ദുബായ് : വികസന പ്രവർത്തനങ്ങൾ പുരോഗമിക്കുന്ന പശ്ചാത്തലത്തിൽ ബുർജ് ഖലീഫ/ദുബായ് മോൾ മെട്രോ സ്റ്റേഷനിൽ താത്കാലിക ഗോവണി മന്ദിരം (Temporary Staircase Building) തുറന്നതായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (RTA) അറിയിച്ചു. സ്റ്റേഷന്റെ ഒന്നാം നമ്പർ എക്സിറ്റിലാണ് (Exit 1) ഈ സൗകര്യം ഒരുക്കിയിരിക്കുന്നത്. പ്രവേശന കവാടത്തിലെ നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്നതിനാൽ യാത്രക്കാർ നൽകിയിരിക്കുന്ന ദിശാസൂചകങ്ങൾ പാലിക്കണമെന്നും സഹായത്തിനായി ജീവനക്കാരുടെ സേവനം ലഭ്യമാണെന്നും ആർടിഎ വ്യക്തമാക്കി.
മെട്രോ സ്റ്റേഷന്റെ ശേഷി 65 ശതമാനം വർദ്ധിപ്പിക്കുന്നതിനുള്ള വൻകിട വികസന പദ്ധതിയാണ് നിലവിൽ നടക്കുന്നത്. ഇതിന്റെ ഭാഗമായി പ്രതിദിന യാത്രാശേഷി 2,20,000 ആയി ഉയർത്തും. വികസന പ്രവർത്തനങ്ങൾ സുഗമമാക്കുന്നതിനായി സ്റ്റേഷന് സമീപമുള്ള ബസ്, ടാക്സി സർവീസ് റോഡുകൾ 2026 അവസാനം വരെ താത്കാലികമായി അടച്ചിട്ടിരിക്കുകയാണ്. എസ്കലേറ്ററുകൾ, ലിഫ്റ്റുകൾ, കൂടുതൽ എൻട്രി-എക്സിറ്റ് ഗേറ്റുകൾ എന്നിവ ഉൾപ്പെടുത്തി സ്റ്റേഷന്റെ വിസ്തൃതി 8,500 ചതുരശ്ര മീറ്ററായാണ് വർദ്ധിപ്പിക്കുന്നത്.
Entertainment
ദുബായ് : 2026-ന്റെ ആദ്യ പകുതി പിന്നിടുമ്പോൾ യുഎഇ പ്രവാസികളുടെ ദിനംപ്രതിയുള്ള ജീവിതത്തിലും യാത്രാനുഭവങ്ങളിലും വലിയ മാറ്റങ്ങൾ കൊണ്ടുവരുന്ന നിരവധി വികസന പദ്ധതികളും പരിഷ്കാരങ്ങളുമാണ് രാജ്യത്ത് നടപ്പിലാകുന്നത്. ഫുജൈറയ്ക്കും അബുദാബിക്കുമിടയിൽ ഇത്തിഹാദ് റെയിലിന്റെ പാസഞ്ചർ സർവീസ് വിജയകരമായി ആരംഭിച്ചതിന് പിന്നാലെ, സെപ്റ്റംബറോടെ ദുബായ്, അൽ ദൈദ് സ്റ്റേഷനുകളും വർഷാവസാനത്തോടെ അൽ ദഫ്ര മേഖലയിലെ വിവിധ സ്റ്റേഷനുകളും പ്രവർത്തനസജ്ജമാകും. കൂടാതെ ഓഗസ്റ്റിൽ നബിദിനത്തോടനുബന്ധിച്ചും ഡിസംബർ രണ്ടിന് 55-ാമത് ഈദ് അൽ ഇത്തിഹാദിനോടനുബന്ധിച്ചും പ്രവാസികൾക്ക് നീണ്ട വാരാന്ത്യ പൊതു അവധികൾ ലഭിക്കാൻ സാധ്യതയുണ്ട്.
