അബുദാബി: ആഗോള മാധ്യമ രംഗത്തെ ഏറ്റവും സ്വാധീനമുള്ള വൻശക്തിയായി യുഎഇ മാറിയതായി പുതിയ കണക്കുകൾ വ്യക്തമാക്കുന്നു. നിലവിൽ പതിനായിരത്തിലധികം മാധ്യമ സ്ഥാപനങ്ങളും അൻപതിനായിരത്തിലധികം മാധ്യമ പ്രൊഫഷണലുകളും ക്രിയേറ്റീവ് പ്രതിഭകളും യുഎഇയിലെ സജീവമായ മാധ്യമ ആവാസവ്യവസ്ഥയിൽ പ്രവർത്തിക്കുന്നുണ്ട്. ലോകത്തെ പ്രമുഖ ഫോർച്യൂൺ 500 മാധ്യമ കമ്പനികളിൽ 60 ശതമാനവും തങ്ങളുടെ പ്രാദേശിക ആസ്ഥാനമായി യുഎഇയെ തെരഞ്ഞെടുത്തത് രാജ്യത്തിന്റെ ലോകോത്തര ഇൻഫ്രാസ്ട്രക്ചറിനും അനുകൂലമായ നിയമസാഹചര്യങ്ങൾക്കും തെളിവാണ്. യുഎഇ ദേശീയ മാധ്യമ ഓഫീസ് ചെയർമാൻ അബ്ദുള്ള അൽ ഹമീദ് എക്സ് പ്ലാറ്റ്ഫോമിലൂടെയാണ് ഈ സുപ്രധാന വിവരങ്ങൾ പങ്കുവെച്ചത്. കേവലം ഒരു പ്രാദേശിക മാധ്യമ കേന്ദ്രം എന്ന നിലയിൽ നിന്നും ആഗോളതലത്തിൽ തന്നെ നിർണായക ശക്തിയായി യുഎഇ മാധ്യമ മേഖല വളർന്നു കഴിഞ്ഞുവെന്ന് അദ്ദേഹം കുറിച്ചു.
DubaiMedia
ദുബായ് : മാധ്യമരംഗത്തെ മികവിനുള്ള ഏഷ്യാ-പസഫിക് ബ്രോഡ്കാസ്റ്റിംഗ് പ്ലസ് അവാർഡ്സ് 2026-ൽ (Asia-Pacific Broadcasting+ Awards 2026) രണ്ട് പ്രധാന പുരസ്കാരങ്ങൾ സ്വന്തമാക്കി ദുബായ് മീഡിയ. ‘മൾട്ടി-പ്ലാറ്റ്ഫോം കാമ്പെയ്ൻ – യുഎഇ’, ‘ഡിജിറ്റൽ കണ്ടെന്റ് പ്ലാറ്റ്ഫോം – യുഎഇ’ എന്നീ വിഭാഗങ്ങളിലാണ് ദുബായ് മീഡിയക്ക് അന്താരാഷ്ട്ര അംഗീകാരം ലഭിച്ചത്. ഇന്നത്തെ കാലത്തിനനുസരിച്ചുള്ള നൂതന ഡിജിറ്റൽ ഉള്ളടക്കങ്ങളിലൂടെയും സാങ്കേതികവിദ്യയിലൂടെയും പ്രേക്ഷകരിലേക്ക് വിജയകരമായി എത്തിച്ചേർന്നതിനാണ് ഈ പുരസ്കാരം.
പ്രശസ്തമായ ‘ഹു വാണ്ട്സ് ടു ബി എ മില്യണയർ’ (Who Wants to Be a Millionaire) എന്ന പരിപാടിയുടെ ഭാഗമായി ദുബായ് ടിവി നടത്തിയ ഡിജിറ്റൽ കാമ്പെയ്നാണ് ‘മൾട്ടി-പ്ലാറ്റ്ഫോം കാമ്പെയ്ൻ’ അവാർഡിന് അർഹമായത്. വെറും നാല് പേരടങ്ങുന്ന ടീം നയിച്ച ഈ സോഷ്യൽ മീഡിയ കാമ്പെയ്ൻ 1.7 കോടിയിലധികം (17 million) ആളുകളിലേക്ക് എത്തുകയും വലിയ തോതിൽ പ്രേക്ഷക പങ്കാളിത്തം ഉറപ്പാക്കുകയും ചെയ്തു. കൂടാതെ, ഡിജിറ്റൽ പ്രേക്ഷകരെ ലക്ഷ്യമിട്ട് നിർമ്മിച്ച ‘ദഖീഖ അബ്രൽ സമാൻ’ (A Minute Across Time) എന്ന ഒരു മിനിറ്റ് ദൈർഘ്യമുള്ള ചരിത്ര ഡോക്യുമെന്ററി പരമ്പരയാണ് മികച്ച ഡിജിറ്റൽ കണ്ടെന്റ് പ്ലാറ്റ്ഫോം പുരസ്കാരം നേടിയത്. ഈ നേട്ടം ആഗോള മാധ്യമരംഗത്ത് ദുബായുടെ സ്ഥാനം കൂടുതൽ ശക്തമാക്കുമെന്ന് ദുബായ് മീഡിയ.
