ദുബായ് : യുഎഇയിലെ പൊതുവിദ്യാലയങ്ങളിലും (Government Schools) മിനിസ്ട്രി ഓഫ് എഡ്യൂക്കേഷൻ (MoE) സിലബസ് പിന്തുടരുന്ന സ്വകാര്യ സ്കൂളുകളിലുമുള്ള 1 മുതൽ 12 വരെയുള്ള ക്ലാസുകളിലെ 2025-2026 അധ്യയന വർഷത്തെ വാർഷിക പരീക്ഷാ ഫല തീയതികൾ പ്രഖ്യാപിച്ചു. വിദ്യാർത്ഥികൾക്ക് തിരക്കില്ലാതെ ഫലം അറിയുന്നതിനായി രണ്ടു ദിവസങ്ങളിലായി വ്യത്യസ്ത സമയങ്ങളിലാണ് ഫലപ്രഖ്യാപനം ക്രമീകരിച്ചിരിക്കുന്നത്.
ആദ്യഘട്ട ഫലപ്രഖ്യാപനം 2026 ജൂലൈ 12 ഞായറാഴ്ച നടക്കും. അന്ന് രാവിലെ 10 മണിക്ക് പന്ത്രണ്ടാം ക്ലാസിലെ വിദ്യാർത്ഥികളുടെയും, ഉച്ചയ്ക്ക് 12 മണിക്ക് 9 മുതൽ 11 വരെയുള്ള ക്ലാസുകളിലെ വിദ്യാർത്ഥികളുടെയും ഫലം പ്രസിദ്ധീകരിക്കും. രണ്ടാം ഘട്ടത്തിൽ ജൂലൈ 13 തിങ്കളാഴ്ച രാവിലെ 10 മണിക്ക് 5 മുതൽ 8 വരെയുള്ള ക്ലാസുകളിലെയും, ഉച്ചയ്ക്ക് 12 മണിക്ക് 1 മുതൽ 4 വരെയുള്ള ക്ലാസുകളിലെയും ഫലങ്ങൾ ലഭ്യമാകും. വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും നിശ്ചിത സമയത്തു വിദ്യാർത്ഥി പോർട്ടൽ (Student Portal) വഴി ഫലം പരിശോധിക്കാവുന്നതാണ്. അതത് ഫലപ്രഖ്യാപന ദിവസങ്ങളിൽ രാത്രി 8 മണി മുതൽ അർദ്ധരാത്രി 12 മണി വരെ ഡിജിറ്റൽ സർട്ടിഫിക്കറ്റുകൾ പ്രിന്റ് ചെയ്യാനുള്ള സൗകര്യവും പോർട്ടലിൽ ലഭ്യമായിരിക്കുമെന്ന് മന്ത്രാലയം അറിയിച്ചു.
