ദുബൈ : ദുബൈയിലെ സ്കൂളുകളിൽ പഠിക്കുന്ന പ്രതിഭാധനരായ (Gifted) വിദ്യാർത്ഥികളെ കണ്ടെത്താനും അവരുടെ കഴിവുകൾ വളർത്തിയെടുക്കാനുമായി ഹംദാൻ ബിൻ റാഷിദ് അൽ മക്തും ഫൗണ്ടേഷനും നോളജ് ഫണ്ട് എസ്റ്റാബ്ലിഷ്മെന്റും തമ്മിൽ ധാരണാപത്രം ഒപ്പുവെച്ചു. ഇതിന്റെ ഭാഗമായി ‘ഹംദാൻ ഗിഫ്റ്റഡ്നെസ് സ്കെയിൽ’ ഉപയോഗിച്ച് വിദ്യാർത്ഥികളുടെ കഴിവുകൾ ശാസ്ത്രീയമായി വിലയിരുത്തുകയും അധ്യാപകർക്ക് പ്രത്യേക പരിശീലനം നൽകുകയും ചെയ്യും. തിരഞ്ഞെടുക്കപ്പെടുന്ന മിടുക്കരായ കുട്ടികൾക്ക് അവരുടെ കഴിവുകൾ വികസിപ്പിക്കാൻ സഹായിക്കുന്ന പ്രത്യേക കോഴ്സുകളിൽ പ്രവേശനം നൽകും. ഭാവിയിലെ വിജ്ഞാനാധിഷ്ഠിത സമ്പദ്വ്യവസ്ഥയിലേക്ക് പുതിയ തലമുറയെ പ്രാപ്തരാക്കുകയാണ് ഈ പദ്ധതിയുടെ ലക്ഷ്യം.
Education
ദുബായ്: യുഎഇയിലെ പ്രമുഖ വിദ്യാഭ്യാസ ദാതാക്കളായ താലീം ഗ്രൂപ്പിന് ഈ സാമ്പത്തിക വർഷത്തിൽ വൻ വരുമാന നേട്ടം. പ്രീമിയം സ്കൂളുകളിലെ ഫീസ് നിരക്കുകളിൽ വരുത്തിയ മൂന്നര ശതമാനം വർദ്ധനവും പുതിയ സ്കൂളുകളിലേക്കുള്ള വിദ്യാർത്ഥികളുടെ വൻതോതിലുള്ള പ്രവേശനവുമാണ് കമ്പനിയുടെ വരുമാനം റെക്കോർഡ് ഉയരത്തിൽ എത്തിച്ചത്.
2025/26 സാമ്പത്തിക വർഷത്തിന്റെ ആദ്യ ഒൻപത് മാസങ്ങളിൽ താലീമിന്റെ പ്രവർത്തന വരുമാനം മുൻ വർഷത്തെ അപേക്ഷിച്ച് പതിനെട്ടര ശതമാനം വർദ്ധിച്ച് 117 കോടി ദിർഹമായി ഉയർന്നു. നികുതിക്ക് ശേഷമുള്ള കമ്പനിയുടെ അറ്റാദായം ഒൻപത് ശതമാനം വർദ്ധിച്ച് 28.32 കോടി ദിർഹത്തിലെത്തിയിട്ടുണ്ട്. പുതിയ ക്യാമ്പസുകൾ ആരംഭിച്ചതുമായി ബന്ധപ്പെട്ട വലിയ വികസന ചിലവുകൾക്കിടയിലും പ്രീമിയം വിദ്യാഭ്യാസത്തിനായുള്ള വർദ്ധിച്ചുവരുന്ന ആവശ്യകതയാണ് ഈ മികച്ച സാമ്പത്തിക വളർച്ചയ്ക്ക് പിന്നിലെന്ന് കമ്പനി വ്യക്തമാക്കുന്നു.
