Travel
ദുബായ് : ദുബായ്-ഷാർജ പാതയായ അൽ ഇതിഹാദ് റോഡിൽ യാത്രക്കാർ നേരിടുന്ന കനത്ത ഗതാഗതക്കുരുക്കിന് ആശ്വാസവുമായി റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (RTA). അൽ ഖിയാദ ഇന്റർസെക്ഷനിൽ വരുത്തിയ പുതിയ റോഡ് വികസനങ്ങളുടെ ഭാഗമായി അൽ ഇതിഹാദ് റോഡിൽ നിന്നും അബു ഹൈൽ, സലാഹ് അൽ ദിൻ തെരുവുകളിലേക്ക് തിരിയുന്ന ഭാഗത്ത് പുതിയ ലെയ്ൻ നിർമ്മിച്ചു. തിരക്കേറിയ സമയങ്ങളിൽ ഈ ജംഗ്ഷനിലെ കാത്തിരിപ്പ് സമയം 15 ശതമാനം വരെ കുറയ്ക്കാൻ ഈ മാറ്റം സഹായിക്കുമെന്ന് ആർടിഎ വ്യക്തമാക്കി. അൽ ഇതിഹാദ് റോഡിൽ നിന്ന് അബു ഹൈൽ സ്ട്രീറ്റിലേക്ക് തിരിഞ്ഞ് സലാഹ് അൽ ദിൻ സ്ട്രീറ്റിലേക്ക് പ്രവേശിക്കാൻ ഇടത്തോട്ടുള്ള പുതിയ ലെയ്നാണ് സജ്ജീകരിച്ചത്. സിഗ്നൽ സംവിധാനങ്ങളിലും മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്.
ദുബായ്: ദുബായിലെ ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് (SMBZ) റോഡിൽ ഗ്ലോബൽ വില്ലേജിന് എതിർവശത്തുണ്ടായ വാഹനാപകടത്തെ തുടർന്ന് വൻ ഗതാഗതക്കുരുക്ക് രൂപപ്പെട്ടു. അബുദാബി ഭാഗത്തേക്ക് പോകുന്ന പാതയിലാണ് ഗതാഗതം തടസ്സപ്പെട്ടിരിക്കുന്നത്. അപകടത്തെക്കുറിച്ച് ദുബായ് പൊലീസ് തങ്ങളുടെ ഔദ്യോഗിക ‘എക്സ്’ (X) അക്കൗണ്ടിലൂടെയാണ് യാത്രക്കാർക്ക് മുന്നറിയിപ്പ് നൽകിയത്.
സംഭവിച്ചതിനെ തുടർന്ന് ഈ വഴി കടന്നുപോകുന്ന ഡ്രൈവർമാർ അതീവ ജാഗ്രത പാലിക്കണമെന്നും, സാധ്യമാകുന്ന ഇടങ്ങളിൽ ബദൽ പാതകൾ ഉപയോഗിക്കണമെന്നും അധികൃതർ നിർദ്ദേശിച്ചു. റോഡിലെ തടസ്സങ്ങൾ നീക്കി ഗതാഗതം പൂർവ്വസ്ഥിതിയിലാക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്.
