അബുദാബി : യുഎഇയിലെ ജനങ്ങളുടെ ക്രെഡിറ്റ് റിപ്പോർട്ടുകളിൽ ‘ബൈ നൗ, പേ ലേറ്റർ’ (BNPL) ഇടപാടുകളുടെ വിവരങ്ങൾ കൂടി ഉൾപ്പെടുത്തി ഇത്തിഹാദ് ക്രെഡിറ്റ് ബ്യൂറോ (ECB). പ്രമുഖ ബിഎൻപിഎൽ സേവനദാതാക്കളായ ടാബി (Tabby), താമര (Tamara) എന്നിവയുമായി സഹകരിച്ചാണ് 2026 ജൂലൈ മുതൽ ഈ മാറ്റം പ്രാബല്യത്തിൽ വരുത്തിയത്. നിലവിലുള്ളതും പുതിയതുമായ ഉപഭോക്താക്കളുടെ മുൻകാല ഇടപാടുകളുടെ വിവരങ്ങൾ ഉൾപ്പെടെ ഇനി ക്രെഡിറ്റ് റിപ്പോർട്ടിൽ ലഭ്യമാകും.
ഉപഭോക്താക്കളുടെ സാമ്പത്തിക ബാധ്യതകളെക്കുറിച്ച് കൃത്യമായ ധാരണ ലഭിക്കുന്നതിനും, ബാങ്കുകൾക്കും വായ്പാ സ്ഥാപനങ്ങൾക്കും കൂടുതൽ സുരക്ഷിതമായി വായ്പകൾ നൽകുന്നതിനും ഈ തീരുമാനം സഹായിക്കും. കൂടാതെ, ബിഎൻപിഎൽ സേവനങ്ങൾ കൃത്യമായി ഉപയോഗിക്കുന്നവർക്ക് ഉയർന്ന ക്രെഡിറ്റ് സ്കോർ നേടാനും ഔദ്യോഗിക സാമ്പത്തിക വ്യവസ്ഥയുടെ ഭാഗമാകാനും ഇത് അവസരമൊരുക്കും. യുഎഇയിലെ ധനകാര്യ മേഖലയിൽ സുതാര്യത ഉറപ്പാക്കുന്നതിൻ്റെ ഭാഗമായാണ് നടപടിയെന്ന് അധികൃതർ വ്യക്തമാക്കി.
Raneesha Razak
ലണ്ടൻ : ലണ്ടനിൽ നടന്ന ഗാലക്സി അൺപാക്ക്ഡ് ചടങ്ങിൽ രണ്ട് പുതിയ സ്മാർട്ട്വാച്ചുകൾ സാംസങ് അവതരിപ്പിച്ചു. നിത്യജീവിതത്തിലെ ആരോഗ്യനിരീക്ഷണം, ഉറക്കം, വ്യായാമം എന്നിവ ട്രാക്ക് ചെയ്യാൻ സഹായിക്കുന്ന ലൈറ്റ്വെയ്റ്റ് മോഡലായ ‘ഗാലക്സി വാച്ച്9’, സാഹസിക യാത്രികർക്കും കായികതാരങ്ങൾക്കുമായി കൂടുതൽ കരുത്തോടെ നിർമ്മിച്ച ‘ഗാലക്സി വാച്ച് അൾട്രാ2’ എന്നിവയാണ് വിപണിയിലെത്തിച്ചത്. അലുമിനിയം ബോഡിയിലുള്ള വാച്ച്9 40mm, 44mm അളവുകളിൽ ലഭ്യമാണ്. അതേസമയം 47mm ടൈറ്റാനിയം ബോഡിയും വലിയ 800mAh ബാറ്ററിയുമുള്ളതാണ് വാച്ച് അൾട്രാ2. ക്വാൽകോമിന്റെ പുതിയ സ്നാപ്ഡ്രാഗൺ വെയർ എലൈറ്റ് പ്രൊസസറാണ് ഇരു വാച്ചുകളിലും പ്രവർത്തിക്കുന്നത്.