താലീമിന്റെ പ്രീമിയം സ്കൂളുകളിൽ പഠിക്കുന്ന കുട്ടികളുടെ എണ്ണം പതിനൊന്നര ശതമാനം വർദ്ധിച്ച് പതിനെണ്ണായിരത്തി അഞ്ഞൂറിലധികമായി ഉയർന്നു. ഡിബിഎസ് മിറ, ഡിബിഎസ് ഐലൻഡ്സ് എന്നീ പുതിയ സ്കൂളുകൾ ആരംഭിച്ചതോടെ മൊത്തം സീറ്റുകളുടെ എണ്ണവും വലിയ തോതിൽ വർദ്ധിച്ചിട്ടുണ്ട്. നിലവിൽ യുഎഇയിലുടനീളം താലീം 14 പ്രീമിയം സ്കൂളുകളാണ് നടത്തുന്നത്. കൂടാതെ വിവിധ സർക്കാർ പങ്കാളിത്തത്തോടെയുള്ള 23 സ്കൂളുകളിലായി ഇരുപത്തിമൂവായിരത്തിലധികം വിദ്യാർത്ഥികളും പഠിക്കുന്നുണ്ട്.
വരും വർഷങ്ങളിൽ കൂടുതൽ പ്രീമിയം സ്കൂളുകൾ തുറക്കാനുള്ള തയാറെടുപ്പിലാണ് ഗ്രൂപ്പെന്ന് താലീം ചെയർമാൻ ഖാലിദ് അൽ തായർ വ്യക്തമാക്കി. വരുന്ന ഓഗസ്റ്റ് 31-ന് ഹാരോ ഇന്റർനാഷണൽ സ്കൂൾ ദുബായ് പ്രവർത്തനം ആരംഭിക്കും. ഇതിനോടകം തന്നെ മുന്നൂറ്റിലധികം വിദ്യാർത്ഥികൾ ഇവിടെ രജിസ്ട്രേഷൻ പൂർത്തിയാക്കിയിട്ടുണ്ട്. ഹാരോ അബുദാബി, ഡിബിഎസ് ഗാഫ് വുഡ്സ് എന്നിവ കൂടി അടുത്ത രണ്ട് വർഷത്തിനുള്ളിൽ യാഥാർത്ഥ്യമാകുന്നതോടെ അയ്യായിരത്തിലധികം പുതിയ പ്രീമിയം സീറ്റുകൾ കൂടി വിപണിയിൽ ലഭ്യമാകുമെന്നും യുഎഇയിലെ വിദ്യാഭ്യാസ മേഖലയിൽ താലീമിന്റെ സ്വാധീനം കൂടുതൽ ശക്തമാകുമെന്നും ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ അലൻ വില്യംസൺ അറിയിച്ചു.
ഇനി അധികം കാത്തിരിക്കേണ്ട! യുഎഇ സ്കൂൾ ഫലപ്രഖ്യാപനത്തിന്റെ സമയക്രമം പുറത്തുവിട്ടു
ദുബായ് : യുഎഇയിലെ പൊതുവിദ്യാലയങ്ങളിലും (Government Schools) മിനിസ്ട്രി ഓഫ് എഡ്യൂക്കേഷൻ (MoE) സിലബസ് പിന്തുടരുന്ന സ്വകാര്യ സ്കൂളുകളിലുമുള്ള 1 മുതൽ 12 വരെയുള്ള ക്ലാസുകളിലെ 2025-2026 അധ്യയന വർഷത്തെ വാർഷിക പരീക്ഷാ ഫല തീയതികൾ പ്രഖ്യാപിച്ചു. വിദ്യാർത്ഥികൾക്ക് തിരക്കില്ലാതെ ഫലം അറിയുന്നതിനായി രണ്ടു ദിവസങ്ങളിലായി വ്യത്യസ്ത സമയങ്ങളിലാണ് ഫലപ്രഖ്യാപനം ക്രമീകരിച്ചിരിക്കുന്നത്.
