ദുബായ് : പ്രമുഖ വീഡിയോ ഗെയിം പബ്ലിഷർമാരായ യുബിസോഫ്റ്റുമായി സഹകരിച്ച് ‘അസ്സാസിൻസ് ക്രീഡ്: ബ്ലാക്ക് ഫ്ലാഗ് റീസിങ്ക്ഡ്’ ഗെയിമിന്റെ പ്രത്യേക മിഡ്നൈറ്റ് ലോഞ്ച് ഇവന്റ് സംഘടിപ്പിച്ച് ദുബായ് ഫിലിംസ് ആൻഡ് ഗെയിംസ് കമ്മീഷൻ (DFGC). ഗെയിമിന്റെ ആഗോള റിലീസിന് മുന്നോടിയായി ദുബായിൽ നടന്ന പരിപാടിയിൽ നിരവധി ഗെയിമിംഗ് ആരാധകരും ക്രിയേറ്റർമാരും പങ്കെടുത്തു.
2013-ൽ പുറത്തിറങ്ങി വലിയ വിജയമായ ക്ലാസിക് ഗെയിമിന്റെ അത്യാധുനിക റീമേക്കാണിത്. വിഷ്വൽസും ഗെയിംപ്ലേയും പൂർണ്ണമായും പുതുക്കിയാണ് പുതിയ തലമുറ ഗെയിമിംഗ് പ്ലാറ്റ്ഫോമുകൾക്കായി ഈ പതിപ്പ് ഒരുക്കിയിരിക്കുന്നത്. ദുബായിയെ ആഗോള ഗെയിമിംഗ് ഹബ്ബാക്കി മാറ്റാനും ക്രിയേറ്റീവ് സമ്പദ്വ്യവസ്ഥയെ ശക്തിപ്പെടുത്താനുമുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ഈ സഹകരണമെന്ന് അധികൃതർ വ്യക്തമാക്കി.
Entertainment
ദുബായ് : റെക്കോർഡ് പങ്കാളിത്തവുമായി മുന്നേറിയ പത്താം പതിപ്പ് അറബ് റീഡിംഗ് ചലഞ്ചിന്റെ യുഎഇ ദേശീയതല വിജയികളെ നാളെ പ്രഖ്യാപിക്കും. എക്സ്പോ ദുബായിലെ ദുബായ് എക്സിബിഷൻ സെന്ററിൽ നടക്കുന്ന ചടങ്ങിൽ ദുബായ് കൾച്ചർ അതോറിറ്റി ചെയർപേഴ്സൺ ശൈഖ ലത്തീഫ ബിന്ത് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം മുഖ്യാതിഥിയാകും.
യുഎഇയിൽ നിന്ന് മാത്രം 8.3 ലക്ഷത്തിലധികം വിദ്യാർത്ഥികളാണ് ഇത്തവണ മത്സരത്തിൽ പങ്കെടുത്തത്. ഇത് ചലഞ്ചിന്റെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കാണ്. നാളെ നടക്കുന്ന ചടങ്ങിൽ യുഎഇ ചാമ്പ്യനെ തിരഞ്ഞെടുക്കുന്നതിനൊപ്പം മികച്ച സ്കൂൾ, മികച്ച സൂപ്പർവൈസർ, നിശ്ചയദാർഢ്യമുള്ള കുട്ടികളുടെ വിഭാഗത്തിലെ വിജയികൾ എന്നിവർക്കും പുരസ്കാരങ്ങൾ സമ്മാനിക്കും.