ദുബായ് : വേനലവധിക്കാലത്തെ തിരക്ക് അവസാനിച്ചതോടെ യുഎഇയിൽ നിന്നും വിവിധ അറബ് രാജ്യങ്ങളിലേക്കുള്ള വിമാന നിരക്കുകളിൽ 46 മുതൽ 62 ശതമാനം വരെ വലിയ കുറവ് രേഖപ്പെടുത്തി. കൈറോ, അമ്മാൻ, ഡമാസ്കസ്, ബെയ്റൂട്ട് തുടങ്ങിയ പ്രമുഖ നഗരങ്ങളിലേക്കുള്ള ഇരുവശത്തേക്കുമുള്ള (Round-trip) നിരക്കുകൾ ഈ വർഷത്തെ ഏറ്റവും കുറഞ്ഞ നിരക്കായ ആയിരം ദിർഹത്തിന് അടുത്തേക്ക് താഴ്ന്നു. ജൂലൈ മാസത്തിൽ ശരാശരി 2,400 മുതൽ 2,600 ദിർഹം വരെയായിരുന്ന ഈ രാജ്യങ്ങളിലേക്കുള്ള ടിക്കറ്റ് നിരക്കുകളാണ് സെപ്റ്റംബറോടെ 1,000 മുതൽ 1,400 ദിർഹം വരെയുള്ള താഴ്ന്ന നിരക്കുകളിലേക്ക് എത്തിയിരിക്കുന്നത്. സെപ്റ്റംബർ മാസത്തിൽ സാധാരണയായി യാത്രാവശ്യക്കാർ കുറയുമെങ്കിലും വിമാനക്കമ്പനികൾ സർവീസുകളുടെ എണ്ണവും സീറ്റുകളുടെ ശേഷിയും കുറയ്ക്കാത്തതാണ് നിരക്കുകൾ കുത്തനെ ഇടിയാൻ പ്രധാന കാരണമായത്.
ഓഗസ്റ്റോടെ സ്കൂൾ അവധിക്കാലം അവസാനിച്ചതും കുടുംബങ്ങൾ തിരിച്ചെത്തിയതും ആവശ്യക്കാരുടെ എണ്ണത്തിൽ ഇടിവുണ്ടാക്കിയതോടെ കൂടുതൽ യാത്രക്കാരെ ആകർഷിക്കാൻ ആകർഷകമായ ഓഫറുകളുമായി വിമാനക്കമ്പനികൾ രംഗത്തെത്തുകയായിരുന്നു. യാത്രകളിൽ സമയക്രമത്തിൽ ഇളവുകൾ വരുത്താൻ സാധിക്കുന്നവർക്ക് പ്രത്യേകിച്ച് വാരാന്ത്യങ്ങളല്ലാത്ത ദിവസങ്ങളിൽ ടിക്കറ്റ് ബുക്ക് ചെയ്യുന്നവർക്ക് ഈ അവസരം വലിയ ലാഭം നൽകുമെന്ന് യാത്രാ വിദഗ്ദ്ധർ വ്യക്തമാക്കുന്നു. നവംബറിൽ വീണ്ടും യാത്രാ തിരക്ക് വർദ്ധിക്കുന്നതുവരെ അതായത് ഒക്ടോബർ അവസാനത്തോടെ വരെ ഈ കുറഞ്ഞ നിരക്കുകൾ തുടരാൻ സാധ്യതയുണ്ടെന്നും ട്രാവൽ ഏജൻസി പ്രതിനിധികൾ അഭിപ്രായപ്പെടുന്നു.
അബുദാബി : രാജ്യത്ത് ഡ്രൈവർലെസ്സ് വാഹനങ്ങളുടെ ഉപയോഗവും പരിശോധനയും നിയന്ത്രിക്കുന്നതിനുള്ള പുതിയ ഫെഡറൽ നിയമത്തിന് യുഎഇ മന്ത്രിസഭ അംഗീകാരം നൽകി. അബുദാബി ഖസർ അൽ വത്താനിൽ യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് ചരിത്രപരമായ ഈ തീരുമാനം എടുത്തത്. സ്വയം ഓടിക്കുന്ന വാഹനങ്ങളുടെ പരിശോധന, രജിസ്ട്രേഷൻ, ലൈസൻസിംഗ് എന്നിവയ്ക്കുള്ള കൃത്യമായ മാനദണ്ഡങ്ങൾ നിയമം അനുശാസിക്കുന്നു. ഒപ്പം വാഹന നിർമ്മാതാക്കൾ, ഓപ്പറേറ്റർമാർ, യാത്രക്കാർ എന്നിവരുടെ ചുമതലകളും ഫെഡറൽ-ലോക്കൽ അതോറിറ്റികളുടെ അധികാരപരിധിയും പുതിയ നിയമം വ്യക്തമാക്കുന്നുണ്ട്.