ആദ്യഘട്ട ഫലപ്രഖ്യാപനം 2026 ജൂലൈ 12 ഞായറാഴ്ച നടക്കും. അന്ന് രാവിലെ 10 മണിക്ക് പന്ത്രണ്ടാം ക്ലാസിലെ വിദ്യാർത്ഥികളുടെയും, ഉച്ചയ്ക്ക് 12 മണിക്ക് 9 മുതൽ 11 വരെയുള്ള ക്ലാസുകളിലെ വിദ്യാർത്ഥികളുടെയും ഫലം പ്രസിദ്ധീകരിക്കും. രണ്ടാം ഘട്ടത്തിൽ ജൂലൈ 13 തിങ്കളാഴ്ച രാവിലെ 10 മണിക്ക് 5 മുതൽ 8 വരെയുള്ള ക്ലാസുകളിലെയും, ഉച്ചയ്ക്ക് 12 മണിക്ക് 1 മുതൽ 4 വരെയുള്ള ക്ലാസുകളിലെയും ഫലങ്ങൾ ലഭ്യമാകും. വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും നിശ്ചിത സമയത്തു വിദ്യാർത്ഥി പോർട്ടൽ (Student Portal) വഴി ഫലം പരിശോധിക്കാവുന്നതാണ്. അതത് ഫലപ്രഖ്യാപന ദിവസങ്ങളിൽ രാത്രി 8 മണി മുതൽ അർദ്ധരാത്രി 12 മണി വരെ ഡിജിറ്റൽ സർട്ടിഫിക്കറ്റുകൾ പ്രിന്റ് ചെയ്യാനുള്ള സൗകര്യവും പോർട്ടലിൽ ലഭ്യമായിരിക്കുമെന്ന് മന്ത്രാലയം അറിയിച്ചു.
പ്രതിസന്ധികളിലും മിന്നിത്തിളങ്ങി യുഎഇ; അന്താരാഷ്ട്ര തലത്തിൽ മികച്ച മാർക്കുമായി വിദ്യാർത്ഥികൾ
ദുബായ് : ആഭ്യന്തര സംഘർഷങ്ങളെ തുടർന്ന് ഫൈനൽ പരീക്ഷകൾ റദ്ദാക്കേണ്ടി വന്നിട്ടും അന്താരാഷ്ട്ര ബാക്കലോറിയറ്റ് (IB) ഡിപ്ലോമ ഫലങ്ങളിൽ ആഗോള ശരാശരിയേക്കാൾ മികച്ച വിജയം സ്വന്തമാക്കി യുഎഇയിലെ വിദ്യാർത്ഥികൾ. യുഎസ്-ഇസ്രായേൽ-ഇറാൻ യുദ്ധം മൂലം ഗൾഫ് മേഖലയിലുടനീളം പരീക്ഷകൾ തടസ്സപ്പെട്ടതിനെ തുടർന്ന്, പരീക്ഷയ്ക്ക് പകരമുള്ള പ്രത്യേക മൂല്യനിർണ്ണയ സംവിധാനമായ ‘നോൺ-എക്സാം കണ്ടിൻജൻസി മെഷർ’ (NECM) വഴിയാണ് അന്താരാഷ്ട്ര ബാക്കലോറിയറ്റ് ഓർഗനൈസേഷൻ ഇത്തവണ ഫലം തയ്യാറാക്കിയത്.
പ്രതികൂല സാഹചര്യങ്ങളിലും യുഎഇയിലെ പ്രമുഖ സ്കൂൾ ഗ്രൂപ്പുകളായ ഇന്നോവഞ്ചേഴ്സ് എഡ്യൂക്കേഷൻ 100 ശതമാനം വിജയവും ജിഇഎംഎസ് (GEMS) എഡ്യൂക്കേഷൻ 99 ശതമാനം വിജയവും രേഖപ്പെടുത്തി. ആഗോള ശരാശരിയായ 31 പോയിന്റിനേക്കാൾ വളരെ മുന്നിലെത്തി 35-ലധികം ആവറേജ് പോയിന്റുകൾ നേടിയാണ് യുഎഇ വിദ്യാർത്ഥികൾ തിളങ്ങിയത്. ഈ ബാച്ചിലെ നാല് വിദ്യാർത്ഥികൾ ലോകത്തിലെ തന്നെ ഏറ്റവും മികച്ച സ്കോറായ 45 ഔട്ട് ഓഫ് 45 പോയിന്റുകൾ സ്വന്തമാക്കുകയും കേംബ്രിഡ്ജ് ഉൾപ്പെടെയുള്ള ലോകോത്തര സർവ്വകലാശാലകളിൽ ഉയർന്ന സ്കോളർഷിപ്പോടെ അഡ്മിഷൻ ഉറപ്പാക്കുകയും ചെയ്തു.