ദുബായ് : ദുബായ് എമിറേറ്റ്സ് റോഡിലുണ്ടായ വാഹനാപകടത്തിൽ മരിച്ച ഏഴ് പ്രവാസി തൊഴിലാളികളുടെ കുടുംബങ്ങൾക്ക് 10 ലക്ഷം ദിർഹത്തിന്റെ (ഏകദേശം 2.25 കോടിയിലധികം രൂപ) സാമ്പത്തിക സഹായവുമായി ഡോ. ഷംഷീർ വയലിൽ. അപകടത്തിൽ ജീവൻ നഷ്ടപ്പെട്ട ആറ് ഇന്ത്യക്കാരുടെയും ഒരു ശ്രീലങ്കൻ സ്വദേശിയുടെയും കുടുംബങ്ങൾക്ക് 1,00,000 ദിർഹം വീതമാണ് അദ്ദേഹം പ്രഖ്യാപിച്ച മാനുഷിക പുനരധിവാസ പദ്ധതിയിലൂടെ കൈമാറുന്നത്.
കുടുംബത്തിന്റെ ഏക ആശ്രയം നഷ്ടപ്പെട്ട ദുരന്തബാധിതർക്ക് ഈ ധനസഹായം വലിയ ആശ്വാസമാകും. പണത്തിന് പുറമെ കുട്ടികളുടെ തുടർവിദ്യാഭ്യാസത്തിനായുള്ള പദ്ധതികളും അദ്ദേഹം ഒരുക്കിയിട്ടുണ്ട്. ഇതിന്റെ ഭാഗമായി, അപകടത്തിൽ മരിച്ച ഉത്തർപ്രദേശുകാരനായ തൊഴിലാളിയുടെ മകൾക്ക് നഴ്സിങ് പഠനത്തിനുള്ള പൂർണ്ണ പിന്തുണയും പഠനശേഷം യുഎഇയിലെ ബുർജീൽ ആശുപത്രികളിൽ ജോലിയും ഡോ. ഷംഷീർ ഉറപ്പുനൽകി.
എഴുത്തുലോകത്ത് വിസ്മയമായി യുഎഇയിലെ കുട്ടികൾ; നാഷണൽ യങ് ഓതേഴ്സ് ഫെയറിൽ വൻ നേട്ടം
ദുബായ് : ബ്രൈബുക്സ് (BriBooks) സംഘടിപ്പിച്ച നാഷണൽ യങ് ഓതേഴ്സ് ഫെയർ (NYAF) യുഎഇ 2025–26 പതിപ്പിലൂടെ യുഎഇയിലെ നൂറുകണക്കിന് വിദ്യാർത്ഥികൾ സ്വന്തമായി പുസ്തകങ്ങൾ രചിച്ച് പ്രസാധന രംഗത്തേക്ക് ചുവടുവെച്ചു. 3 മുതൽ 12 വരെയുള്ള ക്ലാസുകളിലെ കുട്ടികൾ ബ്രൈബുക്സിന്റെ എഐ (AI) പ്ലാറ്റ്ഫോം ഉപയോഗിച്ചാണ് കഥകളും കവിതകളും തയ്യാറാക്കി പുസ്തക രൂപത്തിലാക്കിയത്. ഈ പുസ്തകങ്ങൾ ഇപ്പോൾ വിവിധ ആഗോള ഡിജിറ്റൽ പ്ലാറ്റ്ഫോമുകളിൽ വായനക്കാർക്കായി ലഭ്യമാക്കിയിട്ടുണ്ട്.
കൂടുതൽ പുസ്തകങ്ങൾ പ്രസിദ്ധീകരിച്ച സ്കൂളുകളുടെ പട്ടികയിൽ അൽ ദഫ്രയിലെ ‘അൽ ഹുവിതീൻ സ്കൂൾ’ ഒന്നാം സ്ഥാനവും, അബുദാബിയിലെ ‘ഗ്രേസ് വാലി ഇന്ത്യൻ സ്കൂൾ’ രണ്ടാം സ്ഥാനവും നേടി. മികച്ച വായനക്കാരെ ആകർഷിച്ച ബെസ്റ്റ് സെല്ലർ വിഭാഗത്തിൽ ആര്യ പരീക് രചിച്ച ‘ദി ലോസ്റ്റ് ഹെറിറ്റേജ് ഓഫ് ഹാർമോണിയ’ ഒന്നാം സ്ഥാനത്തെത്തിയപ്പോൾ, കഥയുടെ മികവ് പരിഗണിച്ചുള്ള ജൂറി തിരഞ്ഞെടുപ്പിൽ ശ്രീനിധി രാമായണത്തിന്റെ ‘എലിൻ ആൻഡ് അനസ്താസിയാസ് ലെസ്സൺ’ ഒന്നാം സ്ഥാനം സ്വന്തമാക്കി.
