Featured Partner • Sponsored Advertisement
Reboot Computers
Loading info...
Nov 26, 2026 | 01:44 PM

മരുന്ന് പാർശ്വഫലം: ഒമ്പത് മാസത്തിനിടെ യുഎഇയിൽ ലഭിച്ചത് 5,122 പരാതികൾ

by Raneesha Razak
ദുബായ് : മരുന്നുകൾ കഴിച്ചതിനെത്തുടർന്ന് പാർശ്വഫലങ്ങൾ സംശയിക്കുന്ന 5,122 പരാതികൾ ഈ വർഷത്തെ (2026) ആദ്യ ഒമ്പത് മാസത്തിനിടെ ലഭിച്ചതായി എമിറേറ്റ്സ് ഡ്രഗ് എസ്റ്റാബ്ലിഷ്‌മെന്റ് (EDE) വ്യക്തമാക്കി. കഴിഞ്ഞ വർഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് (4,390 പരാതികൾ) 16.7 ശതമാനം വർദ്ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 2025-ൽ ആകെ 5,840 പരാതികളാണ് രജിസ്റ്റർ ചെയ്തിരുന്നത്. ഇതിൽ 20 ശതമാനത്തോളം കേസുകൾ ഗുരുതര വിഭാഗത്തിൽപ്പെട്ടവയായിരുന്നു.
പരാതികളുടെ എണ്ണം കൂടിയത് മരുന്നുകൾ കൂടുതൽ അപകടകരമായതുകൊണ്ടല്ലെന്നും, കൂടുതൽ പരാതി നൽകാനുള്ള സംവിധാനങ്ങൾ ലഭ്യമായതും പൊതുജനങ്ങളുടെയും ആരോഗ്യപ്രവർത്തകരുടെയും ബോധവൽക്കരണം വർദ്ധിച്ചതു കൊണ്ടാണെന്നും അധികൃതർ വ്യക്തമാക്കുന്നു.
മരുന്നുകൾ കഴിച്ചശേഷം താഴെ പറയുന്ന 6 പ്രധാന ലക്ഷണങ്ങൾ കണ്ടാൽ ഉടനടി വൈദ്യസഹായം തേടണമെന്ന് ഇഡിഇ നിർദ്ദേശിക്കുന്നു:
  1. ശ്വാസമെടുക്കാൻ ബുദ്ധിമുട്ട്
  2. നാക്കിലോ തൊണ്ടയിലോ ഉണ്ടാകുന്ന വീക്കം
  3. തലകറങ്ങി വീഴുക / ബോധക്ഷയം
  4. ചർമ്മത്തിൽ കുമിളകളോ തൊലി അടർന്നുപോകുന്നതോ ആയ രൂക്ഷമായ തടിപ്പുകൾ
  5. കഠിനമായതോ അസാധാരണമായതോ ആയ രക്തസ്രാവം
  6. മറ്റ് ആരോഗ്യപ്രശ്നങ്ങൾക്കൊപ്പം വിട്ടുമാറാത്ത കഠിനമായ വേദന
അടുത്തിടെ ജനപ്രിയമായ GLP-1 അമിതവണ്ണ ചികിത്സാ മരുന്നുകൾ കഴിക്കുന്നവരിൽ ഓക്കാനം, ഛർദ്ദി, അതിസാരം, മലബന്ധം, വയറുവേദന എന്നീ 5 പാർശ്വഫലങ്ങൾ കൂടുതലായി കാണാറുണ്ടെന്നും അധികൃതർ ചൂണ്ടിക്കാട്ടി.
പാർശ്വഫലങ്ങൾ നേരിടുന്നവർക്ക് 80033784 എന്ന ടോൾ ഫ്രീ നമ്പറിലോ, pv@ede.gov.ae എന്ന ഇമെയിൽ വഴിയോ ഇഡിഇയുടെ ഔദ്യോഗിക പോർട്ടൽ വഴിയോ നേരിട്ട് റിപ്പോർട്ട് ചെയ്യാവുന്നതാണ്.

You may also like