അബുദാബി: കുട്ടികളെ ഉൾപ്പെടുത്തി നടത്തുന്ന ശാസ്ത്രീയ പഠനങ്ങളിലും സാമൂഹിക ഗവേഷണങ്ങളിലും അവരുടെ സുരക്ഷയും മാനസികാവകാശങ്ങളും ഉറപ്പാക്കുന്നതിനുള്ള അന്താരാഷ്ട്ര പദ്ധതിക്ക് അബുദാബിയിൽ വിജയകരമായ തുടക്കം. അബുദാബി ഏർലി ചൈൽഡ്ഹുഡ് അതോറിറ്റി (ECA) മൂന്ന് വർഷമെടുത്ത് പൂർത്തിയാക്കിയ ‘ചൈൽഡ് അസന്റ് പ്രൊജക്റ്റ്’ (Child Assent Project) കുട്ടികളുടെ അവകാശ സംരക്ഷണ രംഗത്തെ ആഗോള തലത്തിലെ തന്നെ ആദ്യത്തെ സുപ്രധാന ചുവടുവെപ്പാണ്.
പലപ്പോഴും ഗവേഷണങ്ങളുടെ ഭാഗമാകുമ്പോൾ കുട്ടികളുടെ താല്പര്യങ്ങൾക്കോ അവരുടെ പ്രായത്തിനനുസരിച്ചുള്ള തീരുമാനങ്ങൾക്കോ വേണ്ടത്ര പ്രാധാന്യം ലഭിക്കാറില്ലെന്ന പോരായ്മ പരിഹരിക്കാനാണ് ഈ പ്രൊജക്റ്റ് രൂപീകരിച്ചത്. കുട്ടികളിൽ നിന്ന് എങ്ങനെ അവരുടെ പൂർണ്ണ സമ്മതത്തോടെയും താല്പര്യത്തോടെയും വിവരങ്ങൾ ശേഖരിക്കാം, പ്രായത്തിന് അനുസൃതമായി അവരെ എങ്ങനെ പഠനങ്ങളുടെ ഭാഗമാക്കാം എന്നതിനെക്കുറിച്ചുള്ള കൃത്യമായ അന്താരാഷ്ട്ര മാനദണ്ഡങ്ങൾ ഇതിലൂടെ അതോറിറ്റി മുന്നോട്ട് വയ്ക്കുന്നു.
പദ്ധതിയുടെ പൂർത്തീകരണത്തോടനുബന്ധിച്ച് അതോറിറ്റിയുടെ റിസർച്ച് ഗ്രാന്റ്സ് പ്രോഗ്രാമിന് കീഴിൽ ഇരുപതിലധികം പ്രമുഖ ആഗോള ഗവേഷകരെ പങ്കെടുപ്പിച്ചു കൊണ്ട് പ്രത്യേക ശില്പശാലയും സംഘടിപ്പിച്ചു. വരും വർഷങ്ങളിലെ നയരൂപീകരണത്തിലും ഔദ്യോഗിക പഠനങ്ങളിലും ഈ പുതിയ കണ്ടെത്തലുകൾ എങ്ങനെ ഉൾപ്പെടുത്താമെന്ന് ശില്പശാല ചർച്ച ചെയ്തു. അബുദാബിയിൽ മാത്രമല്ല, ആഗോളതലത്തിൽ തന്നെ കുട്ട കേന്ദ്രീകൃതമായ ഗവേഷണങ്ങൾക്ക് പുതിയ ദിശാബോധം നൽകാൻ ഈ പ്രായോഗിക നിർദ്ദേശങ്ങൾക്ക് സാധിക്കുമെന്ന് ഇസിഎ റിസർച്ച് ആൻഡ് നോളജ് സൊല്യൂഷൻസ് ഡയറക്ടർ സലേഹ അൽ അസ്രി പറഞ്ഞു. 2026 റിസർച്ച് ഗ്രാന്റ്സ് സൈക്കിളിന്റെ ഭാഗമായി നിലവിൽ ആദ്യകാല ബാലവികസനവുമായി ബന്ധപ്പെട്ട അഞ്ച് പ്രധാന ഗവേഷണ പ്രോജക്ടുകൾക്കാണ് അതോറിറ്റി പിന്തുണ നൽകുന്നത്.