കലാരംഗത്തും വിനോദരംഗത്തും വൻ മുന്നേറ്റങ്ങളാണ് അവസാന മാസങ്ങളിൽ പ്രതീക്ഷിക്കുന്നത്. ഡിസംബർ 11-ന് അബുദാബി സാദിയാത്ത് ദ്വീപിൽ ലോകോത്തര ഗുഗ്ഗൻഹൈം മ്യൂസിയം പൊതുജനങ്ങൾക്കായി തുറന്നുകൊടുക്കും. ഒക്ടോബർ 31 വരെ വിദേശത്തുള്ള ബന്ധുക്കളെയും സുഹൃത്തുക്കളെയും ദുബായിലേക്ക് ക്ഷണിക്കുന്ന പ്രവാസികൾക്ക് ഹോട്ടൽ, ഡൈനിംഗ് ഡിസ്കൗണ്ടുകൾ നൽകുന്ന ‘ദുബായ് ഇൻവൈറ്റ്’ പദ്ധതിയും ലഭ്യമാണ്. കൂടാതെ മൂന്ന് വർഷത്തെ റെസിഡൻസി വാലിഡിറ്റിയുള്ളവർക്ക് ഒക്ടോബർ ഒന്നു വരെ മോണ്ടിനെഗ്രോയിലേക്ക് വിസയില്ലാതെ നേരിട്ട് യാത്ര ചെയ്യാനും, അബുദാബി വാർണർ ബ്രദേഴ്സ് വേൾഡിൽ ആരംഭിച്ച പുതിയ ‘ക്രിപ്റ്റോണൈറ്റ് കൊളൈഡർ’ റൈഡ് ആസ്വദിക്കാനും സാധിക്കും.
ദുബായ് മെട്രോ ബ്ലൂ ലൈൻ: ഡ്രാഗൺ മാർട്ട് സ്റ്റേഷൻ നിർമ്മാണത്തിന്റെ ആദ്യ ദൃശ്യങ്ങൾ പുറത്ത്
ദുബായ് : ദുബായ് മെട്രോയുടെ പുതിയ ബ്ലൂ ലൈനിലെ ഏറ്റവും വലിയ അണ്ടർഗ്രൗണ്ട് സ്റ്റേഷനുകളിലൊന്നായ ഡ്രാഗൺ മാർട്ട് സ്റ്റേഷൻ നിർമ്മാണത്തിൽ സുപ്രധാന നാഴികക്കല്ല്. നിലത്തിന് 20 മീറ്ററിലധികം അടിയിലായി നിർമ്മിക്കുന്ന സ്റ്റേഷനിലേക്ക് ടണൽ ബോറിംഗ് മെഷീൻ (TBM) 1.2 കിലോമീറ്റർ തുരങ്കപാത പൂർത്തിയാക്കി എത്തിച്ചേർന്നു. റൂട്ട് പെർമിറ്റ് സർവേകൾക്കും മാധ്യമ സന്ദർശനത്തിനുമിടെയാണ് പദ്ധതിയുടെ നിർമ്മാണ പുരോഗതിയും സ്റ്റേഷന്റെ ആദ്യ രൂപവും ആർടിഎ പുറത്തുവിട്ടത്.
ഏകദേശം 39,480 ചതുരശ്ര മീറ്റർ വിസ്തീർണ്ണമുള്ള ഡ്രാഗൺ മാർട്ട് സ്റ്റേഷനിൽ കോൺക്രീറ്റ് ഭിത്തികളും തൂണുകളും ഇതിനകം സ്ഥാപിച്ച് കഴിഞ്ഞു. 580-ഓളം തൊഴിലാളികളാണ് ഈ സ്റ്റേഷനിൽ മാത്രം രാത്രിയും പകലുമായി ജോലി ചെയ്യുന്നത്. 24 മണിക്കൂറും പ്രവർത്തിക്കുന്ന കൂറ്റൻ ടണൽ ബോറിംഗ് മെഷീൻ ദിവസം 13 മുതൽ 17 മീറ്റർ വരെ തുരന്നാണ് മുന്നേറുന്നത്. ഡ്രാഗൺ മാർട്ട് സ്റ്റേഷനു പുറമെ ഇന്റർനാഷണൽ സിറ്റി 1, ഇന്റർനാഷണൽ സിറ്റി 2 എന്നീ സമീപ സ്റ്റേഷനുകളുടെ നിർമ്മാണവും അതിവേഗത്തിൽ പുരോഗമിക്കുകയാണെന്ന് അധികൃതർ വ്യക്തമാക്കി. ഡ്രാഗൺ മാർട്ടിൽ നിന്നും ഇനി അൽ വർഖ (Al Warqa) ഭാഗത്തേക്കാണ് അടുത്തഘട്ട തുരങ്ക നിർമ്മാണം നടക്കുക.