UAESchools
അബുദാബി: യുഎഇയിലെ വിദ്യാർത്ഥികൾക്കും കുടുംബങ്ങൾക്കുമായി വിനോദവും വിജ്ഞാനവും സാങ്കേതികവിദ്യയും കായിക വിനോദങ്ങളും കോർത്തിണക്കി ഒന്നാമത് ‘ശൈഖ് സായിദ് സമ്മർ ഫെസ്റ്റിവൽ’ ജൂലൈ 6 മുതൽ ആഗസ്ത് 23 വരെ നടക്കും. യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്റെ രക്ഷാകർതൃത്വത്തിലും വൈസ് പ്രസിഡന്റും ഉപപ്രധാനമന്ത്രിയുമായ ശൈഖ് മൻസൂർ ബിൻ സായിദ് അൽ നഹ്യാന്റെ മാർഗ്ഗനിർദ്ദേശത്തിലുമാണ് മേഖലയിലെ തന്നെ ഏറ്റവും വലിയ ഈ സമ്മർ ഫെസ്റ്റ് സംഘടിപ്പിക്കുന്നത്. പൂർണ്ണമായും ശീതീകരിച്ച വേദികളിൽ ഒരുക്കുന്ന മേളയിൽ ഇന്നൊവേഷൻ ലാബുകൾ, വിദ്യാഭ്യാസ മേഖലകൾ, സ്പോർട്സ് സൗകര്യങ്ങൾ എന്നിവയുണ്ടാകും. 6 മുതൽ 18 വയസ്സുവരെയുള്ള കുട്ടികളുടെ ഭാവി കഴിവുകൾ വികസിപ്പിക്കാനും ദേശീയ മൂല്യങ്ങൾ വളർത്താനുമാണ് മേള ലക്ഷ്യമിടുന്നത്. മുഹമ്മദ് ബിൻ സായിദ് യൂണിവേഴ്സിറ്റി ഓഫ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഒരുക്കുന്ന ‘എഐ ആൻഡ് ഇന്നൊവേഷൻ വേൾഡ്’ പവലിയൻ, ആക്റ്റ്വെറ്റിന്റെ (ACTVET) സ്കിൽസ് ക്യാമ്പ്, സൈബർ സുരക്ഷാ ക്ലാസുകൾ, സ്പോർട്സ്-ഹെറിറ്റേജ് ആക്ടിവിറ്റികൾ എന്നിവ മേളയുടെ പ്രധാന ആകർഷണങ്ങളാണ്. വരും വർഷങ്ങളിൽ യുഎഇയുടെ വേനലവധിക്കാലത്തെ ഏറ്റവും വലിയ വാർഷിക വിജ്ഞാനോത്സവമാക്കി ഇതിനെ മാറ്റാനാണ് സംഘാടകരുടെ തീരുമാനം.
വേനലവധിയിൽ കുട്ടികളുടെ പഠനമികവ് കുറയുന്ന ‘സമ്മർ സ്ലൈഡ്’; മുന്നറിയിപ്പുമായി യുഎഇ സ്കൂളുകൾ
ദുബായ് : യുഎഇയിൽ വേനലവധി ആരംഭിക്കാനിരിക്കെ, കുട്ടികളിലെ ‘സമ്മർ സ്ലൈഡ്’ (Summer Slide) പ്രതിഭാസത്തെക്കുറിച്ച് രക്ഷിതാക്കൾക്ക് മുന്നറിയിപ്പുമായി വിദ്യാഭ്യാസ വിദഗ്ദ്ധർ. ദീർഘകാലത്തെ അവധി ദിവസങ്ങളിൽ കുട്ടികൾക്ക് പഠിച്ച കാര്യങ്ങളിൽ മറവി വരികയും പഠനമികവ് താഴേക്ക് പോവുകയും ചെയ്യുന്ന അവസ്ഥയാണിത്.
മാപ്പ് ഗ്രോത്ത് (MAP Growth) പഠന റിപ്പോർട്ടുകൾ പ്രകാരം, വേനലവധിയിൽ കുട്ടികൾക്ക് അവരുടെ പഠനമികവിന്റെ 20 മുതൽ 30 ശതമാനം വരെ നഷ്ടപ്പെടാൻ സാധ്യതയുണ്ട്. ഇതിൽ തന്നെ ഗണിതശാസ്ത്രത്തിലാണ് (Maths) കുട്ടികൾക്ക് ഏറ്റവും കൂടുതൽ പിന്നോട്ട് പോക്ക് ഉണ്ടാകുന്നത്. ആറാഴ്ചത്തെ അവധി കൊണ്ട് കുട്ടികളുടെ മാത്സ് കപ്പാസിറ്റി ഏകദേശം 2.6 മാസം പുറകോട്ട് പോകുമെന്നാണ് പഠനങ്ങൾ വ്യക്തമാക്കുന്നത്.