ദുബായ് : ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ നിർദ്ദേശപ്രകാരം വിദ്യാർത്ഥികൾക്കായി ‘സ്കിൽസ് ഫോർ ലൈഫ്’ പദ്ധതി പ്രഖ്യാപിച്ച് കെഎച്ച്ഡിഎ (KHDA). കുട്ടിക്കാലം മുതൽ പഠിതാക്കളുടെ പ്രായോഗികവും സാമ്പത്തികവും സാമൂഹികവുമായ കഴിവുകൾ വികസിപ്പിക്കാൻ ലക്ഷ്യമിട്ടുള്ളതാണ് ഈ പദ്ധതി. ദുബായിലെ ‘എഡ്യൂക്കേഷൻ 33’ തന്ത്രത്തിന്റെ ഭാഗമായി 2026-27 അധ്യയന വർഷം മുതൽ ഇത് നടപ്പിലാക്കും.
മാറുന്ന ലോകത്തിനനുസരിച്ച് കുട്ടികളെ ഭാവിയിലേക്ക് സജ്ജരാക്കുകയാണ് ഇതിന്റെ ലക്ഷ്യം. ആരോഗ്യം, സാമ്പത്തിക സാക്ഷരത, ഡിജിറ്റൽ കഴിവുകൾ, മാനസിക പ്രതിരോധം എന്നിവ പാഠ്യപദ്ധതികളുടെ ഭാഗമാക്കും. മികച്ച കരിയർ തിരഞ്ഞെടുക്കാനും ശരിയായ തീരുമാനങ്ങൾ എടുക്കാനും ഇത് വിദ്യാർത്ഥികളെ സഹായിക്കും.
അബുദാബി : യുഎഇയിലെ ഭാവി തലമുറയെ ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെയും പുത്തൻ സാങ്കേതികവിദ്യകളുടെയും ലോകത്തേക്ക് നയിക്കുക എന്ന ലക്ഷ്യത്തോടെ ഐഐടി ഡൽഹി – അബുദാബി കാമ്പസ് തങ്ങളുടെ അഭിമാന പദ്ധതിയായ ‘അൽ-ഇബ്തികാർ’ സ്കൂൾ ഔട്ട്രീച്ച് പ്രോഗ്രാമിന് തുടക്കം കുറിക്കുന്നു. ഇതിന്റെ ആദ്യപടിയായി യുഎഇയിലെ 11, 12 ക്ലാസുകളിലെ വിദ്യാർത്ഥികൾക്കായി 2026 ജൂലൈ 6 മുതൽ 8 വരെ മൂന്ന് ദിവസത്തെ റെസിഡൻഷ്യൽ ‘യുഎഇ ഇന്നൊവേഷൻ ആൻഡ് എഐ ബൂട്ട്ക്യാമ്പ്’ സംഘടിപ്പിക്കും.