ദുബായ് : ആഗോള ഷോപ്പിംഗ്, ടൂറിസം കേന്ദ്രമെന്ന നിലയിലുള്ള സ്ഥാനം കൂടുതൽ ശക്തമാക്കാൻ ലക്ഷ്യമിട്ട് 2026-27 വർഷത്തെ പ്രൊമോഷൻ കലണ്ടർ വിപുലീകരിച്ച് ദുബായ് സാമ്പത്തിക, വിനോദസഞ്ചാര വകുപ്പ് (DET). മുൻപ് പ്രശസ്തമായിരുന്ന ‘ജിടെക്സ് ഷോപ്പർ’ (GITEX Shopper) മോഡലിൽ, 2027 ഏപ്രിലിൽ 10 ദിവസം നീണ്ടുനിൽക്കുന്ന പുതിയ ‘ഇലക്ട്രോണിക്സ് ഫെസ്റ്റിവൽ’ സംഘടിപ്പിക്കുമെന്നതാണ് പ്രധാന പ്രഖ്യാപനം. ഐബിപിസി (IBPC) ദുബായ് സംഘടിപ്പിച്ച ഫോറത്തിലാണ് ഡിഇറ്റി പുതിയ പദ്ധതികൾ വ്യക്തമാക്കിയത്.
കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടെ ദുബായിലെ വാർഷിക ആഘോഷങ്ങളുടെ എണ്ണം 12-ൽ നിന്ന് 80-ലധികമായി ഉയർന്നിട്ടുണ്ട്. ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവൽ, ദുബായ് സമ്മർ സർപ്രൈസസ് എന്നിവയ്ക്ക് പുറമെ കച്ചവടക്കാർക്ക് ഉപഭോക്തൃ ട്രെൻഡുകൾ മനസ്സിലാക്കാൻ പുതിയ എഐ അധിഷ്ഠിത ഡാഷ്ബോർഡും ഡിഇറ്റി അവതരിപ്പിക്കുന്നുണ്ട്. കൂടാതെ, 2026 ഒക്ടോബർ 1-ന് ആദ്യത്തെ ‘ഐബിപിസി റീട്ടെയിൽ ഫെസ്റ്റിവൽ’ നടത്തുമെന്നും അധികൃതർ അറിയിച്ചു. 22,800 കോടി ദിർഹമിന്റെ (228 Billion AED) റീട്ടെയിൽ സമ്പദ്വ്യവസ്ഥയുള്ള ദുബായിൽ വ്യാപാരികൾക്ക് വൻ ഉത്തേജനം നൽകുന്നതാണ് ഈ തീരുമാനങ്ങൾ.
ഷാർജ : താമസക്കാർക്കും സന്ദർശകർക്കും ആകർഷകമായ ഓഫറുകളും വിനോദ പരിപാടികളും ആസ്വദിക്കാൻ കൂടുതൽ സമയം നൽകിക്കൊണ്ട് ‘ഷാർജ സമ്മർ പ്രൊമോഷൻസ് 2026’ സെപ്റ്റംബർ 15 ചൊവ്വാഴ്ച വരെ നീട്ടി. ഷാർജ കൊമേഴ്സ് ആൻഡ് ടൂറിസം ഡെവലപ്മെന്റ് അതോറിറ്റിയും (SCTDA) ഷാർജ ചേംബർ ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രിയും (SCCI) ചേർന്നാണ് ഈ കാലയളവ് ദീർഘിപ്പിച്ചത്. പ്രമുഖ ഷോപ്പിംഗ് മാളുകൾ, ഹോട്ടലുകൾ, വിനോദകേന്ദ്രങ്ങൾ എന്നിവ കേന്ദ്രീകരിച്ച് നടക്കുന്ന ഈ ക്യാമ്പയിൻ ഷാർജയിലെ ടൂറിസം, റീട്ടെയിൽ മേഖലകൾക്ക് വൻ ഉത്തേജനമാണ് നൽകുന്നത്.