വാച്ച്9-ൽ ഹൃദയാരോഗ്യം, ഫിറ്റ്നസ് സൂചിക, ശബ്ദമലിനീകരണ മുന്നറിയിപ്പ് എന്നിവ പരിശോധിക്കാനുള്ള സൗകര്യങ്ങളുണ്ട്. കടുത്ത കാലാവസ്ഥയെ പ്രതിരോധിക്കുന്ന അൾട്രാ2-ൽ ട്രെയിൽ റണ്ണിംഗ്, ഡൈവിംഗ് ട്രാക്കിംഗ്, നിർജ്ജലീകരണ നിർദ്ദേശങ്ങൾ തുടങ്ങിയ പ്രീമിയം ഫീച്ചറുകളും ഉൾപ്പെടുത്തിയിട്ടുണ്ട്. യുഎഇയിൽ വാച്ച്9 അടിസ്ഥാന മോഡലുകൾക്ക് 1,449 ദിർഹം മുതലും എൽടിഇ പതിപ്പുകൾക്ക് 1,649 ദിർഹം മുതലുമാണ് വില. വാച്ച് അൾട്രാ2-ന് 2,669 ദിർഹമാണ് വില നിശ്ചയിച്ചിരിക്കുന്നത്. മുൻകൂട്ടി ബുക്ക് ചെയ്യാവുന്ന വാച്ചുകൾ ഓഗസ്റ്റ് 7 മുതൽ വിപണിയിൽ ലഭ്യമായിത്തുടങ്ങും.
ദുബായ് : അക്കൗണ്ടുകളിൽ നിന്ന് അനുമതിയില്ലാതെ തുക പിൻവലിക്കപ്പെടുന്ന ബാങ്ക് തട്ടിപ്പുകൾക്ക് ഇരയാകുന്ന ഉപഭോക്താക്കൾക്ക് നഷ്ടപരിഹാരം നൽകാൻ ബാങ്കുകൾക്ക് നിയമപരമായ ബാധ്യതയുണ്ടെന്ന് യുഎഇ സെൻട്രൽ ബാങ്കിന്റെ കൺസ്യൂമർ പ്രൊട്ടക്ഷൻ ചട്ടങ്ങൾ വ്യക്തമാക്കുന്നു. ഡിജിറ്റൽ പേയ്മെന്റ് സംവിധാനങ്ങളോ കാർഡുകളോ വ്യാജമായി നിർമ്മിക്കുന്നതും ഡാറ്റ ചോർത്തുന്നതും യുഎഇ സൈബർ ക്രൈം നിയമപ്രകാരം തടവുശിക്ഷയും 2 ലക്ഷം മുതൽ 20 ലക്ഷം ദിർഹം വരെ പിഴയും ലഭിക്കാവുന്ന ഗുരുതരമായ കുറ്റകൃത്യമാണ്. സാമ്പത്തിക തട്ടിപ്പുകൾ കാരണം ഉപഭോക്താവിനുണ്ടാകുന്ന നഷ്ടം കൃത്യസമയത്ത് നികത്താൻ ബാങ്കുകൾക്ക് ഉത്തരവാദിത്തമുണ്ട്.
എന്നാൽ, ഒടിപി (OTP) അല്ലെങ്കിൽ രഹസ്യ വിവരങ്ങൾ കൈമാറുന്നത് പോലെയുള്ള ഉപഭോക്താവിന്റെ ഭാഗത്തുനിന്നുള്ള കടുത്ത അശ്രദ്ധ കൊണ്ടാണ് തട്ടിപ്പ് നടന്നതെന്ന് തെളിഞ്ഞാൽ ബാങ്കിന് നഷ്ടപരിഹാര ബാധ്യതയുണ്ടായിരിക്കില്ല. തങ്ങളുടെ ഭാഗത്തുനിന്ന് വീഴ്ച സംഭവിച്ചിട്ടില്ലെന്ന് ഉറപ്പുള്ളവർക്ക് വിവരങ്ങൾ സഹിതം ബാങ്കിൽ ഔദ്യോഗികമായി പരാതി നൽകാം. കൂടാതെ, ഇടപാട് വിവരങ്ങളും തെളിവുകളും സഹിതം പോലീസിലും പരാതിപ്പെടേണ്ടതുണ്ട്. ബാങ്ക് സ്വീകരിക്കുന്ന നടപടികളിൽ തൃപ്തിയില്ലെങ്കിൽ അന്വേഷണത്തിനും പരിഹാരത്തിനുമായി വിഷയം യുഎഇ സെൻട്രൽ ബാങ്കിലേക്ക് ഉന്നയിക്കാവുന്നതാണ്.
