Featured Partner • Sponsored Advertisement
Reboot Computers
Loading info...
Oct 2, 2026 | 03:42 PM

നാഷണൽ ടാക്സി ഏറ്റെടുക്കലിന് പിന്നാലെ അബുദാബി ടാക്സി നിരക്കുകൾ പരിഷ്കരിക്കാൻ ദുബായ് ടാക്സി കമ്പനി ചർച്ചകൾ ആരംഭിച്ചു

by Raneesha Razak

ദുബായ് : അബുദാബിയിലെ നാഷണൽ ടാക്സിയെ സ്വന്തമാക്കിയതിന് പിന്നാലെ തലസ്ഥാനത്തെ ടാക്സി നിരക്കുകൾ പരിഷ്കരിക്കുന്നത് സംബന്ധിച്ച് ദുബായ് ടാക്സി കമ്പനി (DTC) അബുദാബി സർക്കാരുമായി ചർച്ചകൾ ആരംഭിച്ചു. നിരക്ക് വർദ്ധനവിൽ അന്തിമ തീരുമാനം എടുക്കേണ്ടത് അബുദാബി ഭരണകൂടമാണെങ്കിലും, നിലവിൽ ദുബായിയേക്കാൾ കുറഞ്ഞ നിരക്കാണ് അബുദാബിയിൽ ഈടാക്കുന്നതെന്നും ഇത് പുനഃപരിശോധിക്കേണ്ടതുണ്ടെന്നും ഡിടിസി ഗ്രൂപ്പ് സിഇഒ മൻസൂർ റഹ്മ അൽ ഫലാസി സ്ഥിരീകരിച്ചു. 1.45 ബില്യൺ ദിർഹത്തിന്റെ ഏറ്റെടുക്കലിലൂടെ അബുദാബി ടാക്സി മാർക്കറ്റിന്റെ 12 ശതമാനവും, ദുബായിൽ 59 ശതമാനം വിപണി വിഹിതവും കമ്പനി സ്വന്തമാക്കിയിരുന്നു.

ഇതിനുപുറമെ ഡ്രൈവറില്ലാ സ്വയം നിയന്ത്രിത ടാക്സികളുടെ (Autonomous Taxis) വ്യാപ്തി വർദ്ധിപ്പിക്കാനുള്ള പദ്ധതികളും കമ്പനി പ്രഖ്യാപിച്ചു. നിലവിൽ അപ്പോളോയുമായി (Apollo) സഹകരിച്ച് 50 ഓട്ടോണമസ് ടാക്സികളിൽ പരീക്ഷണം നടത്തിവരുന്ന കമ്പനി, വരും വർഷങ്ങളിൽ ഇത് 1,000 വാഹനങ്ങളായി ഉയർത്താനാണ് ലക്ഷ്യമിടുന്നത്. 2027 ആരംഭത്തോടെ ഇവ പൂർണ്ണതോതിൽ നിരത്തിലിറക്കാനാകുമെന്നാണ് പ്രതീക്ഷ. അതേസമയം, വിമാനത്താവളങ്ങളിലെയും ടൂറിസം മേഖലയിലെയും യാത്രക്കാരുടെ കുറവ് കാരണം രണ്ടാം പാദത്തിൽ കമ്പനിയുടെ അറ്റാദായത്തിൽ ഇടിവ് സംഭവിച്ചെങ്കിലും ഡെലിവറി ബൈക്ക്, ബസ് സേവന വിഭാഗങ്ങളിൽ മികച്ച വളർച്ച കൈവരിക്കാൻ ഡിടിസിക്കായിട്ടുണ്ട്.

You may also like