ക്യാൻസറിനെ ‘ബൈ’ പറഞ്ഞ് സൈക്കിളിൽ 3,333 കിലോമീറ്റർ, ഈ 68-കാരൻ ശരിക്കും ഒരു ഹീറോയാണ്
ദുബായ് : നാലാം ഘട്ട കോളൻ കാൻസറിനെ (Stage 4 Colon Cancer) പോരാടി തോൽപ്പിച്ച 68-കാരനായ ഗൈഡോ ഡി വിൽഡെ കാൻസർ രോഗികൾക്ക് പ്രത്യാശയും ധൈര്യവും പകരാൻ ബാഴ്സലോണയിൽ നിന്നും പാരീസിലേക്ക് 3,333 കിലോമീറ്റർ നീളുന്ന സൈക്കിൾ യാത്ര നയിക്കുന്നു. യുഎഇയിലെ അൽ ജലീല ഫൗണ്ടേഷന്റെ കാൻസർ പരിചരണ പരിപാടികൾക്കായി ധനസമാഹരണം നടത്തുക എന്ന ലക്ഷ്യത്തോടെ ‘സൈക്കിൾ എഗെയ്ൻസ്റ്റ് കാൻസർ’ (Cycle Against Cancer) എന്ന പേരിൽ സംഘടിപ്പിച്ച ഈ ജീവകാരുണ്യ യാത്ര ജൂലൈ ഒന്നിനാണ് ആരംഭിച്ചത്.
യുഎഇ ആസ്ഥാനമായി പ്രവർത്തിക്കുന്ന 13 പേരുൾപ്പെടെ 15 അംഗ സൈക്കിൾ സവാരി സംഘമാണ് 25 ദിവസം നീണ്ടുനിൽക്കുന്ന ഈ കഠിനമായ യാത്രയിൽ ഗൈഡോയ്ക്കൊപ്പമുള്ളത്. മുൻപ് പ്രമുഖ ആഗോള ഹോട്ടൽ ശൃംഖലയുടെ മിഡിൽ ഈസ്റ്റ് മേധാവിയായിരുന്ന ഗൈഡോയ്ക്ക് 2020 ലാണ് കാൻസർ സ്ഥിരീകരിക്കുന്നത്. കടുത്ത കീമോതെറാപ്പി ചികിൽസകൾക്കിടയിലും വീട്ടിനുള്ളിൽ വെർച്വൽ ട്രെയിനിങ് സംവിധാനം വഴി സൈക്ലിംഗ് തുടർന്ന് അദ്ദേഹം തന്റെ ആത്മവിശ്വാസം നിലനിർത്തിയിരുന്നു. ഈ യാത്രയിലൂടെ സമാഹരിക്കുന്ന തുക യുഎഇയിൽ പ്രതിവർഷം റിപ്പോർട്ട് ചെയ്യപ്പെടുന്ന അയ്യായിരത്തിലധികം പുതിയ കാൻസർ രോഗികളുടെ ചികിത്സയ്ക്കും ഗവേഷണങ്ങൾക്കുമായി ഉപയോഗിക്കും. ഒരു കാൻസർ നിർണ്ണയം ജീവിതത്തിന്റെ അവസാനമല്ലെന്ന് ലോകത്തിന് കാണിച്ചുകൊടുക്കുകയാണ് തന്റെ ലക്ഷ്യമെന്ന് അദ്ദേഹം വ്യക്തമാക്കി.