റാസൽഖൈമ : അസിമ (Asimah) പർവ്വതമേഖലയിൽ മുന്തിരി വിളവെടുപ്പ് സീസൺ സജീവമാകുമ്പോൾ, പ്രാദേശിക മുന്തിരി തൈകൾക്കായുള്ള ആവശ്യക്കാരുടെ എണ്ണത്തിൽ വൻ വർധനവെന്ന് കർഷകനായ മർവാൻ സെയ്ഫ് റാഷിദ് അൽ മസ്രൂയി. വർധിച്ചുവരുന്ന ആവശ്യകത കണക്കിലെടുത്ത് തന്റെ നഴ്സറിയിൽ ഇപ്പോൾ ഓരോ സീസണിലും പതിനായിരത്തിലധികം (10,000) തൈകളാണ് ഉൽപ്പാദിപ്പിക്കുന്നത്.
മെയ് മാസത്തിൽ ആരംഭിച്ച വിളവെടുപ്പ് ജൂൺ വരെ നീണ്ടുനിന്നു. ചൂട് കൂടുന്തോറും മുന്തിരി വേഗത്തിൽ പഴുക്കുമെന്നും അസിമ മേഖലയിലെ കാലാവസ്ഥ പരമ്പരാഗത ചുവപ്പും പച്ചയും ഇനം ഈന്തപ്പഴങ്ങൾക്കും മുന്തിരികൾക്കും ഏറെ അനുയോജ്യമാണെന്നും അൽ മസ്രൂയി പറഞ്ഞു. സ്വന്തം ഫാമിൽ വിപണനത്തിനല്ല മറിച്ച് തൈകൾ വെച്ചുപിടിപ്പിക്കുന്നതിനാണ് പ്രാധാന്യം നൽകുന്നത്. മുൻപ് വർഷത്തിൽ 500 തൈകൾ മാത്രം ഉൽപ്പാദിപ്പിച്ചിരുന്ന സ്ഥാനത്താണ് ഇപ്പോൾ പത്തിരട്ടിയിലധികം തൈകൾ ആവശ്യക്കാർക്കായി തയാറാക്കുന്നത്.
ദുബായ് : ദുബായിലെ റോഡുകളിലെ ഗതാഗതക്കുരുക്ക് അഴിച്ച് യാത്ര കൂടുതൽ എളുപ്പമാക്കുന്നതിനായി 4 പ്രധാന കവലകളിൽ പുതിയ പാലങ്ങളും തുരങ്കങ്ങളും (Tunnels) നിർമ്മിച്ച് വിപുലീകരിക്കുന്നു. ഊദ് മേത്ത, അൽ അസായൽ സ്ട്രീറ്റ് വികസന പദ്ധതിയുടെ ഭാഗമായാണ് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (RTA) ഈ നിർമ്മാണ പ്രവർത്തനങ്ങൾ നടത്തുന്നത്. പദ്ധതി പൂർത്തിയാകുന്നതോടെ നിലവിലെ 20 മിനിറ്റ് യാത്രാസമയം വെറും 5 മിനിറ്റായി കുറയും.