അവധിിക്കാലം വീണ്ടും ക്ലാസ് മുറികളാക്കി മാറ്റി കുട്ടികളെ മാനസിക സമ്മർദ്ദത്തിലാക്കരുതെന്നും, പകരം ജീവിതാനുഭവങ്ങളിലൂടെയുള്ള പഠനരീതികൾ പ്രോത്സാഹിപ്പിക്കണമെന്നും ജെംസ് എഡ്യൂക്കേഷൻ കൾച്ചർ ഓഫ് എക്സലൻസ് വൈസ് പ്രസിഡന്റ് ഡോ. ഫങ്കെ ബാഫൂർ ഒതുക്കോട് നിർദ്ദേശിക്കുന്നു. ദിവസവും 15-20 മിനിറ്റ് മാത്രം വായനയ്ക്കോ ലളിതമായ കണക്കുകൾക്കോ ആയി നീക്കിവെക്കുന്നതും സ്ക്രീൻ ടൈം കുറച്ച് കളിക്കളങ്ങളിൽ കുട്ടികളെ സജീവമാക്കുന്നതും ഈ പഠനനഷ്ടം പരിഹരിക്കാൻ സഹായിക്കുമെന്ന് സ്കൂൾ അധികൃതർ ഓർമ്മിപ്പിച്ചു.
അബുദാബി : യുഎഇയിലെ വിവിധ സ്കൂളുകളിലും സർവ്വകലാശാലകളിലും അത്യാധുനിക സ്റ്റെം (STEM – Science, Technology, Engineering, Mathematics) ലാബുകൾ സ്ഥാപിച്ച് പ്രമുഖ വ്യവസായ സ്ഥാപനമായ എമിറേറ്റ്സ് ഗ്ലോബൽ അലുമിനിയം (EGA). രാജ്യത്തെ ഭാവി വ്യവസായ പ്രതിഭകളെ വാർത്തെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്.
അൽ സമഹ സ്കൂൾ, അൽ റഹ്ബ സ്കൂൾ, അൽ ഫലാഹിയ സ്കൂൾ, ദുബായ് നാഷണൽ സ്കൂൾ, സായിദ് യൂണിവേഴ്സിറ്റി, ഹയർ കോളേജ് ഓഫ് ടെക്നോളജി (HCT) എന്നിവയുമായി സഹകരിച്ചാണ് ഇജിഎ ലാബുകൾ നിർമ്മിച്ചിരിക്കുന്നത്. പ്രതിവർഷം 2,600-ലധികം വിദ്യാർത്ഥികൾക്ക് ഈ പദ്ധതിയുടെ നേരിട്ടുള്ള പ്രയോജനം ലഭിക്കും. എൻജിനീയറിങ്, പ്രൊഡക്ട് ഡെവലപ്മെന്റ് തുടങ്ങിയ മേഖലകളിലെ പ്രായോഗിക പരിശീലനവും അത്യാധുനിക ഉപകരണങ്ങളും ഈ ലാബുകളിൽ ലഭ്യമാക്കും. ഇതിന് പുറമെ അധ്യാപകർക്കും ട്രെയിനർമാർക്കും ആവശ്യമായ പ്രത്യേക പരിശീലനവും കമ്പനി നൽകുന്നുണ്ട്. കമ്പനിയുടെ ‘എഞ്ചിനീയർ ദ ഫ്യൂച്ചർ’ പദ്ധതി വഴി 2017 മുതൽ ഇതുവരെ 36,000-ത്തിലധികം വിദ്യാർത്ഥികളിലേക്ക് തങ്ങൾ എത്തിച്ചേർന്നിട്ടുണ്ടെന്നും, ഈ ലാബുകൾ വഴി വിദ്യാഭ്യാസവും വ്യവസായ മേഖലയും തമ്മിലുള്ള ദൂരം കുറയ്ക്കാൻ സാധിക്കുമെന്നും ഇജിഎ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ അബ്ദുൽനാസർ ബിൻ കൽബാൻ പറഞ്ഞു.