ദുബായ് : യുഎഇയിലെ യുവ മാധ്യമപ്രവർത്തകർക്കും വിദ്യാർത്ഥികൾക്കുമായി പുതിയ ‘മീഡിയ ആൻഡ് ഡിപ്ലോമസി കപ്പാസിറ്റി ബിൽഡിംഗ് പ്രോഗ്രാം’ പ്രഖ്യാപിച്ച് ദുബായ് മീഡിയ യൂത്ത് കൗൺസിലും അൻവർ ഗർഗാഷ് ഡിപ്ലോമാറ്റിക് അക്കാദമിയും (AGDA). അന്താരാഷ്ട്ര തലത്തിൽ രാജ്യത്തെ പ്രതിനിധീകരിക്കാൻ കെൽപ്പുള്ള യുവ എമിറാത്തി പ്രതിഭകളെ വാർത്തെടുക്കുകയാണ് ഈ സംയുക്ത സംരംഭത്തിന്റെ ലക്ഷ്യം.
2026 ജൂൺ 29 മുതൽ ജൂലൈ 8 വരെ ദുബായ് മീഡിയ ആസ്ഥാനത്തും അബുദാബിയിലെ അൻവർ ഗർഗാഷ് അക്കാദമിയിലുമായിട്ടാണ് കോഴ്സ് നടക്കുക. 18-നും 35-നും ഇടയിൽ പ്രായമുള്ള, മാധ്യമരംഗത്തും നയതന്ത്രരംഗത്തും താൽപ്പര്യമുള്ള യുഎഇ സ്വദേശികളായ സർവ്വകലാശാല വിദ്യാർത്ഥികൾക്കും ബിരുദധാരികൾക്കുമാണ് അവസരം. യുഎഇയുടെ വിദേശനയം, കമ്മ്യൂണിക്കേഷൻ സ്കിൽസ്, പബ്ലിക് സ്പീക്കിംഗ്, സോഫ്റ്റ് പവർ, മീഡിയ ക്രൈസിസ് മാനേജ്മെന്റ് തുടങ്ങിയ വിവിധ വിഷയങ്ങളിൽ പ്രമുഖ അന്താരാഷ്ട്ര വിദഗ്ദ്ധർ നയിക്കുന്ന ശിൽപ്പശാലകളും പ്രായോഗിക പരിശീലനവും ഇതിന്റെ ഭാഗമായി ലഭിക്കും. താല്പര്യമുള്ളവർക്ക് 2026 ജൂൺ 21 വരെ അപേക്ഷിക്കാം. അറബിക്, ഇംഗ്ലീഷ് ഭാഷകളിൽ പ്രാവീണ്യം നിർബന്ധമാണ്. സ്വദേശി യുവാക്കളെ അന്താരാഷ്ട്ര തലത്തിൽ രാജ്യത്തിന്റെ അഭിമാനസ്തംഭങ്ങളാക്കി മാറ്റാൻ ഈ പദ്ധതി സഹായിക്കുമെന്ന് ദുബായ് മീഡിയ എച്ച്.ആർ സെക്ടർ സിഇഓ ശൈഖ അഹമ്മദും, എജിഡിഎ ഡെപ്യൂട്ടി ഡയറക്ടർ ജനറൽ ഡോ. മുഹമ്മദ് ഇബ്രാഹിം അൽ ദാഹേരിയും വ്യക്തമാക്കി..
മീഡിയ സേവനങ്ങൾക്ക് വേഗം കൂടും; ദുബൈ ഏകീകൃത ഡിജിറ്റൽ പ്ലാറ്റ്ഫോം അവതരിപ്പിക്കുന്നു
ദുബൈ : ദുബൈ മീഡിയ കൗൺസിൽ പുതിയ ഏകീകൃത ഡിജിറ്റൽ പ്ലാറ്റ്ഫോം അവതരിപ്പിക്കാൻ ഒരുങ്ങുന്നു. മീഡിയ മേഖലയിലെ സേവനങ്ങൾ, അനുമതികൾ, വിവിധ നടപടിക്രമങ്ങൾ എന്നിവയെല്ലാം ഒരൊറ്റ സംവിധാനത്തിലേക്ക് കൊണ്ടുവരുന്നതാണ് ലക്ഷ്യം.
ദുബൈ മീഡിയ കൗൺസിൽ വൈസ് ചെയർപേഴ്സണും മാനേജിംഗ് ഡയറക്ടറുമായ മോണ ഗാനം അൽ മാരി അറിയിച്ചു, ദുബൈ കിരീടാവകാശി ഷെയ്ഖ് അഹമ്മദ് ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ നിർദേശപ്രകാരമാണ് ഈ പദ്ധതി നടപ്പാക്കുന്നത്. മീഡിയ മേഖലയിൽ പ്രവർത്തിക്കുന്നവർക്ക് കൂടുതൽ എളുപ്പവും വേഗവും കാര്യക്ഷമതയും നൽകുന്ന രീതിയിലാണ് പുതിയ സംവിധാനം രൂപകൽപ്പന ചെയ്തിരിക്കുന്നതെന്ന് അവർ വ്യക്തമാക്കി. പുതിയ പ്ലാറ്റ്ഫോം വർഷാവസാനത്തോടെ പുറത്തിറക്കുമെന്ന് അധികൃതർ അറിയിച്ചു.