സിറ്റി സെന്റർ അൽ സഹിയ, സഹാറ സെന്റർ, മെഗാ മാൾ, കൽബ മാൾ തുടങ്ങി പ്രമുഖ മാളുകളിലെല്ലാം കുട്ടികൾക്കായുള്ള വർക്ക്ഷോപ്പുകളും പ്രത്യേക വിനോദ പരിപാടികളും സജ്ജീകരിച്ചിട്ടുണ്ട്. ക്യാമ്പയിന്റെ ഭാഗമായി കാർ, 30 സ്വർണ്ണക്കട്ടികൾ (10 ഗ്രാം വീതം), ഷോപ്പിംഗ് വൗച്ചറുകൾ ഉൾപ്പെടെ 700-ലധികം സമ്മാനങ്ങളാണ് ഭാഗ്യശാലികളെ കാത്തിരിക്കുന്നത്. പങ്കാളികളായ മാളുകളിൽ നിന്നോ സ്റ്റോറുകളിൽ നിന്നോ ഷോപ്പിംഗ് നടത്തുന്നവർക്കും വെബ്സൈറ്റ് വഴി ഹോട്ടൽ സ്റ്റേ ബുക്ക് ചെയ്യുന്നവർക്കും സെപ്റ്റംബർ 15-ന് നടക്കാൻ പോകുന്ന അവസാന നറുക്കെടുപ്പിൽ പങ്കാളികളാകാം.
റാസൽഖൈമ : അസിമ (Asimah) പർവ്വതമേഖലയിൽ മുന്തിരി വിളവെടുപ്പ് സീസൺ സജീവമാകുമ്പോൾ, പ്രാദേശിക മുന്തിരി തൈകൾക്കായുള്ള ആവശ്യക്കാരുടെ എണ്ണത്തിൽ വൻ വർധനവെന്ന് കർഷകനായ മർവാൻ സെയ്ഫ് റാഷിദ് അൽ മസ്രൂയി. വർധിച്ചുവരുന്ന ആവശ്യകത കണക്കിലെടുത്ത് തന്റെ നഴ്സറിയിൽ ഇപ്പോൾ ഓരോ സീസണിലും പതിനായിരത്തിലധികം (10,000) തൈകളാണ് ഉൽപ്പാദിപ്പിക്കുന്നത്.
മെയ് മാസത്തിൽ ആരംഭിച്ച വിളവെടുപ്പ് ജൂൺ വരെ നീണ്ടുനിന്നു. ചൂട് കൂടുന്തോറും മുന്തിരി വേഗത്തിൽ പഴുക്കുമെന്നും അസിമ മേഖലയിലെ കാലാവസ്ഥ പരമ്പരാഗത ചുവപ്പും പച്ചയും ഇനം ഈന്തപ്പഴങ്ങൾക്കും മുന്തിരികൾക്കും ഏറെ അനുയോജ്യമാണെന്നും അൽ മസ്രൂയി പറഞ്ഞു. സ്വന്തം ഫാമിൽ വിപണനത്തിനല്ല മറിച്ച് തൈകൾ വെച്ചുപിടിപ്പിക്കുന്നതിനാണ് പ്രാധാന്യം നൽകുന്നത്. മുൻപ് വർഷത്തിൽ 500 തൈകൾ മാത്രം ഉൽപ്പാദിപ്പിച്ചിരുന്ന സ്ഥാനത്താണ് ഇപ്പോൾ പത്തിരട്ടിയിലധികം തൈകൾ ആവശ്യക്കാർക്കായി തയാറാക്കുന്നത്.
പാരമ്പര്യത്തെ ആദരിച്ച് ദുബായ്; ഡേറ്റ്സ് ഫെസ്റ്റിവൽ പങ്കാളികൾക്ക് വൻ തുക പ്രഖ്യാപിച്ചു
ദുബായ് : ദുബായ് ഡേറ്റ്സ് ഫെസ്റ്റിവലിൽ പങ്കെടുത്തവർക്കായി 10 ലക്ഷം ദിർഹത്തിന്റെ (1 മില്യൺ ദിർഹം) പ്രത്യേക സാമ്പത്തിക സഹായം പ്രഖ്യാപിച്ച് ദുബായ് കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും പ്രതിരോധമന്ത്രിയുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം. യുഎഇയുടെ പരമ്പരാഗത പൈതൃകവും ഈന്തപ്പന കൃഷിയും സംരക്ഷിക്കുന്നതിൽ കർഷകരും പങ്കാളികളും നൽകുന്ന മികച്ച സംഭാവനകളെ മാനിച്ചാണ് ഈ ആനുകൂല്യം അനുവദിച്ചിരിക്കുന്നത്.
