അബുദാബി : ഇറാൻ റെവല്യൂഷണറി ഗാർഡ് കോർപ്സിന്റെ (IRGC) നിർദ്ദേശപ്രകാരം ബഹ്റൈനിൽ അസ്ഥിരതയും സാമൂഹിക വിദ്വേഷവും വളർത്താൻ ശ്രമിച്ച 15 ഭീകരവാദികളെ അറസ്റ്റ് ചെയ്ത ബഹ്റൈൻ സുരക്ഷാ സേനയുടെ നടപടിയെ യുഎഇ ശക്തമായി പിന്തുണച്ചു. യുഎഇ ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഷെയ്ഖ് അബ്ദുള്ള ബിൻ സായിദ് അൽ നഹ്യാൻ ബഹ്റൈന് പൂർണ്ണ ഐക്യദാർഢ്യം പ്രഖ്യാപിച്ചു.
രാജ്യത്ത് അനധികൃത കൂട്ടായ്മകളും രഹസ്യ സെല്ലുകളും രൂപീകരിച്ച് വിദേശ അജണ്ടകൾ നടപ്പിലാക്കാൻ ശ്രമിച്ച അക്രമികളെയാണ് ബഹ്റൈൻ സുരക്ഷാ വിഭാഗം പിടികൂടിയത്. ബഹ്റൈന്റെ പരമാധികാരവും സുരക്ഷയും ജനങ്ങളുടെ സമാധാനജീവിതവും സംരക്ഷിക്കുന്നതിനായി രാജ്യം കൈക്കൊള്ളുന്ന എല്ലാ തീരുമാനങ്ങൾക്കും യുഎഇയുടെ പൂർണ്ണ പിന്തുണയുണ്ടാകുമെന്ന് ഷെയ്ഖ് അബ്ദുള്ള വ്യക്തമാക്കി. ഇറാൻ ബന്ധമുള്ള ഈ ഭീകരവാദ ശൃംഖലയെ കൃത്യസമയത്ത് കണ്ടെത്തി നിയമനടപടികൾ സ്വീകരിച്ച ബഹ്റൈൻ സുരക്ഷാ ഏജൻസികളുടെ ജാഗ്രതയെയും കാര്യക്ഷമതയെയും അദ്ദേഹം പ്രശംസിച്ചു.
വിദേശ ശക്തികളുടെ സഹായത്തോടെയുള്ള എല്ലാത്തരം ഭീകരവാദ പ്രവർത്തനങ്ങളെയും യുഎഇ ശക്തമായി എതിർക്കുന്നുവെന്നും ഇത്തരം ഭീഷണികൾക്കെതിരെ പ്രാദേശിക-അന്തർദേശീയ സഹകരണം ശക്തമാക്കേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ബഹ്റൈന്റെ സുരക്ഷ എന്നത് യുഎഇയുടെയും മറ്റ് ഗൾഫ് രാജ്യങ്ങളുടെയും സുരക്ഷയുടെ അവിഭാജ്യ ഘടകമാണെന്ന് അദ്ദേഹം ആവർത്തിച്ചു വ്യക്തമാക്കി.