17
ദുബായ്: നഗരത്തിലെ ഏറ്റവും വലിയ കായിക-ഫിറ്റ്നസ് മാമാങ്കമായ ‘ദുബായ് റണ്ണിന്റെ’ (Dubai Run) ഭാഗമായി ശൈഖ് സായിദ് റോഡിൽ അണിനിരക്കുന്നവർക്ക് ആവേശകരമായ സമ്മാന പദ്ധതിയുമായി സംഘാടകർ. നവംബർ 22 ഞായറാഴ്ച നടക്കുന്ന ദുബായ് റണ്ണിൽ ഏറ്റവും സർഗ്ഗാത്മകവും വേറിട്ടതുമായ വസ്ത്രങ്ങൾ ധരിച്ചെത്തുന്നവർക്കായി ‘ഡ്രസ് യുവർ റൺ’ (Dress Your Run) എന്ന പേരിൽ പുതിയ മത്സരം സംഘടിപ്പിക്കുന്നു. ആകെ 1,00,000 ദിർഹമാണ് സമ്മാനത്തുകയായി പ്രഖ്യാപിച്ചിരിക്കുന്നത്.
ദുബായ് ഫിറ്റ്നസ് ചലഞ്ചിന്റെ (DFC) പത്താം വാർഷികാഘോഷങ്ങളുടെ ഭാഗമായാണ് ഈ പ്രത്യേക മത്സരം ഒരുക്കിയിരിക്കുന്നത്. ’30×30′ ഫിറ്റ്നസ് മുന്നേറ്റത്തിൽ താമസക്കാരെയും സന്ദർശകരെയും കൂടുതൽ ആവേശത്തോടെ പങ്കാളികളാക്കുന്നതിനൊപ്പം, പരിപാടിക്ക് കൂടുതൽ വർണ്ണപ്പൊലിമ നൽകുക എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
ഓടുന്നവർക്കും ജോഗിംഗ് ചെയ്യുന്നവർക്കും നടക്കുന്നവർക്കും ഒരുപോലെ ഈ മത്സരത്തിൽ പങ്കെടുക്കാം. ഭാവനാത്മകമായ വേഷവിധാനങ്ങൾ, വർണ്ണാഭമായ വസ്ത്രങ്ങൾ, ആകർഷകമായ ആക്സസറികൾ എന്നിവ ധരിച്ച് ആൾക്കൂട്ടത്തിൽ നിന്ന് വേറിട്ടുനിൽക്കാൻ സംഘാടകർ പങ്കാളികളെ പ്രോത്സാഹിപ്പിക്കുന്നു. ഫിറ്റ്നസ് ചലഞ്ചിന്റെ പത്താം പതിപ്പിനെ അടയാളപ്പെടുത്തിക്കൊണ്ട് തിരഞ്ഞെടുക്കപ്പെടുന്ന 10 വിജയികൾക്ക് 10,000 ദിർഹം വീതം സമ്മാനമായി ലഭിക്കും.
‘ഡ്രസ് യുവർ റൺ’ മത്സരത്തിൽ പങ്കെടുക്കുന്നതിനായി ആദ്യം www.DubaiRun.com എന്ന വെബ്സൈറ്റ് വഴി ദുബായ് റണ്ണിനായി സൗജന്യമായി രജിസ്റ്റർ ചെയ്യണം. തുടർന്ന് ഏറ്റവും സർഗ്ഗാത്മകമായ വസ്ത്രം തിരഞ്ഞെടുത്ത് അണിഞ്ഞ ശേഷം, നവംബർ 22-ന് ദുബായ് റൺ നടക്കുമ്പോൾ ഔദ്യോഗിക ഇവന്റ് ബിബ് (Bib) വ്യക്തമായി കാണുന്ന തരത്തിൽ ഒരു ഫോട്ടോ എടുക്കണം. ഈ ചിത്രം നവംബർ 22-ന് രാവിലെ 5 മണിക്കും വൈകുന്നേരം 5 മണിക്കും ഇടയിൽ ഇൻസ്റ്റാഗ്രാമിൽ @dubaifitnesschallenge എന്ന അക്കൗണ്ട് ഫോളോ ചെയ്ത ശേഷം ഡയറക്ട് മെസ്സേജ് (DM) വഴി അയച്ചുകൊടുത്താണ് എൻട്രികൾ സമർപ്പിക്കേണ്ടത്.
18 വയസ്സും അതിനുമുകളിലും പ്രായമുള്ള ആർക്കും ഈ മത്സരത്തിൽ പങ്കെടുക്കാം. പ്രായപൂർത്തിയാകാത്ത കുട്ടികൾക്ക് മാതാപിതാക്കളിലൂടെയോ രക്ഷിതാക്കളിലൂടെയോ മത്സരത്തിൽ പങ്കുചേരാവുന്നതാണ്. മത്സരത്തിലെ വിജയികളെ 2026 നവംബർ 29-ന് പ്രഖ്യാപിക്കും.
പങ്കെടുക്കുന്നവർ നിർബന്ധമായും ഔദ്യോഗിക ബിബ് ധരിക്കണമെന്നും സുരക്ഷയ്ക്ക് പ്രഥമ പരിഗണന നൽകണമെന്നും അധികൃതർ ഓർമ്മിപ്പിക്കുന്നു. മറ്റുള്ളവർക്ക് തടസ്സമുണ്ടാക്കാത്തതും സുഖകരമായി ചലിക്കാൻ കഴിയുന്നതുമായ വസ്ത്രങ്ങളാണ് തിരഞ്ഞെടുക്കേണ്ടത്. ദുബായ് ഡിപ്പാർട്ട്മെന്റ് ഓഫ് ഇക്കണോമി ആൻഡ് ടൂറിസം (DET), ദുബായ് സ്പോർട്സ് കൗൺസിൽ എന്നിവർ വിവിധ സർക്കാർ-മാധ്യമ പങ്കാളികളുമായി സഹകരിച്ചാണ് ദുബായ് റൺ സംഘടിപ്പിക്കുന്നത്. www.DubaiRun.com വഴി രജിസ്ട്രേഷൻ സൗജന്യമായി നടത്താം.