വേനലവധിക്ക് മുൻപുള്ള അവസാന ഘട്ടത്തിൽ യുഎഇ സ്കൂളുകൾ; പരീക്ഷകളും മറ്റ് പരിപാടികളുമായി വിദ്യാർത്ഥികൾ തിരക്കിൽ
ദുബായ് : യുഎഇയിലെ വിദ്യാലയങ്ങളിൽ അധ്യയന വർഷം അവസാന ഘട്ടത്തിലേക്ക് കടക്കുമ്പോൾ പരീക്ഷകളും അനുബന്ധ പരിപാടികളുമായി വിദ്യാർത്ഥികളുടെ ദിനചര്യകൾ കൂടുതൽ തിരക്കേറിയതാകുന്നു. എന്നാൽ ഇത് കുട്ടികളിൽ അധിക സമ്മർദ്ദം ചെലുത്താനല്ലെന്നും, പകരം പരീക്ഷകൾ, കരിയർ കൗൺസിലിംഗ്, അടുത്ത ക്ലാസുകളിലേക്കുള്ള മാറ്റം (Transition classes), വാർഷികാഘോഷങ്ങൾ എന്നിവ കുറഞ്ഞ സമയത്തിനുള്ളിൽ കൃത്യമായി പൂർത്തിയാക്കാനാണെന്നും വിദ്യാഭ്യാസ വിദഗ്ദ്ധർ വ്യക്തമാക്കുന്നു.
പല പ്രമുഖ സ്കൂളുകളും ഇതിനകം തന്നെ പരീക്ഷകൾ പൂർത്തിയാക്കിയ മുതിർന്ന വിദ്യാർത്ഥികൾക്കായി അടുത്ത അധ്യയന വർഷത്തെ അഡ്വാൻസ്ഡ് കോഴ്സുകളുടെ പ്രെപ്പറേറ്ററി ക്ലാസുകൾ ആരംഭിച്ചിട്ടുണ്ട്. അജ്മാനിലെ ദ ബ്ലൂമിംഗ്ടൺ അക്കാദമിയിൽ 10 മുതൽ 12 വരെയുള്ള ക്ലാസുകളിലെ കേംബ്രിഡ്ജ് പോർട്ട്ഫോളിയോ സമർപ്പണത്തിന് ശേഷം എഎസ് (AS), എ-ലെവൽ (A-Level) പ്രെപ്പറേറ്ററി ക്ലാസുകൾക്ക് തുടക്കമിട്ടതായി പ്രിൻസിപ്പൽ ഹുസൈന ബീഗം നൂർ ഷെരീഫ് പറഞ്ഞു. കൂടാതെ കരിയർ കൗൺസിലിംഗും ഇന്റേൺഷിപ്പ് അവസരങ്ങളും കുട്ടികൾക്ക് നൽകുന്നുണ്ട്. ജൂലൈ 3, 2026 വരെ കൃത്യമായ ക്ലാസുകൾ തുടരുമെന്നും അവർ വ്യക്തമാക്കി.
മുൻപ് കുറച്ചുദിവസങ്ങളിൽ ഓൺലൈൻ വിദ്യാഭ്യാസം (Distance learning) നൽകേണ്ടി വന്നതുമൂലമാണ് ഈ അവസാന മാസത്തിൽ കൂടുതൽ കാര്യങ്ങൾ ഒരുമിച്ച് ചെയ്യേണ്ടി വരുന്നതെന്നും അല്ലാതെ കുട്ടികളിൽ അമിത പഠനഭാരം അടിച്ചേൽപ്പിക്കുന്നില്ലെന്നും ജെംസ് റോയൽ ദുബായ് സ്കൂൾ പ്രിൻസിപ്പലും സിഇഒയുമായ ജാൻ സ്റ്റീൽ അഭിപ്രായപ്പെട്ടു. കുട്ടികളുടെ മാനസിക ഉല്ലാസത്തിന് പ്രാധാന്യം നൽകിക്കൊണ്ട് തന്നെ അവസാന ദിവസം വരെ മികച്ച രീതിയിൽ ക്ലാസുകൾ മുന്നോട്ട് കൊണ്ടുപോകാനാണ് വിദ്യാലയങ്ങൾ ശ്രമിക്കുന്നത്. സിബിഎസ്ഇ (CBSE) സ്കൂളുകളിലും അധ്യയന വർഷത്തെ പ്ലാനുകൾ മാസങ്ങൾക്ക് മുൻപ് തന്നെ തയ്യാറാക്കിയതിനാൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് വുഡ്ലം പാർക്ക് സ്കൂൾ ഹമിദിയ പ്രിൻസിപ്പൽ ഷൈനി ഡേവിസൺ കൂട്ടിച്ചേർത്തു.