ദുബായ്-അൽ ഐൻ റോഡിലെ ഖലാത്ത് അൽ റിമാലിൽ നടന്നു വന്ന ഡേറ്റ്സ് ഫെസ്റ്റിവലിന്റെ മൂന്നാം പതിപ്പ് അടുത്തിടെയാണ് സമാപിച്ചത്. ഈന്തപ്പന കർഷകരെയും ഉൽപ്പാദകരേയും പ്രോത്സാഹിപ്പിക്കുന്നതിനായി 15 വ്യത്യസ്ത മത്സരങ്ങളാണ് മേളയിൽ സംഘടിപ്പിച്ചിരുന്നത്. ഇതിനുപുറമേ, കമ്മ്യൂണിറ്റി ഡെവലപ്മെന്റ് അതോറിറ്റിയുടെ (CDA) നേതൃത്വത്തിൽ ‘ഖറായെഫ് അൽ റുതബ്’ പദ്ധതിയിലൂടെ അയ്യായിരത്തിലധികം കുടുംബങ്ങൾക്ക് സൗജന്യമായി ഈന്തപ്പഴം എത്തിച്ചു നൽകുന്ന ജീവകാരുണ്യ പ്രവർത്തനങ്ങളും പുരോഗമിക്കുന്നുണ്ട്.
അബുദാബി : യാസ് ഐലൻഡിലെ വാർണർ ബ്രദേഴ്സ് വേൾഡിൽ 2018-ന് ശേഷമുള്ള ആദ്യ പുതിയ സ്ഥിരം റൈഡായ ‘ക്രിപ്റ്റോനൈറ്റ് കൊളൈഡർ’ പ്രവർത്തനമാരംഭിച്ചു. ഡിസി കോമിക്സ് തീമിൽ ലെക്സ് ലൂഥറിന്റെ ലബോറട്ടറി പശ്ചാത്തലമാക്കി ഒരുക്കിയിരിക്കുന്ന ഈ റൈഡിൽ 32 പേർക്ക് ഒരേസമയം യാത്ര ചെയ്യാം. പ്രത്യേക വെളിച്ചം, ശബ്ദം, വിഷ്വൽ ഇഫക്റ്റുകൾ എന്നിവയുടെ അകമ്പടിയോടെ കറങ്ങുന്ന വേറിട്ടൊരു അനുഭവമാണ് ഇത് നൽകുന്നത്.
കുടുംബങ്ങൾക്ക് ഒന്നടങ്കം ആസ്വദിക്കാൻ സാധിക്കുന്ന വിധത്തിലാണ് ഈ റൈഡ് സജ്ജീകരിച്ചിരിക്കുന്നത്. ഏറ്റവും മികച്ച തീം പാർക്കിനുള്ള 2026-ലെ ലീസെബെർഗ് അപ്ലോസ് അവാർഡ് സ്വന്തമാക്കിയതിന് തൊട്ടുപിന്നാലെ അവതരിപ്പിച്ച ഈ ആക്ഷൻ റൈഡ്, പാർക്കിലേക്കുള്ള സാധാരണ എൻട്രി ടിക്കറ്റിൽ തന്നെ ആസ്വദിക്കാനാകും. മെട്രോപോളിസ് സോണിൽ ഇനി വരാനിരിക്കുന്ന ‘സൂപ്പർമാൻ അപ് ആൻഡ് എവേ’ റോളർ കോസ്റ്ററിന്റെ നിർമ്മാണവും പുരോഗമിക്കുകയാണ്.
യുഎഇ : ഫുജൈറയിലെ ഹജർ മലനിരകളിൽ സ്ഥിതി ചെയ്യുന്നതും യുഎഇയിലെ ഏക വർഷപാതമുള്ള സ്വാഭാവിക വെള്ളച്ചാട്ടവുമായ ‘വാദി വുറയ്യ’ സന്ദർശകർക്കായി തുറന്നു. യുനെസ്കോയുടെ ലോക പൈതൃക പട്ടികയിൽ ഇടംപിടിച്ച ഈ സംരക്ഷിത പാർക്കിലേക്ക് 2026 ജനുവരി മുതൽ പരിമിതമായ ഗ്രൂപ്പുകൾക്കായി നിയന്ത്രിത സന്ദർശനാനുമതി നൽകിത്തുടങ്ങിയതായി ഫുജൈറ എൻവയോൺമെന്റ് അതോറിറ്റി അറിയിച്ചു. പ്രദേശത്തിന്റെ ആവാസവ്യവസ്ഥയ്ക്ക് കേടുപാടുകൾ വരുത്താതെ പൊതുജനങ്ങൾക്ക് പ്രവേശനം നൽകുന്നതിനായി ഫുജൈറ ഹോളിഡേയ്സ് വഴിയാണ് യാത്രകൾ സംഘടിപ്പിക്കുന്നത്.
