അബുദാബി: സുഡാനിലെ ആഭ്യന്തര യുദ്ധത്തിൽ തങ്ങൾക്ക് യാതൊരുവിധ പങ്കുമില്ലെന്ന് ഐക്യരാഷ്ട്രസഭയിലെ (UN) യുഎഇ മിഷൻ വ്യക്തമാക്കി. യുഎൻ ഇന്റർനാഷണൽ ഫാക്ട്-ഫൈൻഡിംഗ് മിഷൻ (FFM) പുറത്തുവിട്ട അന്വേഷണ റിപ്പോർട്ടിലെ ആരോപണങ്ങൾക്ക് മറുപടിയായാണ് യുഎഇ ഔദ്യോഗിക പ്രസ്താവനയിറക്കിയത്. സുഡാനിലെ നിലവിലെ യുദ്ധത്തിന് കാരണക്കാരായ സുഡാനീസ് സായുധ സേനയും (SAF) റാപ്പിഡ് സപ്പോർട്ട് ഫോഴ്സും (RSF) നടത്തുന്ന അന്താരാഷ്ട്ര മനുഷ്യാവകാശ ലംഘനങ്ങളെ യുഎഇ ശക്തമായി അപലപിച്ചു. കൃത്യമായ തെളിവുകളുടെയും നിഷ്പക്ഷമായ പരിശോധനകളുടെയും അടിസ്ഥാനത്തിൽ മാത്രമേ ഇത്തരം ആരോപണങ്ങൾ ഉന്നയിക്കാവൂ എന്ന് യുഎഇ ആവശ്യപ്പെട്ടു.
യുഎൻ രക്ഷാസമിതിയുടെ ഉപരോധങ്ങൾ പൂർണ്ണമായി പാലിക്കാൻ യുഎഇ ബാധ്യസ്ഥരാണെന്നും സുഡാനിലേക്ക് നടക്കുന്ന എല്ലാവിധ ആയുധക്കടത്തുകളും സൈനിക സഹായങ്ങളും ഉടൻ അവസാനിപ്പിക്കണമെന്നും പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി. സുഡാനിലേക്ക് അനധികൃതമായി ആയുധം കടത്താൻ ശ്രമിച്ച നെറ്റ്വർക്കിലെ 13 പ്രതികൾക്കെതിരെയും 6 കമ്പനികൾക്കെതിരെയും അബുദാബി ഫെഡറൽ അപ്പീൽ കോടതിയിൽ യുഎഇ നിയമനടപടി സ്വീകരിച്ച കാര്യം ചൂണ്ടിക്കാട്ടി. സുഡാനിൽ ഉടനടി ഉപാധികളില്ലാത്ത വെടിനിർത്തൽ നടപ്പിലാക്കണമെന്നും, ഇരു പോരാട്ട വിഭാഗങ്ങളിൽ നിന്നും തീവ്രവാദ ഗ്രൂപ്പുകളിൽ നിന്നും സ്വതന്ത്രമായ സിവിലിയൻ ഭരണകൂടം നിലവിൽ വരണമെന്നും യുഎഇ വീണ്ടും ആവശ്യപ്പെട്ടു.