അബുദാബി : അറബ് ലോകത്തെ ഏറ്റവും പ്രശസ്തമായ ക്ലാസിക്കൽ അറബിക് കവിതാ മത്സര പരിപാടിയായ ‘പ്രിൻസ് ഓഫ് പോയറ്റ്സ്’ (Prince of Poets) സീസൺ 12-ലേക്ക് അബുദാബി ഹെറിറ്റേജ് അതോറിറ്റി അപേക്ഷകൾ ക്ഷണിച്ചു. താല്പര്യമുള്ള കവികൾക്ക് പരിപാടിയുടെ ഔദ്യോഗിക വെബ്സൈറ്റ് (princeofpoets.ae) വഴി 2026 ജൂലൈ 7 മുതൽ ആഗസ്റ്റ് 6 വരെ അപേക്ഷിക്കാം.
18-നും 45-നും ഇടയിൽ പ്രായമുള്ള, അറബ് ലോകത്തെവിടെയുമുള്ള പുരുഷ-വനിതാ കവികൾക്ക് മത്സരത്തിൽ പങ്കെടുക്കാൻ അവസരമുണ്ട്. അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധേയരായ പാനൽ വിലയിരുത്തിയ ശേഷം തിരഞ്ഞെടുക്കപ്പെടുന്ന കവികൾ അബുദാബി അൽ റാഹ ബീച്ച് തിയേറ്ററിൽ നടക്കുന്ന തത്സമയ ടെലിവിഷൻ പരിപാടിയിൽ മാറ്റുരയ്ക്കും. ഒന്നാം സ്ഥാനം നേടുന്ന വിജയിക്ക് ‘പ്രിൻസ് ഓഫ് പോയറ്റ്സ്’ പദവിയും പരമ്പരാഗത കവിതാ വസ്ത്രമായ ‘ബുർദ’യും ചാമ്പ്യൻഷിപ്പ് മോതിരവും ഒരു മില്യൺ ദിർഹം (10 ലക്ഷം ദിർഹം) ക്യാഷ് പ്രൈസും ലഭിക്കും. രണ്ടാം സ്ഥാനക്കാരന് 5 ലക്ഷം ദിർഹവും, മൂന്നാം സ്ഥാനക്കാരന് 3 ലക്ഷം ദിർഹവും യഥാക്രമം തുടർസ്ഥാനങ്ങളിലുള്ളവർക്ക് 2 ലക്ഷം, 1 ലക്ഷം, 50,000 ദിർഹം വീതവും സമ്മാനമായി ലഭിക്കും. കഴിഞ്ഞ സീസണിൽ യുഎഇ കവി അബ്ദുൽറഹ്മാൻ അൽ ഹുമൈരിയായിരുന്നു കിരീടം ചൂടിയത്.
ഷാർജ : യുഎഇയിൽ പുതിയ സീസണിലെ ഫ്രഷ് ഈന്തപ്പഴങ്ങളുടെ വിളവെടുപ്പ് ആരംഭിച്ചതോടെ വിപണി സജീവമാകുന്നു. ഷാർജ സൂഖ് അൽ ജുബൈലിൽ നടക്കുന്ന പതിനൊന്നാമത് ഈന്തപ്പഴ മേളയിൽ (Al Jubail Dates Festival) വെറും 15 ദിർഹം മുതൽ ഈന്തപ്പഴങ്ങൾ ലഭ്യമാണ്. യുഎഇയിൽ നിന്നുള്ള പ്രാദേശിക ഇനങ്ങൾക്ക് പുറമെ സൗദി അറേബ്യ, ഒമാൻ എന്നിവിടങ്ങളിൽ നിന്നുള്ള പ്രീമിയം ഇനങ്ങളും ഉൾപ്പെടെ ഇരുപതോളം വൈവിധ്യമാർന്ന ഈന്തപ്പഴങ്ങളാണ് മേളയിലുള്ളത്.
