ദുബായ് : വ്യോമഗതാഗത തടസ്സങ്ങൾ കാരണം യുഎഇയിൽ കുടുങ്ങിപ്പോകുകയും ഓവർസ്റ്റേ പിഴയിൽ നിന്ന് താൽക്കാലിക ഇളവ് ലഭിക്കുകയും ചെയ്ത സന്ദർശക വിസക്കാർക്ക് തങ്ങളുടെ വിസ കാലാവധി നിയമവിധേയമാക്കാനോ രാജ്യം വിടാനോ ഉള്ള അവസാന തീയതി ജൂലൈ 9 ആണെന്ന് അധികൃതർ അറിയിച്ചു. ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൺഷിപ്പ്, കസ്റ്റംസ് ആൻഡ് പോർട്ട് സെക്യൂരിറ്റി (ICP) അനുവദിച്ച 30 ദിവസത്തെ ഇളവ് കാലാവധിയാണ് അവസാനിക്കുന്നത്.
മേഖലയിലെ വിമാന സർവീസുകൾ സാധാരണ നിലയിലായ സാഹചര്യത്തിലാണ് ഈ നിർദ്ദേശം. വിസ കാലാവധി കഴിഞ്ഞവർക്ക് ഈ സമയത്തിനുള്ളിൽ വിസ പുതുക്കുകയോ, ജോലി ലഭിച്ചവർ അതിന്റെ നടപടികൾ പൂർത്തിയാക്കുകയോ, അല്ലെങ്കിൽ പിഴ ഒഴിവാക്കാൻ ജൂലൈ 9-ന് മുൻപായി രാജ്യം വിടുകയോ ചെയ്യാം. എന്നാൽ, ഈ സമയപരിധി സാധാരണ റസിഡൻസ് വിസ കാലാവധി കഴിഞ്ഞവർക്ക് ബാധകമല്ല. നിയമനടപടികൾ ഒഴിവാക്കാൻ അവസാന നിമിഷം വരെ കാത്തുനിൽക്കാതെ അടിയന്തരമായി ആമർ (Amer) കേന്ദ്രങ്ങളുമായോ ഇമിഗ്രേഷൻ അധികൃതരുമായോ ബന്ധപ്പെടാൻ ട്രാവൽ ഏജൻസികൾ നിർദ്ദേശിക്കുന്നു.