Author
Raneesha Razak
അബുദാബി : യുഎഇയിൽ വെള്ളിയാഴ്ച തെളിഞ്ഞതോ ഭാഗികമായി മേഘാവൃതമോ ആയ കാലാവസ്ഥയായിരിക്കുമെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. ഉച്ചകഴിഞ്ഞ് രാജ്യത്തിന്റെ കിഴക്കൻ, തെക്കൻ മേഖലകളിൽ മഴയ്ക്ക് സാധ്യതയുള്ള പ്രാദേശിക മഴമേഘങ്ങൾ രൂപപ്പെട്ടേക്കാം. രാത്രിയിലും ശനിയാഴ്ച രാവിലെയുമായി തീരദേശ, ഉൾനാടൻ പ്രദേശങ്ങളിൽ അന്തരീക്ഷ ഈർപ്പം ഉയർന്ന നിലയിലായിരിക്കും; ഇതോടൊപ്പം മഞ്ഞിനുള്ള സാധ്യതയുമുണ്ട്. അബുദാബിയിലും ദുബായിലും ഈർപ്പത്തിന്റെ അളവ് 25 മുതൽ 85 ശതമാനം വരെ ഉയർന്നേക്കാം. രാജ്യത്ത് പൊതുവെ ഉയർന്ന താപനില 45 ഡിഗ്രി സെൽഷ്യസ് വരെ എത്തുമ്പോൾ അബുദാബിയിൽ 42 ഡിഗ്രി സെൽഷ്യസും ദുബായിൽ 41 ഡിഗ്രി സെൽഷ്യസും രേഖപ്പെടുത്താൻ സാധ്യതയുണ്ട്. രാത്രിയിൽ അബുദാബി, ദുബായ് നഗരങ്ങളിൽ താപനില 32 ഡിഗ്രി സെൽഷ്യസിലേക്കും ഉൾനാടുകളിൽ 26 ഡിഗ്രി സെൽഷ്യസിലേക്കും താഴും. തെക്കുകിഴക്കൻ ദിശയിൽ നിന്ന് വടക്കുപടിഞ്ഞാറൻ ദിശയിലേക്ക് മണിക്കൂറിൽ 10 മുതൽ 25 കിലോമീറ്റർ വരെ വേഗതയിൽ വീശുന്ന കാറ്റ്, ചില സമയങ്ങളിൽ 45 കിലോമീറ്റർ വരെ ശക്തി പ്രാപിച്ച് പൊടിപടലങ്ങൾ ഉയരാൻ കാരണമാകും. അറേബ്യൻ ഉൾക്കടലിലും ഒമാൻ കടലിലും കടൽ ശാന്തമായിരിക്കും.
അബുദാബി : പതിമൂന്നാം വയസ്സിൽ വല്ല്യുപ്പയുടെയും മാമ്മയുടെയും കൈപിടിച്ച് അറേബ്യൻ മരുഭൂമിയുടെ ആഴങ്ങളിലേക്ക് നടന്നു കയറുമ്പോൾ, മുഹമ്മദ് അൽ റുമൈത്തി എന്ന ബാലന് അത് വെറുമൊരു വേട്ടയാടൽ മാത്രമായിരുന്നില്ല; മറിച്ച് പ്രകൃതിയോട് പൊരുതി ജീവിക്കാനുള്ള വലിയൊരു പാഠപുസ്തകമായിരുന്നു. റോഡുകളോ, മൊബൈൽ ശൃംഖലയോ, കുടിവെള്ളമോ, മറ്റ് ആധുനിക സൗകര്യങ്ങളോ ഒന്നുമില്ലാത്ത വിജനമായ മരുഭൂമിയിൽ, രാത്രി ഉറങ്ങാനും ഭക്ഷണം പാകം ചെയ്യാനും വേണ്ട സാധനങ്ങൾ സ്വയം ചുമന്നായിരുന്നു ആ യാത്രകൾ.
അക്കാലത്ത് മരുഭൂമിയിൽ മുയലുകൾ യഥേഷ്ടം ലഭ്യമായിരുന്നു. എന്നാൽ അപൂർവ്വ ഇനത്തിൽപ്പെട്ട ‘ഹൂബാറ’ (Houbara), ‘കരവാൻ’ (Karawan) എന്നീ പക്ഷികളെ കണ്ടെത്തുക എന്നത് വലിയൊരു വെല്ലുവിളിയായിരുന്നു. മണിക്കൂറുകളോളം മരുഭൂമിയിലെ ചുട്ടുപൊള്ളുന്ന മണലിലൂടെ കാത്തിരിക്കേണ്ടി വരുന്ന ആ വേട്ടകൾ, വേട്ടയാടലിനേക്കാൾ ഉപരി ക്ഷമയുടെയും പ്രകൃതിയെ ആദരിക്കേണ്ടതിന്റെയും പാഠങ്ങളാണ് കുഞ്ഞു റുമൈത്തിയെ പഠിപ്പിച്ചത്.
ദശകങ്ങൾക്കിപ്പുറം, അബുദാബി ഫാൽക്കണറി ക്ലബ്ബിന്റെ (Abu Dhabi Falconry Club) ഇവന്റ്സ് വിഭാഗം മേധാവിയായി സേവനമനുഷ്ഠിക്കുമ്പോഴും, അൽ റുമൈത്തി തനിക്ക് രക്തത്തിൽ അലിഞ്ഞുചേർന്ന പരുന്തുവേട്ട (Falconry) എന്ന പാരമ്പര്യം കൈവിട്ടിട്ടില്ല. എന്നാൽ അന്നത്തെ മരുഭൂ അനുഭവങ്ങളും ഇന്നത്തെ വേട്ടയാടൽ രീതികളും തമ്മിൽ ആകാശവും ഭൂമിയും തമ്മിലുള്ള വ്യത്യാസമുണ്ടെന്ന് അദ്ദേഹം ഓർത്തെടുക്കുന്നു.