മേളയിൽ ലഭ്യമായതിൽ ഏറ്റവും വിലക്കുറവുള്ളത് യുഎഇയിൽ നിന്നുള്ള ‘നഗൽ’ (Naghal) ഇനത്തിനാണ്; കിലോഗ്രാമിന് 15 ദിർഹം. മറ്റ് ജനപ്രിയ ഇനങ്ങളായ ബർഹി (Barhi), ഖലാസ് (Khalas) എന്നിവയ്ക്ക് കിലോയ്ക്ക് 20 ദിർഹവും, ഖുനൈസി (Khanizi), പുച്ചിപാൽ (Puchipal) എന്നിവയ്ക്ക് 25 ദിർഹവുമാണ് വില. പ്രീമിയം ഇനങ്ങളായ സൗദി മെഡ്ജൂലിന് (Medjool) 30 ദിർഹവും അജ്വയ്ക്ക് (Ajwa) 35 ദിർഹവുമാണ് വില ഈടാക്കുന്നത്. ഫ്രഷ് സുക്കരി (Sukkari) ഇനങ്ങൾക്കായി ആവശ്യക്കാർ ഏറെയുണ്ടെങ്കിലും അവ വരും ആഴ്ചകളിൽ മാത്രമേ വിപണിയിലെത്തുകയുള്ളൂ എന്ന് വ്യാപാരികൾ വ്യക്തമാക്കുന്നു. പ്രാദേശിക കർഷകരെ പിന്തുണയ്ക്കുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിച്ചിരിക്കുന്ന ഈ മേള സെപ്റ്റംബർ 15 വരെ നീണ്ടുനിൽക്കും.
വേനൽക്കാലം ആഘോഷമാക്കാൻ ‘ദുബായ് ഡെസ്റ്റിനേഷൻസ്’ ക്യാമ്പയിൻ സീസൺ 6-ന് തുടക്കം
ദുബായ് : താമസക്കാർക്കും സന്ദർശകർക്കും വേനൽക്കാലത്ത് ദുബായിലെ മികച്ച വിനോദ-ആകർഷണ കേന്ദ്രങ്ങൾ പരിചയപ്പെടുത്തുന്നതിനായുള്ള ‘#DubaiDestinations’ ക്യാമ്പയിന്റെ ആറാം സീസണിന് തുടക്കമായി. ദുബായ് മീഡിയ ഓഫീസിന്റെ ക്രിയേറ്റീവ് വിഭാഗമായ ബ്രാൻഡ് ദുബായ്, ദുബായ് ഡിപ്പാർട്ട്മെന്റ് ഓഫ് ഇക്കോണമി ആൻഡ് ടൂറിസവുമായി (DET) സഹകരിച്ചാണ് ഈ ക്യാമ്പയിൻ സംഘടിപ്പിക്കുന്നത്. ജൂലൈ 7 മുതൽ ഓഗസ്റ്റ് 31 വരെയാണ് ക്യാമ്പയിൻ നീണ്ടുനിൽക്കുക.