ആഗോള ക്യുഎസ് വേൾഡ് യൂണിവേഴ്സിറ്റി റാങ്കിംഗിൽ ഇന്ത്യയിൽ ഒന്നാമതുള്ള ഐഐടി ഡൽഹിയുടെ അന്താരാഷ്ട്ര കാമ്പസായ അബുദാബി കാമ്പസിലാണ് ഈ ചരിത്രപരമായ സംരംഭം അരങ്ങേറുന്നത്. അറബി ഭാഷയിൽ ‘നൂതനാശയങ്ങൾ’ അല്ലെങ്കിൽ ‘കണ്ടുപിടുത്തം’ എന്ന് അർത്ഥം വരുന്ന ‘അൽ-ഇബ്തികാർ’ എന്ന ഈ പദ്ധതിയിലൂടെ സ്കൂൾ തലം മുതൽ തന്നെ കുട്ടികളിൽ എഞ്ചിനീയറിംഗ്, സംരംഭകത്വ ചിന്താഗതികൾ വളർത്തിയെടുക്കുകയാണ് ലക്ഷ്യമിടുന്നത്. വിദ്യാർത്ഥികൾക്ക് വെറും പുസ്തക അറിവുകൾക്കപ്പുറം കൃത്രിമ ബുദ്ധിയിലെ യഥാർത്ഥ വെല്ലുവിളികളെ നേരിടാനും ഗ്രൂപ്പ് ചർച്ചകളിലൂടെയും വിദഗ്ദ്ധരുടെ മാർഗ്ഗനിർദ്ദേശങ്ങളിലൂടെയും പുതിയ പരിഹാരങ്ങൾ കണ്ടെത്താനും ഈ മൂന്ന് ദിവസത്തെ ക്യാമ്പ് മികച്ച അവസരമൊരുക്കും. കേവലമൊരു ഒറ്റപ്പെട്ട പരിപാടിയായല്ല, മറിച്ച് യുഎഇയുടെ നാളത്തെ ശാസ്ത്ര സാങ്കേതിക നേതൃത്വത്തെ നിരന്തരമായ പരിശീലനത്തിലൂടെയും മെന്റർഷിപ്പിലൂടെയും വളർത്തിയെടുക്കുന്ന ഒരു സുസ്ഥിര പ്രക്രിയയായാണ് ഐഐടി ഡൽഹി അബുദാബി ഈ പദ്ധതിയെ രൂപകൽപ്പന ചെയ്തിരിക്കുന്നത്.
ക്ലാസ് മുറിയിൽ തേനീച്ചക്കൂട്; ജൈവവൈവിധ്യത്തിന്റെ പാഠങ്ങളുമായി ദുബായിലെ സ്കൂൾ
ദുബായ് : വിദ്യാർത്ഥികളിൽ പരിസ്ഥിതി ബോധവും ജൈവവൈവിധ്യവും വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെ സ്കൂൾ കാമ്പസിനുള്ളിൽ ജീവനുള്ള തേനീച്ചക്കൂട് സ്ഥാപിച്ച് ദുബായിലെ ദേര ഇന്റർനാഷണൽ സ്കൂൾ (Deira International School). ടെറ എക്സ്പോ സിറ്റി ദുബായിയുടെ ‘ഹൺഡ്രഡ് ഹൈവ്സ്’ (Hundred Hives) പദ്ധതിയുടെ ഭാഗമായാണ് വിദ്യാലയത്തിൽ ഈ തേനീച്ചക്കോളനി ഒരുക്കിയിരിക്കുന്നത്. ഇതോടെ കാമ്പസിൽ സ്വന്തമായി തേനീച്ചക്കൂട് സ്ഥാപിക്കുന്ന ദുബായിലെ ആദ്യ സ്കൂളായി ദേര ഇന്റർനാഷണൽ സ്കൂൾ മാറി. 2,500-ലധികം വരുന്ന വിദ്യാർത്ഥികൾക്കും ജീവനക്കാർക്കും തേനീച്ചകളുടെ ജീവിതം നേരിട്ട് കണ്ടു മനസ്സിലാക്കാൻ ഈ പദ്ധതിയിലൂടെ സാധിക്കും.