10,000 വർഷത്തിലധികം പഴക്കമുണ്ടെന്ന് കരുതപ്പെടുന്ന 13 മീറ്റർ ഉയരമുള്ള വെള്ളച്ചാട്ടവും 60-ലധികം ഉറവകളുമാണ് 220 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ള ഈ മേഖലയുടെ പ്രധാന ആകർഷണം. അറേബ്യൻ താർ, കാരാക്കൽ എന്നിവയുൾപ്പെടെ 1,000-ത്തിലധികം അപൂർവ്വ ജീവജാലങ്ങളുടെ കേന്ദ്രമായ ഇവിടേക്ക് ഫുജൈറ ഹോളിഡേയ്സ് വെബ്സൈറ്റിലെ ‘Explore Wadi Wurayah’ പാക്കേജ് വഴി ഒരാൾക്ക് 300 ദിർഹം നിരക്കിൽ മുൻകൂട്ടി ടൂറുകൾ ബുക്ക് ചെയ്യാം.
ദുബായ് : അലഞ്ഞുതിരിയുന്ന മൃഗങ്ങളുടെ സംരക്ഷണത്തിനും ദത്തെടുക്കലിനുമായി വർസാനിലെ ബേർഡ്സ് ആൻഡ് പെറ്റ്സ് മാർക്കറ്റിൽ സംയോജിത പേറ്റ് ഷെൽട്ടറും (Pet Shelter) ഡിജിറ്റൽ ദത്തെടുക്കൽ പ്ലാറ്റ്ഫോമും തുറന്ന് ദുബായ് മുൻസിപ്പാലിറ്റി. മൃഗസംരക്ഷണ രംഗത്ത് അന്താരാഷ്ട്ര നിലവാരത്തിലുള്ള പരിചരണം ഉറപ്പാക്കുന്നതിനും ഉത്തരവാദിത്തമുള്ള പെറ്റ് ദത്തെടുക്കൽ പ്രോത്സാഹിപ്പിക്കുന്നതിനുമായാണ് ഈ പദ്ധതി. സ്വകാര്യ വെറ്ററിനറി ക്ലിനിക്കുകളുമായി സഹകരിച്ച് അലഞ്ഞുതിരിയുന്ന പൂച്ചകൾക്കും നായ്ക്കൾക്കും വാക്സിനേഷനും വന്ധ്യംകരണവും (TNR/TNVR) ചികിത്സയും നൽകി പുനരധിവസിപ്പിക്കാനുള്ള നടപടികളും ഇതിലൂടെ സ്വീകരിക്കും.
പ്രത്യേകം സജ്ജമാക്കിയ വെറ്ററിനറി ക്ലിനിക്ക്, ആധുനിക സർജിക്കൽ തിയേറ്റർ, ഗ്രൂമിംഗ് യൂണിറ്റ്, ദത്തെടുക്കുന്നതിന് മുൻപ് മൃഗങ്ങളുമായി ഇടപെടാൻ സൗകര്യമുള്ള റൂമുകൾ എന്നിവയടക്കം അത്യാധുനിക സംവിധാനങ്ങളാണ് ഈ ഷെൽട്ടറിലുള്ളത്. ഇതിനോടൊപ്പമുള്ള ഡിജിറ്റൽ പ്ലാറ്റ്ഫോമിലൂടെ മൃഗങ്ങളുടെ ആരോഗ്യ വിവരങ്ങളും പെരുമാറ്റ രീതികളും മനസ്സിലാക്കി ആൾക്കാർക്ക് വളർത്തുമൃഗങ്ങളെ എളുപ്പത്തിൽ ദത്തെടുക്കാനാകും. നഗരത്തിന്റെ ജീവിതനിലവാരവും മൃഗങ്ങളോടുള്ള കരുണയും ഉയർത്തുക എന്ന ദുബായ് സിവിിലിറ്റി കമ്മിറ്റിയുടെ ലക്ഷ്യങ്ങളുടെ ഭാഗമായാണ് പുതിയ പ്ലാറ്റ്ഫോം പ്രവർത്തനം ആരംഭിച്ചിരിക്കുന്നത്.