ദുബായ് ഇക്കണോമിക് അജണ്ട (D33) ലക്ഷ്യങ്ങൾക്ക് അനുസൃതമായി, ദുബായിയെ വർഷം മുഴുവൻ സന്ദർശിക്കാൻ അനുയോജ്യമായ ഒരു ആഗോള ടൂറിസം കേന്ദ്രമായി ഉയർത്തിക്കാട്ടുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ഈ വേനൽക്കാലത്ത് നഗരത്തിലുടനീളമുള്ള പ്രമുഖ ഇൻഡോർ വിനോദ കേന്ദ്രങ്ങൾ, ഹോട്ടലുകൾ, വാട്ടർ പാർക്കുകൾ, ബീച്ചുകൾ എന്നിവടങ്ങളിൽ വൻ ഡിസ്കൗണ്ടുകളും പ്രത്യേക ഓഫറുകളും ക്യാമ്പയിന്റെ ഭാഗമായി പൊതുജനങ്ങൾക്ക് ലഭിക്കും. ഇതിന് പുറമെ നിലവിൽ നഗരത്തിൽ പുരോഗമിക്കുന്ന ‘ദുബായ് സമ്മർ സർപ്രൈസസ്’ (DSS 2026) ഉത്സവങ്ങളുമായി ചേർത്താണ് റീട്ടെയിൽ ഓഫറുകൾ ഒരുക്കിയിരിക്കുന്നത്. യുഎഇയിലെയും അന്താരാഷ്ട്ര തലത്തിലെയും പ്രമുഖ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർമാരും ഉള്ളടക്ക നിർമ്മാതാക്കളും (Content Creators) ഇൻസ്റ്റാഗ്രാം, ടിക്ടോക് തുടങ്ങിയ പ്ലാറ്റ്ഫോമുകൾ വഴി ദുബായിലെ വേനൽക്കാല അനുഭവങ്ങളുടെ ചെറു വീഡിയോകളും ഡിജിറ്റൽ ഗൈഡുകളും ഈ ക്യാമ്പയിന്റെ ഭാഗമായി പങ്കുവെക്കും. 2021-ലാണ് ദുബായ് ഡെസ്റ്റിനേഷൻസ് ക്യാമ്പയിൻ ആദ്യമായി ആരംഭിച്ചത്.
ദുബായ്: ലോകത്തിലെ ഏറ്റവും വലിയ ഖുർആൻ മനഃപാഠമാക്കൽ മത്സരങ്ങളിലൊന്നായ ദുബായ് അന്താരാഷ്ട്ര ഹോളി ഖുർആൻ അവാർഡിന്റെ (DIHQA) 29-ാമത് എഡിഷൻ യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തും പ്രഖ്യാപിച്ചു. ആകെ 3.3 മില്യൺ (33 ലക്ഷം) യുഎസ് ഡോളറിന്റെ വമ്പൻ സമ്മാനത്തുകയാണ് ഈ വർഷത്തെ അവാർഡുകൾക്കായി നീക്കിവെച്ചിരിക്കുന്നത്. മുൻവർഷങ്ങളിൽ 105 രാജ്യങ്ങളിൽ നിന്നായി അയ്യായിരത്തിലധികം പേർ പങ്കെടുത്ത മത്സരത്തിന്റെ ഈ വർഷത്തെ രജിസ്ട്രേഷൻ ഔദ്യോഗിക വെബ്സൈറ്റായ Quran.gov.ae വഴി ഇപ്പോൾ ആരംഭിച്ചിട്ടുണ്ട്.
പ്രധാനമായി മൂന്ന് വിഭാഗങ്ങളിലായാണ് ഇത്തവണ പുരസ്കാരങ്ങൾ നൽകുന്നത്. 16 വയസ്സും അതിനുമുകളിലുള്ളവരുമായ പുരുഷന്മാർക്കുള്ള ഒന്നാം വിഭാഗം, 16 വയസ്സും അതിൽ താഴെയുമുള്ള ആൺകുട്ടികൾക്കും പെൺകുട്ടികൾക്കുമുള്ള രണ്ടാം വിഭാഗം, ഇസ്ലാമിക സമൂഹത്തിന് വിലമതിക്കാനാവാത്ത സംഭാവനകൾ നൽകിയവർക്കുള്ള ‘ഗ്ലോബൽ ഖുർആനിക് പേഴ്സണാലിറ്റി’ എന്ന മൂന്നാം വിഭാഗം എന്നിവയാണവ. ഒന്ന്, രണ്ട് വിഭാഗങ്ങളിൽ ഒന്നാം സ്ഥാനം നേടുന്നവർക്ക് 1 മില്യൺ ഡോളറും, രണ്ടാം സ്ഥാനത്തിന് 1 ലക്ഷം ഡോളറും, മൂന്നാം സ്ഥാനത്തിന് 50,000 ഡോളറുമാണ് സമ്മാനം. മൂന്നാം വിഭാഗത്തിലെ ജേതാവിനും 1 മില്യൺ ഡോളർ സമ്മാനമായി ലഭിക്കും.
