അബുദാബി : ബഹ്‌റൈന് നേരെ ഇറാൻ നടത്തിയ മിസൈൽ, ഡ്രോൺ ആക്രമണങ്ങളെ ശക്തമായി അപലപിച്ച് യുഎഇ ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഷെയ്ഖ് അബ്ദുള്ള ബിൻ സായിദ് അൽ നഹ്യാൻ. ബഹ്‌റൈൻ വിദേശകാര്യ മന്ത്രി ഡോ. അബ്ദുല്ലത്തീഫ് ബിൻ റാഷിദ് അൽ സയാനിയുമായി നടത്തിയ ടെലിഫോൺ സംഭാഷണത്തിലാണ് അദ്ദേഹം യുഎഇയുടെ പൂർണ്ണ പിന്തുണ അറിയിച്ചത്.
മേഖലയിലെ നിലവിലെ സുരക്ഷാ സാഹചര്യങ്ങൾ ഇരു നേതാക്കളും ഫോൺ കോളിലൂടെ വിശദമായി വിലയിരുത്തി. ബഹ്‌റൈന്റെ സുരക്ഷയ്ക്കും സ്ഥിരതയ്ക്കും പൗരന്മാരുടെ സംരക്ഷണത്തിനുമായി രാജ്യം കൈക്കൊള്ളുന്ന എല്ലാ നടപടികൾക്കും യുഎഇയുടെ പൂർണ്ണ പിന്തുണയുണ്ടാകുമെന്ന് ഷെയ്ഖ് അബ്ദുള്ള വ്യക്തമാക്കി. ബഹ്‌റൈന് നേരെയുണ്ടായ ഈ ഭീകരാക്രമണത്തിൽ യുഎഇ തങ്ങളുടെ ശക്തമായ ഐക്യദാർഢ്യം പ്രഖ്യാപിക്കുകയാണ്. ബഹ്‌റൈന്റെ സുരക്ഷ എന്നത് യുഎഇയുടെയും മറ്റ് ഗൾഫ് അറബ് രാജ്യങ്ങളുടെയും സുരക്ഷയുടെ അവിഭാജ്യ ഘടകമാണെന്നും അതിന്മേലുള്ള കടന്നുകയറ്റങ്ങൾ അനുവദിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കഴിഞ്ഞ ദിവസങ്ങളിൽ മേഖലയിൽ വർദ്ധിച്ചുവരുന്ന സംഘർഷങ്ങളുടെ പശ്ചാത്തലത്തിലാണ് ഇരു രാജ്യങ്ങളിലെയും വിദേശകാര്യ മന്ത്രിമാർ തമ്മിലുള്ള ഈ അടിയന്തര ചർച്ച നടന്നത്.