ദുബായ് : യുഎഇയിൽ താപനില ക്രമാതീതമായി ഉയരുന്ന സാഹചര്യത്തിൽ വാഹനങ്ങളുടെ ടയറുകൾ, എയർ കണ്ടീഷനിംഗ് സിസ്റ്റം, കൂളന്റ് ലെവൽ എന്നിവ കൃത്യമായി പരിശോധിക്കണമെന്ന് ഡ്രൈവർമാർക്ക് അധികൃതർ കർശന നിർദ്ദേശം നൽകി. വേനൽക്കാലത്തുണ്ടാകുന്ന അപ്രതീക്ഷിത വാഹന തകരാറുകളും റോഡപകടങ്ങളും കുറയ്ക്കുന്നതിനായി യുഎഇ ആഭ്യന്തര മന്ത്രാലയത്തിന്റെ ‘സേഫ് സമ്മർ’ ക്യാമ്പയിന്റെ ഭാഗമായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (RTA) പ്രത്യേക ബോധവത്കരണ പരിപാടി ആരംഭിച്ചിട്ടുണ്ട്. അമിതമായ ചൂടും അന്തരീക്ഷത്തിലെ ഈർപ്പവും വാഹനങ്ങളുടെ എഞ്ചിൻ കൂളിംഗ് സിസ്റ്റം, ടയർ പ്രഷർ എന്നിവയെ ദോഷകരമായി ബാധിക്കുമെന്നും ഇത് പെട്ടെന്നുള്ള തകരാറുകൾക്കും വലിയ അപകടങ്ങൾക്കും കാരണമാകുമെന്നും ആർടിഎ ട്രാഫിക് ഡയറക്ടർ അഹമ്മദ് അൽ ഖ്സൈമി വ്യക്തമാക്കി. ദുബായിലെ പ്രധാന പാതകളിലെ ഡിജിറ്റൽ സ്ക്രീനുകൾ, കസ്റ്റമർ ഹാപ്പിനസ് സെന്ററുകൾ, സ്മാർട്ട് ആപ്പുകൾ, സോഷ്യൽ മീഡിയ എന്നിവ വഴി ഡ്രൈവർമാർക്ക് ആവശ്യമായ ജാഗ്രതാ സന്ദേശങ്ങൾ നൽകുന്നുണ്ട്. ദിവസേന യാത്ര പുറപ്പെടുന്നതിന് മുൻപ് ടയർ പ്രഷർ, എഞ്ചിൻ ഓയിൽ, റേഡിയേറ്റർ കൂളന്റ്, ബ്രേക്കിംഗ് സിസ്റ്റം എന്നിവ പരിശോധിക്കണമെന്നും ടയറുകളിൽ വിള്ളലുകളോ തേയ്മാനങ്ങളോ ഉണ്ടെങ്കിൽ ഉടൻ മാറ്റണമെന്നും ആർടിഎ നിർദ്ദേശിച്ചു.
വാഹനം എപ്പോഴും തണലുള്ള സ്ഥലങ്ങളിൽ പാർക്ക് ചെയ്യാനും വിൻഡ്സ്ക്രീനും ലൈറ്റുകളും വൃത്തിയായി സൂക്ഷിക്കാനും ഡ്രൈവർമാർ ശ്രദ്ധിക്കണം. ഇതിനൊപ്പം, വേനൽക്കാലത്ത് പാർക്ക് ചെയ്തിരിക്കുന്ന വാഹനങ്ങൾക്കുള്ളിലെ താപനില മിനിറ്റുകൾക്കകം ജീവന് തന്നെ ഭീഷണിയാകുന്ന രീതിയിൽ ഉയർന്നേക്കാമെന്നതിനാൽ ചെറിയ സമയത്തേക്ക് പോലും കുട്ടികളെ കാറിനുള്ളിൽ തനിച്ചാക്കി പോകരുതെന്നും എസി ഓൺ ചെയ്തിട്ടതാണെങ്കിൽ പോലും പൂർണ്ണമായും അടച്ചിട്ട കാറിനുള്ളിൽ കുട്ടികൾ സുരക്ഷിതരല്ലെന്നും ആർടിഎ ശക്തമായ മുന്നറിയിപ്പ് നൽകി.