ദുബായ് : ദുബായ് ഹാർബറിലെ പുതിയ മൾട്ടി-സ്റ്റോറി ‘ഹാർബർ വെസ്റ്റ്’ കാർ പാർക്കിംഗിൽ ടിക്കറ്റോ ക്യാഷോ ഇല്ലാതെ സാലിക് (Salik) അക്കൗണ്ട് വഴി നേരിട്ട് പാർക്കിംഗ് ഫീസ് അടയ്ക്കാനുള്ള സൗകര്യം നിലവിൽ വന്നു. സാലിക് കമ്പനിയും ശാമാലും (Shamal) പാർക്കോണിക് (Parkonic) ഗ്രൂപ്പുമായി സഹകരിച്ചാണ് ജൂലൈ 13 മുതൽ ഈ ഡിജിറ്റൽ പേയ്മെന്റ് സംവിധാനം ആരംഭിച്ചത്. ഒൻപത് നിലകളിലായി 845 വാഹനങ്ങൾ ഒരേസമയം പാർക്ക് ചെയ്യാവുന്ന ഈ അത്യാധുനിക കേന്ദ്രത്തിൽ സാലിക് ടാഗ് ഓട്ടോമാറ്റിക്കായി റീഡ് ചെയ്ത് പണം ഈടാക്കും. ദുബായ് ഹാർബർ, ദുബായ് മറീന, ജെബിആർ, മീഡിയ സിറ്റി തുടങ്ങിയ ഭാഗങ്ങളിലേക്ക് എത്തുന്ന പ്രവാസികൾക്കും സന്ദർശകർക്കും ട്രാഫിക് കുരുക്കില്ലാതെ വേഗത്തിൽ പാർക്കിംഗ് പൂർത്തിയാക്കാൻ ഇത് സഹായിക്കുമെന്ന് സാലിക് സിഇഓ ഇബ്രാഹിം സുൽത്താൻ അൽ ഹദ്ദാദ് വ്യക്തമാക്കി.
DubaiHarbour
ദുബായ് : പ്രമുഖ നിക്ഷേപക കമ്പനിയായ ഷമാൽ ഹോൾഡിംഗുമായി സഹകരിച്ച് ദുബായ് ഹാർബറിലേക്കുള്ള പ്രധാന പാലം വികസന പദ്ധതിയുടെ 90 ശതമാനം ജോലികളും റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (RTA) പൂർത്തിയാക്കി. ഇരുവശങ്ങളിലേക്കുമായി രണ്ട് ലെയ്നുകളുള്ള 1500 മീറ്റർ നീളമുള്ള ഈ പാലം യാഥാർത്ഥ്യമാകുന്നതോടെ ഷെയ്ഖ് സായിദ് റോഡിൽ നിന്നും ദുബായ് ഹാർബറിലേക്ക് നേരിട്ട് പ്രവേശിക്കാൻ സാധിക്കും.
മിഡിൽ ഈസ്റ്റിലെ ഏറ്റവും വലിയ യാർഡ് മറീനയുള്ള ദുബായ് ഹാർബറിലേക്കുള്ള യാത്രാസമയം ഇതോടെ 12 മിനിറ്റിൽ നിന്നും വെറും 3 മിനിറ്റായി കുറയും.മണിക്കൂറിൽ 6,000 വാഹനങ്ങളെ ഉൾക്കൊള്ളാൻ ശേഷിയുള്ള ഈ പാലം ഷെയ്ഖ് സായിദ് റോഡിലെ ഇന്റർചേഞ്ച് 5-ൽ നിന്ന് ആരംഭിച്ച് അൽ നസീം സ്ട്രീറ്റ്, അൽ ഫലക് സ്ട്രീറ്റ് എന്നിവ കടന്ന് കിംഗ് സൽമാൻ ബിൻ അബ്ദുൽ അസീസ് അൽ സൗദ് സ്ട്രീറ്റ് വഴി ദുബായ് ഹാർബർ റോഡിലേക്കാണ് നീളുന്നത്. 1400-ലധികം എൻജിനീയർമാരും തൊഴിലാളികളും അടങ്ങുന്ന 12 ടീമുകളാണ് പദ്ധതിക്കായി ഒരേസമയം പ്രവർത്തിക്കുന്നത്. പദ്ധതിയുടെ സമയക്രമം അനുസരിച്ച് ഷെയ്ഖ് സായിദ് റോഡിൽ നിന്നും ദുബായ് ഹാർബറിലേക്കുള്ള ഗതാഗതം ഈ ജൂൺ മാസത്തിൽ തുറന്നുകൊടുക്കും. ജൂലൈ മാസത്തോടെ ദുബായ് ഹാർബറിൽ നിന്നും അൽ നസീം സ്ട്രീറ്റിലേക്കുള്ള ഗതാഗതവും പൂർണ്ണമായി തുറക്കുമെന്ന് ആർടിഎ ഡയറക്ടർ ജനറൽ മത്തർ അൽ തായർ വ്യക്തമാക്കി. പദ്ധതി പൂർത്തിയാകുന്നതോടെ മേഖലയിലെ ഗതാഗതക്കുരുക്കിന് വലിയ പരിഹാരമാകും.