ദുബായ് : പശ്ചിമേഷ്യയിലെ സംഘർഷഭരിതമായ സാഹചര്യങ്ങളെയും വ്യോമയാന മേഖലയിലെ പ്രതിസന്ധികളെയും അതിജീവിച്ച് എമിറേറ്റ്‌സ് ഗ്രൂപ്പിന് ചരിത്രത്തിലെ ഏറ്റവും ഉയർന്ന ലാഭം. 2025-26 സാമ്പത്തിക വർഷത്തിൽ നികുതിക്ക് മുമ്പുള്ള ലാഭത്തിൽ 7 ശതമാനം വർദ്ധനവ് രേഖപ്പെടുത്തി 24.4 ബില്യൺ ദിർഹമെന്ന റെക്കോർഡ് നേട്ടത്തിലാണ് ഗ്രൂപ്പ് എത്തിയത്.
കഴിഞ്ഞ സാമ്പത്തിക വർഷം അവസാനിക്കാൻ ഒരു മാസം ബാക്കി നിൽക്കെ മേഖലയിൽ പൊട്ടിപ്പുറപ്പെട്ട യുദ്ധസാഹചര്യങ്ങൾ വിമാന സർവീസുകളെ ബാധിച്ചിരുന്നെങ്കിലും, ഗ്രൂപ്പിന്റെ മൊത്തം വരുമാനം 150.5 ബില്യൺ ദിർഹമായി ഉയർന്നു. കോർപ്പറേറ്റ് നികുതി 15 ശതമാനമായി വർദ്ധിപ്പിച്ചതിന് ശേഷമുള്ള അറ്റാദായം 21 ബില്യൺ ദിർഹമാണ്. ഗ്രൂപ്പിന്റെ കൈവശമുള്ള പണമസ്തി (Cash Assets) 12 ശതമാനം വർദ്ധിച്ച് 59.6 ബില്യൺ ദിർഹമിലെത്തി.
സാമ്പത്തിക വർഷത്തിന്റെ അവസാന പാദത്തിൽ അമേരിക്ക, ഇസ്രായേൽ, ഇറാൻ എന്നിവർ ഉൾപ്പെട്ട സൈനിക നീക്കങ്ങളും മിസൈൽ ആക്രമണങ്ങളും ഗൾഫ് മേഖലയിലെ വ്യോമഗതാഗതത്തിന് വലിയ വെല്ലുവിളി ഉയർത്തിയിരുന്നു. എന്നാൽ, സുരക്ഷിതത്വത്തിലും നൂതനമായ പ്രവർത്തന ശൈലിയിലുമുള്ള വിശ്വാസമാണ് ഈ പ്രതിസന്ധിക്കിടയിലും മികച്ച ഫലം നൽകിയതെന്ന് എമിറേറ്റ്‌സ് എയർലൈൻ ആൻഡ് ഗ്രൂപ്പ് ചെയർമാൻ ഷെയ്ഖ് അഹമ്മദ് ബിൻ സയീദ് അൽ മക്തൂം വ്യക്തമാക്കി.
വരും വർഷങ്ങളിൽ പ്രവർത്തനങ്ങൾ വിപുലീകരിക്കുന്നതിനായി 340 ബില്യൺ ദിർഹത്തിന്റെ വൻ നിക്ഷേപ പദ്ധതികളാണ് ഗ്രൂപ്പ് വിഭാവനം ചെയ്തിരിക്കുന്നത്. ഇതിന്റെ ഭാഗമായി കഴിഞ്ഞ വർഷം മാത്രം പുതിയ വിമാനങ്ങൾക്കും സാങ്കേതിക വിദ്യകൾക്കുമായി 17.9 ബില്യൺ ദിർഹം ചെലവാക്കി. ദുബായ് ആഗോള വ്യാപാരത്തിന്റെയും വിനോദസഞ്ചാരത്തിന്റെയും കേന്ദ്രമായി തുടരുമെന്ന ഉറച്ച വിശ്വാസമാണ് ഈ റെക്കോർഡ് നേട്ടത്തിന് പിന്നിലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ലാഭവിഹിതമായി 3.5 ബില്യൺ ദിർഹം ഇൻവെസ്റ്റ്‌മെന്റ് കോർപ്പറേഷൻ ഓഫ് ദുബായ്ക്ക് (ICD) കൈമാറാനും തീരുമാനമായിട്ടുണ്ട്.