യുഎഇയിൽ സ്കൂളുകൾ എന്ന് അടയ്ക്കും? പുതിയ അധ്യയന വർഷത്തെ കലണ്ടർ വിവരങ്ങൾ പുറത്തുവിട്ട് അധികൃതർ
ദുബായ് : യുഎഇയിലെ വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും തങ്ങളുടെ അവധിക്കാല യാത്രകളും മറ്റും മുൻകൂട്ടി ആസൂത്രണം ചെയ്യുന്നതിനായി പുതിയ അധ്യയന വർഷത്തെ സ്കൂൾ കലണ്ടർ വിവരങ്ങൾ വിദ്യാഭ്യാസ മന്ത്രാലയം പുറത്തുവിട്ടു. പുതിയ വിവരങ്ങൾ അനുസരിച്ച് ദുബായിലെ പ്രൈവറ്റ് സ്കൂളുകൾക്ക് 2026 ജൂലൈ 6 മുതൽ വേനലവധി (Summer break) ആരംഭിക്കും. ഇത് യുഎഇയിലുടനീളമുള്ള വിദ്യാർത്ഥികൾക്കും കുടുംബങ്ങൾക്കും നീണ്ടൊരു അവധിക്കാലമാണ് സമ്മാനിക്കുക.
നീണ്ട വേനലവധിക്ക് ശേഷം 2026 ആഗസ്റ്റ് 31-നായിരിക്കും പുതിയ അധ്യയന വർഷത്തെ (2026-2027) ക്ലാസുകൾ ഔദ്യോഗികമായി ആരംഭിക്കുക. തുടർന്ന് കൃത്യമായ പ്ലാനിങ്ങോടെ മുന്നോട്ട് പോകുന്ന അധ്യയന വർഷം 2027 ജൂലൈ 2-ഓടെ അവസാനിക്കുന്ന രീതിയിലാണ് പുതിയ സ്കൂൾ കലണ്ടർ ക്രമീകരിച്ചിരിക്കുന്നത്. പരീക്ഷകൾക്കും പഠനത്തിനുമുള്ള കൃത്യമായ സമയം ഉറപ്പാക്കുന്നതിനൊപ്പം വിദ്യാർത്ഥികൾക്ക് ആവശ്യമായ വിശ്രമ വേളകളും കൃത്യമായി ലഭിക്കുന്ന രീതിയിലാണ് 10 മാസം നീണ്ടുനിൽക്കുന്ന ഈ അധ്യയന ചക്രം തയ്യാറാക്കിയിരിക്കുന്നത്. പൊതുവിദ്യാലയങ്ങൾക്കും (Public schools) ദേശീയ പാഠ്യപദ്ധതി പിന്തുടരുന്ന സ്വകാര്യ സ്കൂളുകൾക്കും ഈ പുതിയ അക്കാദമിക് കലണ്ടർ ബാധകമായിരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രാലയം വ്യക്തമാക്കി. കൃത്യമായ തീയതികൾ മുൻകൂട്ടി പ്രഖ്യാപിച്ചത് വഴി രക്ഷിതാക്കൾക്കും അധ്യാപകർക്കും പുതിയ അധ്യയന വർഷത്തെ മികച്ച രീതിയിൽ സ്വാഗതം ചെയ്യാൻ സാധിക്കും.