അബുദാബി : ഗുരുതരാവസ്ഥയിലുള്ള രോഗികളെ ലോകത്തിന്റെ ഏത് കോണിലേക്കും അതിവേഗം എത്തിക്കാൻ ലക്ഷ്യമിട്ട് യുഎഇയുടെ പുതിയ ദീർഘദൂര എയർ ആംബുലൻസ് സേവനം സമാരംഭിച്ചു. റെസ്‌പോൺസ് പ്ലസ് മെഡിക്കൽ (RPM) ആണ് അബുദാബി കേന്ദ്രമായി ‘ഐകാറ്റ് റെസ്‌പോൺസ് പ്ലസ്’ (ICATT Response Plus) എന്ന ആഗോള മെഡിക്കൽ ഇവാക്വേഷൻ സർവീസ് ആരംഭിച്ചത്
ചലഞ്ചർ 605 എന്ന അത്യാധുനിക വിമാനമാണ് ഇതിനായി സജ്ജീകരിച്ചിരിക്കുന്നത്. ഒരു ഐസിയുവിൽ ലഭ്യമായ എല്ലാ ആധുനിക മെഡിക്കൽ സൗകര്യങ്ങളും ഈ എയർ ആംബുലൻസിലുണ്ടാകും.നിർത്താതെ 7,400 കിലോമീറ്റർ ദൂരം പറക്കാൻ ശേഷിയുള്ള ഈ വിമാനത്തിന് അബുദാബിയിൽ നിന്ന് ഏഷ്യയിലേക്കോ യൂറോപ്പിലേക്കോ മറ്റ് ഭൂഖണ്ഡങ്ങളിലേക്കോ രോഗികളെ തടസ്സമില്ലാതെ എത്തിക്കാൻ സാധിക്കും. രോഗിയെ ആശുപത്രി കിടക്കയിൽ നിന്ന് നേരിട്ട് വിമാനത്തിലേക്കും അവിടെ നിന്ന് വിദേശത്തെ സ്പെഷ്യലിസ്റ്റ് ആശുപത്രിയിലെ കിടക്കയിലേക്കും എത്തിക്കുന്ന രീതിയാണിത്.
വിദഗ്ദ്ധ ചികിത്സയ്ക്കായി വിദേശത്തേക്ക് രോഗികളെ മാറ്റേണ്ടി വരുമ്പോൾ നേരിടുന്ന കാലതാമസവും സങ്കീർണ്ണമായ നടപടിക്രമങ്ങളും ഒഴിവാക്കി ജീവൻ രക്ഷിക്കുക എന്നതാണ് ഇതിന്റെ പ്രധാന ലക്ഷ്യം.യുഎഇയെ ഒരു ആഗോള ഏറോമെഡിക്കൽ ഹബ്ബായി മാറ്റുന്നതിൽ ഈ പദ്ധതി നിർണ്ണായക പങ്ക് വഹിക്കുമെന്ന് ആർപിഎം ഹോൾഡിംഗ് സിഇഒ ഡോ. രോഹിൽ രാഘവൻ പറഞ്ഞു. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉൾപ്പെടെയുള്ള സാങ്കേതിക വിദ്യകൾ ഉപയോഗിച്ചാണ് ഈ സേവനം ഏകോപിപ്പിക്കുന്നത്.