15
ദുബായ് : ദുബായുടെ ഏറ്റവും വലിയ ശീതകാല ആഘോഷമായ ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവലിന്റെ (DSF) 32-ാം എഡിഷൻ ഡിസംബർ 4 മുതൽ 2027 ജനുവരി 17 വരെ നടക്കും. കൂടുതൽ വിപുലമായ പരിപാടികളോടെയും ഷോപ്പിംഗ് ഓഫറുകളോടെയുമാണ് ഇത്തവണ ഡിഎസ്എഫ് തിരിച്ചെത്തുന്നത്.
മൂന്ന് പതിറ്റാണ്ടിലേറെയായി തുടരുന്ന ജനപ്രിയ ആഘോഷത്തിന്റെ ഉദ്ഘാടന വാരാന്ത്യത്തിൽ പ്രമുഖ അന്താരാഷ്ട്ര കലാകാരന്മാരുടെ തത്സമയ സംഗീത പരിപാടികളും സാംസ്കാരിക ആഘോഷങ്ങളും അരങ്ങേറും. ജെബിആർ (JBR) തീരപ്രദേശം മുതൽ ഹത്തയിലെ പർവതനിരകൾ വരെ നഗരത്തിലുടനീളം എല്ലാ പ്രായക്കാർക്കുമായി വിനോദ പരിപാടികൾ സംഘടിപ്പിച്ചിട്ടുണ്ട്.
ഡിഎസ്എഫ് 2026-ന്റെ ഉദ്ഘാടന ദിനമായ ഡിസംബർ 4-ന് പ്രശസ്ത ഗായകൻ റാഷിദ് അൽ മജീദ് കൊക്കകോള അരീനയിൽ സംഗീതപരിപാടി അവതരിപ്പിക്കും. ഡിസംബർ 5-ന് ലോകപ്രശസ്ത ഡിജെ സ്റ്റീവ് ഓക്കിയും (Steve Aoki) കൊക്കകോള അരീനയിൽ വേദിയിലെത്തും.