സബീൽ, അൽ ജദ്ദാഫ്, ഊദ് മേത്ത, ഉമ്മു ഹുറൈർ തുടങ്ങിയ പ്രധാന മേഖലകളിലെ ഗതാഗതം സുഗമമാക്കാൻ ഇത് സഹായിക്കും. പദ്ധതിയുടെ ഭാഗമായുള്ള 3 വരി പാലം ഇതിനോടകം ഗതാഗതത്തിനായി തുറന്നുകൊടുത്തു. ഓഗസ്റ്റ് അവസാനത്തോടെ രണ്ട് തുരങ്കങ്ങളും ഒരു പാലവും കൂടി പ്രവർത്തനസജ്ജമാകും. ഗർഹൂദ് ബ്രിഡ്ജ്, ദുബായ്-അൽ ഐൻ റോഡ്, ബിസിനസ് ബേ ക്രോസിംഗ് തുടങ്ങിയ പ്രധാന പാതകളിലേക്കുള്ള ഗതാഗത ശേഷി വലിയ തോതിൽ വർധിപ്പിക്കുന്ന രീതിയിലാണ് ലൈനുകളുടെ എണ്ണം കൂട്ടി പുതിയ മേൽപ്പാലങ്ങളും അണ്ടർപാസുകളും ഒരുക്കിയിരിക്കുന്നത്.
റാസൽഖൈമ : പ്രമുഖ ഡെവലപ്പർമാരായ മർജാനും (Marjan) വിൻ റിസോർട്ട്സും (Wynn Resorts) ചേർന്ന് നിർമ്മിക്കുന്ന പുതിയ ആഡംബര ഹോട്ടൽ പദ്ധതിയായ ‘ജാനു അൽ മർജാൻ ഐലൻഡിന്റെ’ (Janu Al Marjan Island) തറക്കല്ലിടൽ ചടങ്ങ് നടന്നു. 2029-ൽ തുറക്കാൻ ലക്ഷ്യമിടുന്ന ഈ വാട്ടർഫ്രണ്ട് പ്രോജക്റ്റിൽ ലക്ഷ്വറി ഹോട്ടലും ബ്രാൻഡഡ് റെസിഡൻസുകളും വെൽനസ് കേന്ദ്രങ്ങളും ഉൾപ്പെടുന്നു.
യുഎഇയിലെ ആദ്യത്തെ ഗേമിംഗ് റിസോർട്ടായ ‘വിൻ അൽ മർജാൻ ഐലൻഡിന്’ തൊട്ടടുത്താണ് പുതിയ പദ്ധതി വരുന്നത്. പ്രശസ്തമായ അമാൻ ഗ്രൂപ്പിന്റെ (Aman Group) സബ് ബ്രാൻഡായ ജാനുവിന്റെ റസ് അൽ ഖൈമയിലെ ആദ്യ സംരംഭമാണിത്. പ്രദേശത്തെ അന്താരാഷ്ട്ര വിനോദസഞ്ചാര കേന്ദ്രമാക്കി മാറ്റുന്നതിനും സാമ്പത്തിക വളർച്ചയ്ക്കും ഈ പദ്ധതി വൻ ഉത്തേജനം നൽകുമെന്ന് അധികൃതർ വ്യക്തമാക്കി.
ദുബായ് : യുഎസും ഇറാനും തമ്മിൽ വെടിനിർത്തലിന് ധാരണയായതിനെ തുടർന്ന് ആഗോള വിപണിയിൽ സുരക്ഷിത നിക്ഷേപമെന്ന നിലയിലുള്ള ആവശ്യകത കുറഞ്ഞതോടെ ദുബായിൽ സ്വർണ്ണവില ഗ്രാമിന് 4 ദിർഹം കുറഞ്ഞു. ചൊവ്വാഴ്ച രാവിലെ 24 കാരറ്റ് സ്വർണ്ണത്തിന് ഗ്രാമിന് 487 ദിർഹത്തിലാണ് വ്യാപാരം നടക്കുന്നത്. തിങ്കളാഴ്ച വിപണി അവസാനിക്കുമ്പോൾ ഇത് 491 ദിർഹമായിരുന്നു. മറ്റു വിഭാഗങ്ങളിൽ 22 കാരറ്റിന് 451 ദിർഹവും 21 കാരറ്റിന് 432.25 ദിർഹവും 18 കാരറ്റിന് 370.50 ദിർഹവും 14 കാരറ്റിന് 289 ദിർഹവുമാണ് നിലവിലെ നിരക്ക്.
