Featured Partner • Sponsored Advertisement
Reboot Computers
Loading info...
Oct 13, 2026 | 03:41 PM

ഹജ്ജ് തീർത്ഥാടന പാതയിലെ ചരിത്രപ്രധാനമായ അൽ ജുഹ്ഫയിൽ നിന്ന് 1,700-ലധികം പുരാവസ്തുക്കൾ കണ്ടെത്തി

by Raneesha Razak

റിയാദ് : പുരാതന ഹജ്ജ് തീർത്ഥാടന പാതയിലെ ഏറ്റവും പ്രധാനപ്പെട്ട താവളങ്ങളിലൊന്നായ ‘മീഖാത് അൽ ജുഹ്ഫ’ (Miqat Al Juhfah) പുരാവസ്തു ഗവേഷണ കേന്ദ്രത്തിൽ നിന്ന് 1,700-ലധികം അപൂർവ്വ പുരാവസ്തുക്കൾ കണ്ടെടുത്തു. സൗദി അറേബ്യൻ ഹെറിറ്റേജ് കമ്മീഷനും യുകെയിലെ യൂണിവേഴ്‌സിറ്റി ഓഫ് എക്‌സറ്ററും സംയുക്തമായി നടത്തിയ ആദ്യ സീസൺ സർവേയിലാണ് മക്കയിലേക്കുള്ള ചരിത്രപ്രധാനമായ ഈ ഈജിപ്ഷ്യൻ ഹജ്ജ് പാതയിലെ നിർണ്ണായക കണ്ടെത്തലുകൾ നടത്തിയത്.

മൺപാത്രങ്ങൾ, ചില്ല്-കല്ല് കഷണങ്ങൾ, ചിപ്പികൾ, മുത്തുകൾ, ലോഹ വസ്തുക്കൾ എന്നിവയാണ് കണ്ടെടുത്തവയിൽ ഭൂരിഭാഗവും. തീർത്ഥാടകർക്കും യാത്രക്കാർക്കുമായി നിർമ്മിച്ചതെന്ന് കരുതുന്ന ആറ് മൺപാത്ര ചൂളകളും ഒരു ജലപാതയും ഗവേഷകർ ഇവിടെ കണ്ടെത്തിയിട്ടുണ്ട്. ഇതിന് പുറമെ ഉമയ്യദ്, അബ്ബാസിഡ് കാലഘട്ടങ്ങളിലെ 13 കല്ലറകളും ഇവിടെ കണ്ടെത്തി. ലെവന്റ് (സിറിയ, ജോർദാൻ മേഖലകൾ), ഈജിപ്ത്, അബിസീനിയ (ഇന്നത്തെ എത്യോപ്യ) തുടങ്ങിയ വിദൂര പ്രദേശങ്ങളിൽ നിന്നുള്ള പുരാവസ്തുക്കളും ഇവിടെ നിന്ന് ലഭിച്ചിട്ടുണ്ട്. ഇസ്‌ലാമിക ലോകത്തിന്റെ വിവിധ കോണുകളിൽ നിന്നുള്ള തീർത്ഥാടകർ ഈ മീഖാത് പാത വഴിയാണ് കടന്നുപോയിരുന്നതെന്ന് അടിവരയിടുന്നതാണ് ഈ കണ്ടെത്തൽ.

മക്കയിൽ നിന്ന് 187 കിലോമീറ്റർ വടക്കുപടിഞ്ഞാറായി സ്ഥിതി ചെയ്യുന്ന അൽ ജുഹ്ഫ പ്രവാചകൻ മുഹമ്മദ് നബിയുടെ ഹിജ്റ പ്രയാണവുമായി ബന്ധപ്പെട്ട ചരിത്രപ്രധാനമായ ഇടമാണ്. ഹിജ്റ രണ്ടാം നൂറ്റാണ്ടിൽ വലിയ ജലസൗകര്യങ്ങളും കടകളും സഹിതം തീർത്ഥാടകർക്കായി ഈ പ്രദേശം സജീവമായി നിലനിന്നിരുന്നു. മക്കയ്ക്കും മദീനയ്ക്കും ഇടയിലുള്ള ഹിജ്റ പാതയിലെ ചരിത്ര സ്മാരകങ്ങൾ കണ്ടെത്താനും സംരക്ഷിക്കാനുമുള്ള വിപുലമായ പദ്ധതികളുടെ ഭാഗമായാണ് ഈ ഖനനം നടക്കുന്നത്.

You may also like