ദുബായ് : യുഎഇയിലെ ‘ഇയർ ഓഫ് ദി ഫാമിലി’ (Year of the Family) ആചരണത്തിന് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് ജൂൺ മാസത്തിൽ വൈവിധ്യമാർന്ന സാംസ്കാരിക, വിദ്യാഭ്യാസ, കലാ പരിപാടികൾ ഒരുക്കി ദുബായിലെ മുഹമ്മദ് ബിൻ റാഷിദ് ലൈബ്രറി. സമൂഹത്തിലെ വിവിധ മേഖലകളിലുള്ളവരെ ഒന്നിപ്പിക്കാനും കുടുംബബന്ധങ്ങൾ കൂടുതൽ ദൃഢമാക്കാനും ലക്ഷ്യമിട്ടാണ് ഈ പരിപാടികൾ സംഘടിപ്പിച്ചിരിക്കുന്നത്.
ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, വ്യക്തിത്വ വികസനം, കുടുംബ വിദ്യാഭ്യാസം തുടങ്ങിയ വിഷയങ്ങളിൽ പ്രത്യേക ശിൽപ്പശാലകളും സംവാദങ്ങളും ജൂണിലെ പരിപാടികളുടെ ഭാഗമായി നടക്കും. ബിസിനസ്സ് ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ ‘ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ലളിതമായി’ (Artificial Intelligence Made Simple) എന്ന വിഷയത്തിൽ എഐ സാങ്കേതികവിദ്യകളെ പരിചയപ്പെടുത്തുന്ന സെഷൻ ഉണ്ടായിരിക്കും. കുട്ടികളിൽ ആത്മവിശ്വാസവും മാനസിക പ്രതിരോധശേഷിയും വളർത്തുന്നതിനുള്ള പ്രത്യേക ക്ലാസ്സുകളും ഇതിലുൾപ്പെടുന്നു. കലാരംഗത്ത്, ദുബായ് നാഷണൽ തിയേറ്ററുമായി സഹകരിച്ച് തുടക്കക്കാർക്കായുള്ള തിയേറ്റർ ആക്ടിങ് വർക്ക്ഷോപ്പും ലോക സംഗീത ദിനാചരണത്തിന്റെ ഭാഗമായി സംഗീത പരിപാടികളും അരങ്ങേറും. ‘എമിറേറ്റികൾ ബുക്കർ പ്രൈസിൽ’ എന്ന സാഹിത്യ സന്ധ്യയും, ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തുമിന്റെ നിർദ്ദേശപ്രകാരം പരിസ്ഥിതി ബോധവൽക്കരണം ലക്ഷ്യമിട്ടുള്ള പ്രത്യേക കാമ്പയിനും ഈ മാസത്തെ കലണ്ടറിലുണ്ട്.