Featured Partner • Sponsored Advertisement
Reboot Computers
Loading info...
Oct 15, 2026 | 11:34 AM

ലോക ചെസ് ചാമ്പ്യൻഷിപ്പിൽ മാറ്റുരച്ച് ദുബായ് ജയിൽ അന്തേവാസികൾ

by Raneesha Razak
ദുബായ്: അന്താരാഷ്ട്ര ചെസ് ഫെഡറേഷന്റെ (FIDE) നേതൃത്വത്തിൽ ഓൺലൈനായി നടന്ന ആറാമത് അന്തർദ്ദേശീയ തടവുകാരുടെ ചെസ് ചാമ്പ്യൻഷിപ്പിൽ ദുബായ് പൊലീസിന്റെ പ്യൂണിറ്റീവ് ആന്റ് കറക്ഷണൽ എസ്റ്റാബ്ലിഷ്‌മെന്റ് വിഭാഗത്തിലെ അന്തേവാസികളും പങ്കെടുത്തു. 54 രാജ്യങ്ങളിൽ നിന്നായി 134 ടീമുകളാണ് മത്സരത്തിൽ മാറ്റുരച്ചത്. അമേരിക്കയിലെ കുക്ക് കൗണ്ടിയുടെ ആഭിമുഖ്യത്തിലാണ് ഇത്തവണത്തെ ചാമ്പ്യൻഷിപ്പ് സംഘടിപ്പിച്ചത്. ദുബായ് ചെസ് ആന്റ് കൾച്ചറൽ ക്ലബ്ബിന്റെ സഹകരണത്തോടെയായിരുന്നു ഈ അന്താരാഷ്ട്ര മത്സരം.
അന്തേവാസികളുടെ പുനരധിവാസത്തിന് ദുബായ് പൊലീസ് നൽകുന്ന പ്രാധാന്യമാണ് ഈ പങ്കാളിത്തം വ്യക്തമാക്കുന്നതെന്ന് ജനറൽ ഡിപ്പാർട്ട്മെന്റ് ഓഫ് പ്യൂണിറ്റീവ് ആന്റ് കറക്ഷണൽ എസ്റ്റാബ്ലിഷ്‌മെന്റ് ഡയറക്ടർ ബ്രിഗേഡിയർ സുൽത്താൻ അബ്ദുല്ല അൽ ഒവൈസ് പറഞ്ഞു. ചെസ് കളിക്കുന്നത് തടവുകാരിൽ തന്ത്രപരമായ ചിന്തയും മാനസിക ശിക്ഷണവും വളർത്താൻ സഹായിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. സമൂഹത്തിലേക്ക് തിരിച്ചെത്തുമ്പോൾ മികച്ച രീതിയിൽ ജീവിക്കാൻ ഇത്തരം വിദ്യാഭ്യാസ, കായിക വിനോദങ്ങൾ അന്തേവാസികളെ സഹായിക്കുമെന്ന് ഇൻമേറ്റ് എജ്യുക്കേഷൻ ആന്റ് ട്രെയിനിങ് ഡയറക്ടർ ലെഫ്റ്റനന്റ് കർണൽ മുഹമ്മദ് അബ്ദുല്ല അൽ ഒബൈദ്‌ലി കൂട്ടിച്ചേർത്തു.
തടവുകാർക്കായി ദുബായ് പൊലീസ് നൽകുന്ന മികച്ച പരിശീലനത്തെ ദുബായ് ചെസ് ആന്റ് കൾച്ചറൽ ക്ലബ് സെക്രട്ടറി ജനറൽ സയീദ് യൂസഫ് ഷുക്രി പ്രശംസിച്ചു. മുൻപ് 2024-ൽ നടന്ന ഈ ചാമ്പ്യൻഷിപ്പിന്റെ നാലാം പതിപ്പിൽ ദുബായ് പൊലീസ് ടീം ഒന്നാം സ്ഥാനം കരസ്ഥമാക്കിയിരുന്നു എന്നത് ശ്രദ്ധേയമാണ്.

You may also like