ആഗോളതലത്തിൽ സ്പോട്ട് സ്വർണ്ണവില ഔൺസിന് 0.82 ശതമാനം ഇടിഞ്ഞ് 4,041 ഡോളറിലെത്തി. പ്ലേസ് ചെയ്ത സൈനിക നീക്കങ്ങൾ താൽക്കാലികമായി അവസാനിപ്പിച്ചെങ്കിലും വിപണിയിൽ പലിശ നിരക്കുകളെക്കുറിച്ചുള്ള ആശങ്കകൾ നിലനിൽക്കുന്നതാണ് തകർച്ചയ്ക്ക് കാരണമായി വിശകലന വിദഗ്ദ്ധർ ചൂണ്ടിക്കാണിക്കുന്നത്. യുഎസ് പലിശ നിരക്കുകളിൽ വരുത്തുന്ന മാറ്റങ്ങളും നാണയപ്പെരുപ്പ ഭീഷണികളും വരും ദിവസങ്ങളിൽ സ്വർണ്ണവിലയെ സ്വാധീനിക്കുമെന്നാണ് സാമ്പത്തിക വിദഗ്ദ്ധരുടെ വിലയിരുത്തൽ.
അബുദാബി : ലോകത്തിലെ ഏറ്റവും പ്രശസ്തമായ മാരത്തണുകൾ പൂർത്തിയാക്കി യുഎഇയുടെ അഭിമാനമായി മാറിയിരിക്കുകയാണ് 34-കാരനായ സാലം അൽ ഹാഷ്മി. സിവിൽ എഞ്ചിനീയറും അഞ്ച് കുട്ടികളുടെ പിതാവുമായ ഈ അബുദാബി സ്വദേശി, ജോലി തിരക്കുകൾക്കിടയിലും ആഴ്ചയിൽ 100 കിലോമീറ്ററോളം ഓടിയാണ് പരിശീലനം നടത്തുന്നത്. പ്രശസ്തമായ ആബട്ട് വേൾഡ് മാരത്തൺ മേജർസ് സീരീസിലെ എട്ട് പ്രധാന മാരത്തണുകളും പൂർത്തിയാക്കിയ അപൂർവ്വം കായികതാരങ്ങളിൽ ഒരാളാണ് ഇദ്ദേഹം.
2020-ൽ യാസ് ഐലൻഡിൽ നടന്ന 10 കി.മീ മത്സരത്തിലൂടെ ഓട്ടരംഗത്തേക്ക് വന്ന സാലം, ന്യൂയോർക്ക്, ബോസ്റ്റൺ, ബാഴ്സലോണ തുടങ്ങിയ അന്താരാഷ്ട്ര മാരത്തണുകളിൽ യുഎഇ പതാകയേന്തി ശ്രദ്ധേയനായി. നിശ്ചയദാർഢ്യത്തോടെയും സ്വന്തം ചെലവിലും കായികരംഗത്ത് മുന്നേറുന്ന സാലമിന്റെ ഈ അപൂർവ്വ നേട്ടത്തെ അബുദാബി സ്പോർട്സ് കൗൺസിൽ ചെയർമാൻ ഷെയ്ഖ് നഹ്യാൻ ബിൻ സായിദ് അൽ നഹ്യാൻ നേരിട്ട് ആദരിച്ചിരുന്നു.
ദുബായ് : ബാങ്കിൽ നൽകുമ്പോൾ വിവരങ്ങൾ മായിഞ്ഞുപോകുന്ന പ്രത്യേകതരം മഷി (Disappearing Ink) ഉപയോഗിച്ച് 1.7 മില്യൺ (17 ലക്ഷം) ദിർഹത്തിന്റെ ചെക്ക് നൽകി വഞ്ചിച്ച അറബ് സ്വദേശിയോട് തുക മുഴുവൻ തിരികെ നൽകാൻ ദുബായ് സിവിൽ കോടതി ഉത്തരവിട്ടു. തുക തിരികെ നൽകുന്നതിനൊപ്പം ചെക്കിന്റെ കാലാവധി കഴിഞ്ഞ ദിവസം മുതൽ 5 ശതമാനം പലിശയും, കേസ് നടത്തിപ്പിലുണ്ടായ മാനസികവും സാമ്പത്തികവുമായ നഷ്ടങ്ങൾക്ക് 30,000 ദിർഹം നഷ്ടപരിഹാരവും നൽകാൻ കോടതി ആവശ്യപ്പെട്ടു.
