടത്തിയ ഫീൽഡ് പ്രവർത്തനങ്ങൾ ജനങ്ങളുടെ സുരക്ഷിതബോധം വർദ്ധിപ്പിക്കാൻ സഹായിച്ചു. കുറ്റകൃത്യങ്ങൾ തടയാൻ പോലീസ് നടത്തുന്ന തുടർച്ചയായ പരിശ്രമങ്ങളാണ് ഈ പുരോഗതിക്ക് കാരണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.