ഈ പദ്ധതി വെറും തേൻ ശേഖരണത്തിന് വേണ്ടിയുള്ളതല്ലെന്നും യുഎഇയുടെ നാഷണൽ ഫുഡ് സെക്യൂരിറ്റി സ്ട്രാറ്റജി 2051-ന് (Food Security Strategy 2051) പിന്തുണ നൽകുന്ന ജൈവവൈവിധ്യ സംരക്ഷണത്തിനായുള്ള വലിയൊരു ചുവടുവെപ്പാണെന്നും സ്കൂൾ അധികൃതർ വ്യക്തമാക്കി. പരിസ്ഥിതി പഠനം പുസ്തകങ്ങളിൽ ഒതുക്കാതെ കുട്ടികൾക്ക് പ്രായോഗിക ജ്ഞാനം നൽകുകയാണ് ഇതിലൂടെ ചെയ്യുന്നത്. വരും വർഷങ്ങളിൽ സ്കൂളിലെ ഹൈഡ്രോപോണിക്സ് ടവറുകളുമായി ഇതിനെ ബന്ധിപ്പിക്കാനും കുട്ടികൾ ശേഖരിക്കുന്ന തേൻ അവരെക്കൊണ്ട് തന്നെ ബ്രാൻഡ് ചെയ്ത് വിതരണം ചെയ്യാനും സ്കൂൾ ലക്ഷ്യമിടുന്നുണ്ട്. ടെറ എക്സ്പോ സിറ്റിയുമായി സഹകരിച്ച് ഇതിനായി സ്കൂളിലെ അധ്യാപകർക്ക് പ്രത്യേക ബീകീപ്പിംഗ് (Beekeeping) പരിശീലനവും നൽകിയിട്ടുണ്ട്.
ദുബായ് : ആഗോള വിദ്യാഭ്യാസ രംഗത്തെ ഏറ്റവും അഭിമാനകരമായ പുരസ്കാരങ്ങളിലൊന്നായ ‘വേൾഡ്സ് ബെസ്റ്റ് സ്കൂൾ പ്രൈസസ് 2026’ (World’s Best School Prizes 2026)ന്റെ അവസാന പത്ത് സ്കൂളുകളുടെ പട്ടികയിൽ യുഎഇയിൽ നിന്നുള്ള രണ്ട് വിദ്യാലയങ്ങൾ ഇടംപിടിച്ചു. ഷാർജയിലെ ‘അപ്ലൈഡ് ടെക്നോളജി സ്കൂളും’ (ATS Sharjah), ‘നോർഡ് ആംഗ്ലിയ ഇന്റർനാഷണൽ സ്കൂൾ ദുബായുമാണ്’ (NAS Dubai) ഈ അന്താരാഷ്ട്ര ബഹുമതിക്ക് അർഹരായത്. വിദ്യാർത്ഥികളുടെ ആരോഗ്യ സംരക്ഷണം, സാമൂഹിക പങ്കാളിത്തം എന്നീ മേഖലകളിലെ മികച്ച പ്രവർത്തനങ്ങളാണ് ഇവരെ ഈ നേട്ടത്തിന് അർഹരാക്കിയത്.
പൊതു വിദ്യാലയമായ എടിഎസ് ഷാർജ, വിദ്യാർത്ഥികൾക്കായി വികസിപ്പിച്ചെടുത്ത ‘ഇന്റലിജന്റ് ഹെൽത്തി ഫുഡ് ഡിസ്പെൻസിങ് സൊല്യൂഷൻ’ എന്ന സാങ്കേതികവിദ്യയിലൂടെയാണ് ആരോഗ്യ സംരക്ഷണ വിഭാഗത്തിൽ ആദ്യ പത്തിൽ എത്തിയത്. അലർജി സാധ്യതകൾ ഒഴിവാക്കാനും മികച്ച ഭക്ഷണരീതി തിരഞ്ഞെടുക്കാനും ഈ സംവിധാനം കുട്ടികളെ സഹായിക്കുന്നു. അതേസമയം, ദുബായ് എൻഎഎസ് സ്കൂൾ വിവിധ രാജ്യക്കാരായ വിദ്യാർത്ഥികളെയും രക്ഷിതാക്കളെയും ഒരുമിച്ച് നിർത്തിക്കൊണ്ട് നടത്തിയ സാമൂഹിക പ്രവർത്തനങ്ങളുടെ മികവിലാണ് ‘കമ്മ്യൂണിറ്റി കൊളാബറേഷൻ’ വിഭാഗത്തിൽ തിരഞ്ഞെടുക്കപ്പെട്ടത്. അഞ്ച് വിഭാഗങ്ങളിലായി നടക്കുന്ന ഈ മത്സരത്തിന്റെ വിജയികളെ നവംബറിൽ പ്രഖ്യാപിക്കും. ജൂൺ 25 മുതൽ പൊതുജനങ്ങൾക്കായി വോട്ടിംഗ് ലൈവായി ആരംഭിച്ചിട്ടുണ്ട്.
