Featured Partner • Sponsored Advertisement
Reboot Computers
Loading info...
Oct 12, 2026 | 07:44 PM

ബർ ദുബായിൽ അൽഹിന്ദ് കേന്ദ്രങ്ങൾക്ക് മുന്നിൽ വൻ തിരക്ക്; ആശ്വാസത്തോടെ പ്രവാസികൾ

by Raneesha Razak

ദുബായ് : വാരാന്ത്യങ്ങളിലെ അനിശ്ചിതത്വത്തിനും കാത്തിരിപ്പിനും വിരാമമിട്ട് യുഎഇയിലെ ഇന്ത്യൻ പാസ്‌പോർട്ട്, കോൺസുലാർ സേവനങ്ങൾ പുനരാരംഭിച്ചതോടെ ദുബായിലെ അൽഹിന്ദ് സേവന കേന്ദ്രങ്ങൾക്ക് മുന്നിൽ പ്രവാസികളുടെ വൻ തിരക്ക് അനുഭവപ്പെട്ടു. ബർ ദുബായിലെ യുഡബ്ല്യു മാളിൽ പ്രവർത്തിക്കുന്ന അൽഹിന്ദ് ടൂർസ് ആൻഡ് ട്രാവൽസിന്റെ കോൺസുലാർ സർവീസ് സെന്ററിന് മുന്നിൽ പുലർച്ചെ 5.45 മുതൽ തന്നെ നൂറുകണക്കിന് ആളുകളാണ് ക്യൂ നിന്നത്. ആഴ്ചകളായി തുടർന്ന പ്രതിസന്ധിക്ക് പരിഹാരമായതോടെ വലിയ ആശ്വാസത്തിലാണ് പ്രവാസി മലയാളികൾ അടക്കമുള്ള ഭാരതീയർ.

കാൻസർ ബാധിതനായ പിതാവിനെ കാണാൻ നാട്ടിലേക്ക് അടിയന്തരമായി പോകേണ്ട ഷാർജ നിവാസിയായ അദീപ്പയെപ്പോലുള്ള നിരവധിയാളുകൾക്ക് ഈ പുതിയ ക്രമീകരണം വലിയ പ്രതീക്ഷ നൽകുന്നു. പാസ്‌പോർട്ടിന്റെ കാലാവധി അഞ്ച് മാസമായി ചുരുങ്ങിയതിനെ തുടർന്ന് വിസ പുതുക്കാൻ കഴിയാതെ പ്രതിസന്ധിയിലായ ഇവർ അടിയന്തര പാസ്‌പോർട്ട് പുതുക്കലിനായാണ് ഇവിടെയെത്തിയത്. മുൻപ് ഇന്ത്യൻ കോൺസുലേറ്റിന് മുന്നിൽ മണിക്കൂറുകളോളം കാത്തിരുന്നിട്ടും അപ്പോയിന്റ്മെന്റ് ലഭിക്കാതിരുന്നവർക്ക് അൽഹിന്ദ് കേന്ദ്രങ്ങൾ പ്രവർത്തനം തുടങ്ങിയത് അനുഗ്രഹമായി.

കഴിഞ്ഞ 17 വർഷത്തിനിടെ ആദ്യമായി ജൂലൈ ഒന്നു മുതൽ ഇന്ത്യൻ എംബസിയും കോൺസുലേറ്റും നേരിട്ടായിരുന്നു സേവനങ്ങൾ നൽകിയിരുന്നത്. വേനലവധിക്കാലത്ത് യാത്രകൾ പ്ലാൻ ചെയ്ത ആയിരക്കണക്കിന് പ്രവാസികൾക്ക് ഇത് കടുത്ത ബുദ്ധിമുട്ട് സൃഷ്ടിച്ചിരുന്നു. എന്നാൽ പുതിയ സംവിധാനം നിലവിൽ വന്നതോടെ അപ്പോയിന്റ്മെന്റുകൾ ലഭിച്ചു തുടങ്ങുകയും കേന്ദ്രങ്ങളുടെ പ്രവർത്തനം സാധാരണ നിലയിലാകുകയും ചെയ്തിട്ടുണ്ട്.

You may also like