“നിങ്ങൾ ഒരു വേട്ടയ്ക്ക് ഇറങ്ങുമ്പോൾ, നിത്യജീവിതത്തിൽ അനുഭവിക്കുന്ന യാതൊരുവിധ സൗകര്യങ്ങളും അവിടെ ഉണ്ടാകില്ലെന്ന വ്യക്തമായ ബോധ്യം മനസ്സിൽ വേണം,” തന്റെ അനുഭവങ്ങൾ പങ്കുവെച്ചുകൊണ്ട് അൽ റുമൈത്തി പറയുന്നു. പ്രകൃതിയോട് എങ്ങനെ ചേർന്നുനിൽക്കണമെന്നും അതിനെ എങ്ങനെ സംരക്ഷിക്കണമെന്നും ഇത്തരം യാത്രകളാണ് തന്നെ പഠിപ്പിച്ചതെന്ന് അദ്ദേഹം വ്യക്തമാക്കുന്നു. വേട്ട കഴിഞ്ഞ് മടങ്ങുമ്പോൾ മരുഭൂമിയിൽ ഒരു തുള്ളി മാലിന്യം പോലും ഉപേക്ഷിക്കരുതെന്നും, അതിന്റെ സ്വാഭാവിക ഭംഗി ഒട്ടും ചോർന്നുപോകാതെ സൂക്ഷിക്കേണ്ടത് ഓരോ വേട്ടക്കാരന്റെയും ഉത്തരവാദിത്തമാണെന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു.
ഇന്ന് കർശനമായ പാരിസ്ഥിതിക നിയമങ്ങളും സംരക്ഷണ പദ്ധതിയുമനുസരിച്ചാണ് യു.എ.ഐയിൽ പരുന്തുവേട്ട നടക്കുന്നത്. പരമ്പരാഗതമായ ഈ വിനോദത്തെ വംശനാശഭീഷണി നേരിടുന്ന പക്ഷികളെ സംരക്ഷിച്ചുകൊണ്ട് തന്നെ വരുംതലമുറയ്ക്ക് കൈമാറാനാണ് അബുദാബി ഫാൽക്കണറി ക്ലബ്ബ് പോലുള്ള സ്ഥാപനങ്ങൾ പരിശ്രമിക്കുന്നത്.
ദുബായ് : ദുബായ്-ഷാർജ പാതയായ അൽ ഇതിഹാദ് റോഡിൽ യാത്രക്കാർ നേരിടുന്ന കനത്ത ഗതാഗതക്കുരുക്കിന് ആശ്വാസവുമായി റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (RTA). അൽ ഖിയാദ ഇന്റർസെക്ഷനിൽ വരുത്തിയ പുതിയ റോഡ് വികസനങ്ങളുടെ ഭാഗമായി അൽ ഇതിഹാദ് റോഡിൽ നിന്നും അബു ഹൈൽ, സലാഹ് അൽ ദിൻ തെരുവുകളിലേക്ക് തിരിയുന്ന ഭാഗത്ത് പുതിയ ലെയ്ൻ നിർമ്മിച്ചു. തിരക്കേറിയ സമയങ്ങളിൽ ഈ ജംഗ്ഷനിലെ കാത്തിരിപ്പ് സമയം 15 ശതമാനം വരെ കുറയ്ക്കാൻ ഈ മാറ്റം സഹായിക്കുമെന്ന് ആർടിഎ വ്യക്തമാക്കി. അൽ ഇതിഹാദ് റോഡിൽ നിന്ന് അബു ഹൈൽ സ്ട്രീറ്റിലേക്ക് തിരിഞ്ഞ് സലാഹ് അൽ ദിൻ സ്ട്രീറ്റിലേക്ക് പ്രവേശിക്കാൻ ഇടത്തോട്ടുള്ള പുതിയ ലെയ്നാണ് സജ്ജീകരിച്ചത്. സിഗ്നൽ സംവിധാനങ്ങളിലും മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്.