റോഡപകടങ്ങൾ കുറയ്ക്കാനും ഗതാഗതക്കുരുക്കും അന്തരീക്ഷ മലിനീകരണവും ഒഴിവാക്കാനും ലക്ഷ്യമിട്ടാണ് ഏഴ് എമിറേറ്റുകൾക്കും ബാധകമാകുന്ന ഏകീകൃത നിയമ നിർമ്മാണം യുഎഇ നടപ്പിലാക്കിയിരിക്കുന്നത്. 2030-ഓടെ നഗരത്തിലെ ആകെ യാത്രകളുടെ 25 ശതമാനവും ഡ്രൈവറില്ലാ വാഹനങ്ങളിലാക്കുക എന്ന ലക്ഷ്യത്തോടെ ദുബായിൽ ഇതിനകം 100 സ്വയം ഓടിക്കുന്ന ടാക്സികളുടെ ഔദ്യോഗിക പ്രവർത്തനം ആരംഭിച്ചിരുന്നു. ഉമ്മു സുഖീം, ജുമൈറ തുടങ്ങിയ മേഖലകളിൽ ഊബർ ആപ്പ് വഴി ഡ്രൈവറില്ലാ അപ്പോളോ ഗോ (Apollo Go) വാഹനങ്ങൾ ലഭ്യമാക്കിത്തുടങ്ങിയ പശ്ചാത്തലത്തിൽ, പുതിയ ഫെഡറൽ നിയമം യുഎഇയിലെ ഗതാഗത മേഖലയിൽ വൻ വിപ്ലവത്തിന് വഴിതുറക്കും.
എത്തിഹാദ് റെയിൽ നിർമ്മാണം അവസാന ഘട്ടത്തിൽ; അബുദാബി യാത്ര ഇനി മിനിറ്റുകൾക്കുള്ളിൽ
ദുബായ് : യുഎഇയുടെ ദേശീയ റെയിൽ ശൃംഖലയായ എത്തിഹാദ് റെയിലിന്റെ ദുബായ് സ്റ്റേഷൻ (അൽ യലായീസ്) സെപ്റ്റംബർ 30-ന് പ്രവർത്തനം ആരംഭിക്കാനിരിക്കെ വൻ ആവേശത്തിലാണ് പ്രദേശവാസികൾ. അൽ ഫുർജാൻ, ജുമൈറ ഗോൾഫ് എസ്റ്റേറ്റ്സ് (JGE) എന്നീ മേഖലകളിലുള്ളവർ മാസങ്ങളായി ട്രെയിനിന്റെ പരീക്ഷണ ഓട്ടങ്ങൾ വീക്ഷിച്ചാണ് കാത്തിരിക്കുന്നത്. അബുദാബിയിലേക്കുള്ള യാത്രാസമയം പകുതിയായി കുറയുന്നതും ദുബായ് മെട്രോയുമായി ബന്ധിപ്പിക്കുന്ന പുതിയ മേൽപ്പാലം പൂർത്തിയാകുന്നതും കുടുംബങ്ങൾക്കും പ്രതിദിന യാത്രക്കാർക്കും വലിയ അനുഗ്രഹമാകും.
ഈ സൗകര്യങ്ങൾ പ്രദേശത്തെ റിയൽ എസ്റ്റേറ്റ് മേഖലയിലും വലിയ കുതിച്ചുചാട്ടമുണ്ടാക്കിയിട്ടുണ്ട്. എട്ട് വർഷം മുൻപത്തെ അപേക്ഷിച്ച് വില്ലകളുടെയും വസ്തുക്കളുടെയും മൂല്യം മൂന്നിരട്ടിയോളം വർദ്ധിക്കുകയും വാടക നിരക്കുകൾ ഉയരുകയും ചെയ്തിട്ടുണ്ട്. മേഖലയിൽ സർവീസ്ഡ് അപ്പാർട്ട്മെന്റുകളുടെയും എയർ ബിഎൻബികളുടെയും എണ്ണത്തിൽ വലിയ വർദ്ധനവാണ് രേഖപ്പെടുത്തുന്നത്. വാഹനം പെരുകുന്നതിലൂടെ ഗതാഗതക്കുരുക്ക് ഉണ്ടായേക്കാമെന്ന ചില ആശങ്കകൾക്കിടയിലും, അബുദാബി, ഷാർജ, ഫുജൈറ തുടങ്ങിയ ഇടങ്ങളിലേക്കുള്ള യാത്രാസൗകര്യം മെച്ചപ്പെടുന്നത് ജനങ്ങളിൽ വലിയ പ്രതീക്ഷ നൽകുന്നു.