വ്യക്തിഗത ഇടപാടിന്റെ ഭാഗമായി ലഭിച്ച ചെക്ക് ബാങ്കിൽ നൽകിയപ്പോഴാണ് എഴുതിയ വിവരങ്ങൾ മാഞ്ഞുപോയതായും ചെക്ക് അസാധുവായതായും പരാതിക്കാരൻ അറിയുന്നത്. ഇതേത്തുടർന്ന് നൽകിയ ക്രിമിനൽ കേസിൽ പ്രതിക്ക് ഒരു വർഷം തടവും പിഴയും ശിക്ഷ വിധിച്ചിരുന്നു. ഈ ക്രിമിനൽ കോടതി വിധി മുൻനിർത്തിയാണ് സിവിൽ കോടതി ഇപ്പോൾ തുകയും നഷ്ടപരിഹാരവും ഈടാക്കി നൽകാൻ ഉത്തരവിട്ടിരിക്കുന്നത്.
ദുബായ് : പ്രാദേശിക ഭൗമരാഷ്ട്രീയ സാഹചര്യങ്ങൾ വിപണിയെ സ്വാധീനിച്ചെങ്കിലും 2026-ന്റെ രണ്ടാം പകുതിയിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI), ക്ലൗഡ് സേവനങ്ങൾ, ഫൈബർ നെറ്റ്വർക്ക്, ഡാറ്റാ സെന്ററുകൾ എന്നിവയിൽ വൻ നിക്ഷേപം തുടരുമെന്ന് ദുബായ് ടെലികോം ഓപ്പറേറ്ററായ ‘ഡു’ (du). ബിസിനസ് മേഖലയിൽ നിന്നും പ്രത്യേകിച്ച് യുഎഇ സർക്കാരിന്റെ എഐ നയങ്ങളുടെ ഭാഗമായും ശക്തമായ ഡിമാൻഡ് ഉയർന്നുവരുന്ന സാഹചര്യത്തിലാണ് ഈ തീരുമാനം. മൊബൈൽ, ഫൈബർ ശൃംഖലകളുടെ വികസനം വെട്ടിച്ചുരുക്കില്ലെന്ന് ഡു ചീഫ് എക്സിക്യൂട്ടീവ് ഫഹദ് അൽ ഹസവി വ്യക്തമാക്കി.
വർഷത്തിന്റെ ആദ്യ പകുതിയിൽ ശക്തമായ സാമ്പത്തിക വളർച്ച കൈവരിക്കാനും കമ്പനിക്ക് സാധിച്ചു. ജൂൺ 30-ന് അവസാനിച്ച ആറു മാസത്തെ വരുമാനം 5.8 ശതമാനം വർദ്ധിച്ച് 820 കോടി (8.2 ബില്യൺ) ദിർഹത്തിലെത്തി. അറ്റാദായം 12.6 ശതമാനം ഉയർന്ന് 163 കോടി ദിർഹമായി മാറിയതോടെ ഓഹരിയുടമകൾക്ക് ഓഹരിയൊന്നിന് 0.26 ദിർഹം ഇടക്കാല ലാഭവിഹിതവും (Interim Dividend) ബോർഡ് പ്രഖ്യാപിച്ചു. പ്രതീകൂല സാഹചര്യങ്ങളിലും കാര്യക്ഷമമായ സേവനവും ചിലവ് ചുരുക്കലും വഴിയാണ് ഡു ഉയർന്ന ലാഭക്ഷമത നിലനിർത്തിയത്.