ദുബായ്: കനത്ത ചൂടിനും ഉയർന്ന ഈർപ്പത്തിനും ശേഷം ആശ്വാസമായി യുഎഇയുടെ വിവിധ ഭാഗങ്ങളിൽ മഴയെത്തി. വ്യാഴാഴ്ച മുതൽ സെപ്റ്റംബർ 7 തിങ്കളാഴ്ച വരെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നേരിയതും മിതമായതുമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം (NCM) അറിയിച്ചു. ദുബായിൽ പലയിടത്തും നേരിയ മഴ പെയ്തതോടെ റോഡുകളിൽ വെള്ളക്കെട്ടുകൾ രൂപപ്പെടുകയും വാഹനങ്ങൾ വെള്ളം തെറിപ്പിച്ചു കടന്നുപോകുന്ന കാഴ്ചകൾ കാണുകയും ചെയ്തു. വരും ദിവസങ്ങളിൽ തെക്കൻ കാറ്റും പൊടിക്കാറ്റും ഉണ്ടാകുമെന്നും, അതിനുശേഷം വടക്കുപടിഞ്ഞാറൻ കാറ്റ് ശക്തമാകുന്നതോടെ ഊഷ്മാവിൽ പ്രകടമായ കുറവുണ്ടാകുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കുന്നു..
ഷാർജ: ഷാർജയിൽ രണ്ട് കസാഖ്സ്ഥാൻ സ്വദേശിനികളായ സഹോദരിമാരെ കൊലപ്പെടുത്തിയ കേസിൽ സഹോദ്യോഗസ്ഥനും സ്വദേശിയുമായ പ്രതിയെ ഷാർജ പൊലീസ് മണിക്കൂറുകൾക്കകം പിടികൂടി. ഫോറൻസിക് പരിശോധനകളും വിവരശേഖരണവും ആധുനിക ഡാറ്റ വിശകലന സംവിധാനങ്ങളും ഏകോപിപ്പിച്ച് നടത്തിയ ഊർജ്ജിത അന്വേഷണത്തിനൊടുവിലാണ് പ്രതി വലയിലായത്.
കൊല്ലപ്പെട്ട യുവതികളുമായി പ്രതിക്ക് മുൻപരിചയമുണ്ടായിരുന്നെന്നും ഇവർ തമ്മിലുണ്ടായ വ്യക്തിപരമായ തർക്കങ്ങളാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നും പൊലീസ് വ്യക്തമാക്കി. റസിഡൻഷ്യൽ അപ്പാർട്ട്മെന്റിൽ നിന്ന് കുറ്റകൃത്യം നടന്നതായുള്ള വിവരങ്ങൾ ലഭിച്ചയുടൻ തന്നെ ക്രിമിനൽ സെക്യൂരിറ്റി വിഭാഗം സ്ഥലത്തെത്തി അന്വേഷണം ആരംഭിക്കുകയായിരുന്നു. ശാസ്ത്രീയമായ തെളിവുകളും ആധുനിക സാങ്കേതികവിദ്യയും ഉപയോഗിച്ച് വിവരങ്ങൾ വിശകലനം ചെയ്തതോടെ പ്രതിയെക്കുറിച്ച് വ്യക്തമായ സൂചന ലഭിക്കുകയും ഉദ്യോഗസ്ഥർ ഇയാളെ കണ്ടെത്തുകയുമായിരുന്നു.
ദുബായ്: റോഡ് സുരക്ഷാ മാനദണ്ഡങ്ങൾ ലംഘിച്ചതിന് ഈ വർഷത്തെ ആദ്യ എട്ട് മാസത്തിനിടെ 13,657 ഇ-സ്കൂട്ടറുകൾ ദുബായ് പൊലീസ് പിടിച്ചെടുത്തു. അപകടങ്ങളും ഗുരുതരമായ പരിക്കുകളും ജീവഹാനിയും ഒഴിവാക്കുന്നതിന്റെ ഭാഗമായി സംഘടിപ്പിച്ച പരിശോധനകളിലാണ് നടപടി. സുരക്ഷ മുൻനിർത്തി വരും ദിവസങ്ങളിലും കർശന പരിശോധന തുടരുമെന്ന് ട്രാഫിക് വിഭാഗം ഡയറക്ടർ ബ്രിഗേഡിയർ ജുമാ സലേം ബിൻ സുവൈദാൻ വ്യക്തമാക്കി.
