അബുദാബി: ഇന്റഗ്രേറ്റഡ് ട്രാൻസ്‌പോർട്ട് സെന്ററിന്റെ (ITC) മേൽനോട്ടത്തിൽ ‘ക്യു മൊബിലിറ്റി’ (Q Mobility) ആണ് മുസഫയിൽ മൂന്നാം ഘട്ട പെയ്ഡ് പാർക്കിംഗ് പദ്ധതി നടപ്പിലാക്കുന്നത്. മുസഫയിലെ എം5, എം6, എം21, എം22, എം23 എന്നീ സെക്ടറുകളിലാണ് ഈ മാറ്റം വരുന്നത്. ഇതിൽ സെക്ടർ എം5-ൽ 661 ഇടങ്ങളും, എം6-ൽ 710, എം21-ൽ 1,100, എം22-ൽ 800, എം23-ൽ 650 എന്നിങ്ങനെയാണ് പാർക്കിംഗ് ക്രമീകരിച്ചിരിക്കുന്നത്. ഭിന്നശേഷിക്കാർക്കായി പ്രത്യേക പാർക്കിംഗ് സൗകര്യങ്ങളും ഈ ഭാഗങ്ങളിൽ ഒരുക്കിയിട്ടുണ്ട്. 2026 ജനുവരിയിൽ ആരംഭിച്ച ക്രമാനുഗതമായ പാർക്കിംഗ് പരിഷ്കരണ പദ്ധതിയുടെ ഭാഗമായാണ് ഈ വിപുലീകരണം.
വ്യവസായശാലകളും വ്യാപാര സ്ഥാപനങ്ങളും തൊഴിലാളികളും സന്ദർശകരും ഏറെയുള്ള മേഖലയായതിനാൽ മുസഫയിൽ വലിയ രീതിയിലുള്ള വാഹനത്തിരക്കാണ് അനുഭവപ്പെടാറുള്ളത്. കഴിഞ്ഞ ഏതാനും വർഷങ്ങളായി ഇവിടെ പാർക്കിംഗിനായുള്ള ആവശ്യം വർധിച്ചതോടെ റോഡരികിലും മറ്റും ക്രമരഹിതമായി വാഹനങ്ങൾ പാർക്ക് ചെയ്യുന്നത് പതിവായിരുന്നു. ഇത് ഗതാഗത തടസ്സത്തിനും സുരക്ഷാ പ്രശ്നങ്ങൾക്കും കാരണമാകുന്ന സാഹചര്യത്തിലാണ് പാർക്കിംഗ് പെയ്ഡ് ആക്കി നിയന്ത്രിക്കാൻ തീരുമാനിച്ചത്. പുതിയ പരിഷ്കാരത്തിലൂടെ വ്യവസായ മേഖലയിലെ ഗതാഗതം സുഗമമാകുമെന്നും ബിസിനസ് സ്ഥാപനങ്ങളിലേക്ക് ജനങ്ങൾക്ക് എളുപ്പത്തിൽ എത്തിച്ചേരാനാകുമെന്നും അധികൃതർ പ്രതീക്ഷിക്കുന്നു.
നേരത്തെ പദ്ധതിയുടെ ഒന്നാം ഘട്ടം ജനുവരി 12-നും രണ്ടാം ഘട്ടം ഏപ്രിൽ 20-നും മുസഫയിലെ വിവിധ സെക്ടറുകളിൽ നടപ്പിലാക്കിയിരുന്നു. പുതിയ സെക്ടറുകളിലും മണിക്കൂറിന് 2 ദിർഹം വീതമാണ് പാർക്കിംഗ് നിരക്ക് ഈടാക്കുക. ‘ദർബ്’ , ‘താം’ എന്നീ സ്മാർട്ട് ആപ്ലിക്കേഷനുകൾ വഴിയോ എസ്എംഎസ് വഴിയോ പാർക്കിംഗ് മെഷീനുകൾ ഉപയോഗിച്ചോ ഉപയോക്താക്കൾക്ക് തുക അടയ്ക്കാവുന്നതാണ്. കൂടുതൽ സംഘടിതമായ പാർക്കിംഗ് രീതി നിലവിൽ വരുന്നത് മേഖലയിലെ സാമ്പത്തിക പ്രവർത്തനങ്ങൾക്ക് കരുത്തേകുമെന്നും അധികൃതർ കൂട്ടിച്ചേർത്തു.