അബുദാബി : യുഎഇയിലെ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർവകലാശാലകൾക്കും ഏകീകൃത ദേശീയ നിയന്ത്രണ ചട്ടക്കൂടും പുതിയ നിർദ്ദേശങ്ങളും പ്രഖ്യാപിച്ച് ഉന്നതവിദ്യാഭ്യാസ ശാസ്ത്ര ഗവേഷണ മന്ത്രാലയം. സർവകലാശാലകളുടെ സ്ഥാപനം, ലൈസൻസിംഗ്, പ്രോഗ്രാം അംഗീകാരങ്ങൾ, ഫീസ് വിവരങ്ങൾ, വിദ്യാർത്ഥികളുടെ സുരക്ഷ, നിയമലംഘനങ്ങൾക്കുള്ള പിഴകൾ എന്നിവ വ്യക്തമാക്കുന്ന നാല് പുതിയ കാബിനറ്റ് തീരുമാനങ്ങളാണ് പ്രഖ്യാപിച്ചത്. അബുദാബിയിൽ നടന്ന ‘ഫ്യൂച്ചർ ഓഫ് ഹയർ എഡ്യൂക്കേഷൻ ഡയലോഗ്സ്’ ഫോറത്തിലാണ് പുതിയ ചട്ടങ്ങൾ വിശദീകരിച്ചത്.
പുതിയ ചട്ടപ്രകാരം (കാബിനറ്റ് തീരുമാനം 104/2026) ഫ്രീ സോണുകളിലെ സ്ഥാപനങ്ങൾ ഉൾപ്പെടെ യുഎഇയിലുടനീളമുള്ള എല്ലാ സർവകലാശാലകൾക്കും ഏകീകൃത ലൈസൻസിംഗ് മാനദണ്ഡം ബാധകമായിരിക്കും. അക്രഡിറ്റേഷൻ ലഭിക്കാത്ത കോഴ്സുകൾക്ക് വിദ്യാർത്ഥികളെ പ്രവേശിപ്പിക്കുന്നതും വ്യാജ പരസ്യങ്ങൾ നൽകുന്നതും ഗുരുതര നിയമലംഘനമായി കണക്കാക്കും. കാബിനറ്റ് തീരുമാനം 143/2026 പ്രകാരം ഇത്തരം ലംഘനങ്ങൾക്ക് 20,000 ദിർഹം മുതൽ പിഴയും, പ്രവേശനം തടയലും, ലൈസൻസ് റദ്ദാക്കലും വരെ ശിക്ഷ ലഭിക്കും. വിദ്യാർത്ഥികളുടെ സുരക്ഷയും വിദ്യാഭ്യാസ ഗുണനിലവാരവും ഉറപ്പുവരുത്തുകയാണ് പുതിയ നിയമങ്ങളിലൂടെ മന്ത്രാലയം ലക്ഷ്യമിടുന്നത്.
26
previous post