കുറഞ്ഞ ചെലവിൽ വിദേശയാത്ര; 1,700 ദിർഹം മുതൽ അടിപൊളി ടൂർ പാക്കേജുകളുമായി യുഎഇ
ദുബായ് : വേനൽക്കാല അവധിക്കാലത്തിന് ശേഷമുള്ള തിരക്ക് കുറഞ്ഞ സാഹചര്യത്തിൽ യുഎഇയിലെ പ്രമുഖ എയർലൈനുകളും ട്രാവൽ ഏജൻസികളും ആകർഷകമായ വിനോദയാത്രാ പാക്കേജുകൾ പ്രഖ്യാപിച്ചു. ഒരാൾക്ക് 1,700 ദിർഹത്തിൽ താഴെ നിരക്കിൽ ആരംഭിക്കുന്ന പാക്കേജുകളിൽ വിമാന ടിക്കറ്റ്, മൂന്ന് രാത്രികളിലെ ഹോട്ടൽ താമസം, മറ്റ് സേവനങ്ങൾ എന്നിവ ഉൾപ്പെടുന്നു. ബാക്കു (1,700 ദിർഹം), തിബിലിസി (1,800 ദിർഹം), യെറിവാൻ (2,000 ദിർഹം), ബാങ്കോക്ക് (2,100 ദിർഹം), കൊളംബോ (2,300 ദിർഹം) എന്നിവയാണ് പ്രധാന കുറഞ്ഞ നിരക്കുള്ള ലക്ഷ്യസ്ഥാനങ്ങൾ. യൂറോപ്യൻ നഗരങ്ങളായ ക്രാക്കോവ്, ആഥൻസ്, മോസ്കോ എന്നിവിടങ്ങളിലേക്ക് 2,500 ദിർഹം മുതലും മൗറീഷ്യസ്, മാലദ്വീപ് തുടങ്ങിയ ബീച്ച് ഡെസ്റ്റിനേഷനുകളിലേക്ക് 4,500 ദിർഹം മുതലുമാണ് ഓഫറുകൾ ആരംഭിക്കുന്നത്. സെപ്റ്റംബർ പകുതി വരെ ബുക്കിംഗുകൾ ലഭ്യമാണ്.
എന്നാൽ പരസ്യങ്ങളിൽ കാണുന്ന പ്രാരംഭ നിരക്കുകൾ വിമാനത്തിലെ സീറ്റുകളുടെയും ഹോട്ടൽ മുറികളുടെയും ലഭ്യതയ്ക്കനുസരിച്ച് മാറാമെന്ന് ബെൽഹാസ ടൂറിസം കമ്പനി ജനറൽ മാനേജർ നറൂസ് സർക്കിസ് വ്യക്തമാക്കി. ബജറ്റ് വിമാനങ്ങളിലെ പാക്കേജുകളിൽ ലഗേജ് ചാർജ്, ഭക്ഷണം, സീറ്റ് സെലക്ഷൻ എന്നിവ ഉൾപ്പെട്ടിട്ടുണ്ടോ എന്ന് ബുക്കിംഗിന് മുൻപ് ഉറപ്പുവരുത്തണം. ക്യാൻസലേഷൻ, തീയതി മാറ്റൽ നിബന്ധനകൾ കൃത്യമായി വായിച്ചു മനസ്സിലാക്കാനും, യാത്രാ തീയതികളിൽ ഇളവുകളുണ്ടെങ്കിൽ നേരത്തെ ബുക്ക് ചെയ്ത് മികച്ച ആനുകൂല്യങ്ങൾ നേടാനും യാത്രക്കാർക്ക് വിദഗ്ദ്ധർ നിർദ്ദേശം നൽകുന്നു.