മത്സരത്തിൽ പങ്കാളികളാകുന്നവർ തജ്വീദ് നിയമങ്ങൾ കൃത്യമായി പാലിച്ച് ഖുർആൻ പൂർണ്ണമായും മനഃപാഠമാക്കിയിരിക്കണം. ഒന്നാം വിഭാഗത്തിൽ പങ്കെടുക്കുന്നവർ 2010 മെയ് 31-നോ അതിനുശേഷമോ ജനിച്ചവരായിരിക്കണം. രണ്ടാം വിഭാഗത്തിലുള്ളവർ 2010 ജൂൺ 1-നോ അതിനുശേഷമോ ജനിച്ചവരും 16 വയസ്സ് കവിയാത്തവരുമായിരിക്കണം. മുൻപ് ഈ മത്സരത്തിന്റെ അന്തിമഘട്ടത്തിൽ എത്തുകയോ പുരസ്കാരം നേടുകയോ ചെയ്തവർക്ക് വീണ്ടും പങ്കെടുക്കാൻ അവസരമുണ്ടാകില്ല. മത്സരസമയത്ത് സ്വന്തം രാജ്യത്തിന്റെ ദേശീയ വസ്ത്രം ധരിക്കണമെന്നും യുഎഇയുടെ പൊതുനിയമങ്ങളും പെരുമാറ്റച്ചട്ടങ്ങളും കർശനമായി പാലിക്കണമെന്നും നിബന്ധനയുണ്ട്.
ദുബായ് : വിമാനത്തിൽ വെച്ച് ആരോഗ്യസ്ഥിതി മോശമായ യാത്രക്കാരിക്ക് സമചിത്തതയോടെ അടിയന്തര പരിചരണം നൽകി യുഎഇയിലെ മലയാളി നഴ്സ് തുണയായി. റാസൽഖൈമ (RAK) ഹോസ്പിറ്റലിലെ എൻഐസിയു (NICU) നഴ്സും കൊല്ലം സ്വദേശിനിയുമായ പൂജ രാജകുമാരൻ (34) ആണ് വിമാനത്തിൽ ഉണ്ടായേക്കാമായിരുന്ന വലിയൊരു പരിഭ്രാന്തി ഒഴിവാക്കിയത്.
അടുത്തിടെ ശസ്ത്രക്രിയയ്ക്ക് വിധേയയായ ഒരു വനിതാ യാത്രക്കാരി കടുത്ത തലകറക്കവും വിറയലും അനുഭവപ്പെട്ട് അബോധാവസ്ഥയിലേക്ക് നീങ്ങിയപ്പോഴാണ് വിമാനത്തിൽ മെഡിക്കൽ സഹായം തേടിയത്. ഉടൻ തന്നെ രംഗത്തിറങ്ങിയ പൂജ യാത്രക്കാരിയെ കൃത്യമായി പരിചരിച്ച് ബോധം വീണ്ടെടുക്കാൻ സഹായിച്ചു. കടുത്ത മാനസിക സമ്മർദ്ദവും ശാരീരിക ക്ഷീണവുമാണ് യാത്രക്കാരിക്കെന്ന് വിലയിരുത്തിയ പൂജ, വിമാനം അടിയന്തരമായി ലാൻഡ് ചെയ്യേണ്ട സാഹചര്യം ഒഴിവാക്കുകയും സുരക്ഷിതമായി ലാൻഡ് ചെയ്യുന്നത് വരെ അവരെ നിരീക്ഷിക്കുകയും ചെയ്തു.