അബുദാബി : ടൈംസ് ഹയർ എജ്യുക്കേഷൻ സുസ്ഥിരതാ ഇംപാക്ട് റാങ്കിംഗിൽ (Times Higher Education Sustainability Impact Ratings 2026) ലോകത്തെ മികച്ച 400 സർവ്വകലാശാലകളുടെ പട്ടികയിൽ ഇടംപിടിച്ച് അബുദാബി യൂണിവേഴ്സിറ്റി (ADU). ലോകമെമ്പാടുമുള്ള 1,603 സർവ്വകലാശാലകളിൽ 301-400 വിഭാഗത്തിലാണ് അബുദാബി യൂണിവേഴ്സിറ്റി സ്ഥാനം നേടിയത്. ഇതോടെ യുഎഇയിൽ പങ്കെടുത്ത 12 ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിൽ മറ്റ് രണ്ട് സ്ഥാപനങ്ങൾക്കൊപ്പം ആറാം സ്ഥാനത്തെത്താനും യൂണിവേഴ്സിറ്റിക്ക് സാധിച്ചു. യുഎൻ സുസ്ഥിര വികസന ലക്ഷ്യങ്ങൾ (SDGs) മുൻനിർത്തിയുള്ള വിദ്യാഭ്യാസ, ഗവേഷണ പ്രവർത്തനങ്ങളാണ് നേട്ടത്തിന് പിന്നിൽ.
വിവിധ സുസ്ഥിര വികസന ലക്ഷ്യങ്ങളിൽ മികച്ച മുന്നേറ്റമാണ് യൂണിവേഴ്സിറ്റി നടത്തിയത്. ‘അസമത്വങ്ങൾ കുറയ്ക്കൽ’ (SDG 10) എന്ന വിഭാഗത്തിൽ ആഗോളതലത്തിൽ 14-ാം സ്ഥാനവും യുഎഇയിൽ ഒന്നാം സ്ഥാനവും നേടാൻ സാധിച്ചു. ‘മാന്യമായ ജോലിയും സാമ്പത്തിക വളർച്ചയും’ (SDG 8) എന്ന ലക്ഷ്യത്തിൽ ആഗോളതലത്തിൽ 76-ാം സ്ഥാനത്താണ്. കൂടാതെ ഗുണനിലവാരമുള്ള വിദ്യാഭ്യാസം, വ്യവസായം, നവീകരണം തുടങ്ങിയ മേഖലകളിലും യൂണിവേഴ്സിറ്റി മികച്ച റാങ്കിംഗ് സ്വന്തമാക്കി. ഈ ചരിത്രനേട്ടം സമൂഹത്തിന് കൂടുതൽ മൂല്യം സൃഷ്ടിക്കുന്നതിനും ഭാവി തലമുറയെ സുസ്ഥിര വികസനത്തിനായി പ്രാപ്തരാക്കുന്നതിനും സഹായിക്കുമെന്ന് അബുദാബി യൂണിവേഴ്സിറ്റി ചാൻസലർ പ്രൊഫസർ ഗസ്സാൻ ഔവ്വാദ് വ്യക്തമാക്കി.