മണിക്കൂറിൽ 60 കിലോമീറ്ററിൽ കൂടുതൽ വേഗതയുള്ള പ്രധാന റോഡുകളിൽ ഇ-സ്കൂട്ടറുകൾ ഓടിക്കുന്നത് നിരോധിച്ചിട്ടുണ്ടെങ്കിലും പലരും ഇത് ലംഘിക്കുന്നതായി പൊലീസ് ചൂണ്ടിക്കാട്ടി. ട്രാഫിക്കിന് എതിർദിശയിൽ ഓടിക്കുക, കാൽനടയാത്രക്കാരുടെ പാതകൾ, വാണിജ്യ വിപണികൾ, ഇടുങ്ങിയ ഗലികൾ എന്നിവയിലൂടെ സഞ്ചരിക്കുക, അശ്രദ്ധമായി റോഡ് മുറിച്ചുകടക്കുക തുടങ്ങിയ നിയമലംഘനങ്ങൾക്കെതിരെയും നടപടിയെടുത്തു. ഹെൽമറ്റ്, റിഫ്ലക്റ്റീവ് ജാക്കറ്റ് എന്നിവ ധരിക്കാത്തതും മുന്നിലും പിന്നിലും വെളിച്ചവും റിഫ്ലക്ടറുകളും ഇല്ലാത്തതും പിഴവുകളായി പൊലീസ് കണക്കാക്കുന്നുണ്ട്. നിശ്ചിത ട്രാക്കുകളിലൂടെ മാത്രം വേഗത പാലിച്ചു യാത്ര ചെയ്യാൻ അധികൃതർ മുന്നറിയിപ്പ് നൽകി.
യുഎഇയിലെ ആദ്യ അന്താരാഷ്ട്ര പ്രൊഫഷണൽ സുമോ ഗുസ്തി മത്സരം സെപ്റ്റംബര് 26 ന് അബുദാബിയിൽ
written by Raneesha Razak
അബുദാബി: യുഎഇയുടെ കായിക ചരിത്രത്തിലാദ്യമായി അന്താരാഷ്ട്ര പ്രൊഫഷണൽ സുമോ ഗുസ്തി ചാമ്പ്യൻഷിപ്പിന് അബുദാബി വേദിയാകുന്നു. അബുദാബി സാംസ്കാരിക വിനോദസഞ്ചാര വകുപ്പിന്റെ (DCT Abu Dhabi) പിന്തുണയോടെ സെപ്റ്റംബർ 26-ന് ‘സ്പേസ്42 അരീന’യിലാണ് ഈ ചരിത്രപരമായ കായികമാമാങ്കം അരങ്ങേറുന്നത്. ‘ഓൾ-സ്റ്റാർ സുമോ കോമ്പറ്റീഷൻ’ എന്ന പേരിൽ നടക്കുന്ന പോരാട്ടത്തിൽ മുൻ എംപറർ കപ്പ് ജേതാവ് ഇച്ചി, 250 കിലോഗ്രാം ഭാരമുള്ള ഹിരോക്കി എന്നിവരുൾപ്പെടെ ലോകോത്തരരായ 9 മുൻനിര താരങ്ങൾ 36 മത്സരങ്ങളിലായി മാറ്റുരയ്ക്കും. ജപ്പാന്റെ പരമ്പരാഗത കായിക വിനോദമായ സുമോ ഗുസ്തി ഗൾഫ് മേഖലയിലേക്ക് ആദ്യമായാണ് ഔദ്യോഗികമായി എത്തുന്നത്.
ഹാരി പോട്ടറിന്റെ മാന്ത്രിക ലോകം ഇനി അബുദാബിയിലും: വൻ പ്രഖ്യാപനം സെപ്റ്റംബർ 7-ന്
written by Raneesha Razak
അബുദാബി: മിഡിൽ ഈസ്റ്റിലെ ഹാരി പോട്ടർ ആരാധകർക്ക് ആവേശം പകർന്ന് അബുദാബി യാസ് ഐലൻഡിലെ വാർണർ ബ്രോസ് വേൾഡിൽ പുതിയ ഹാരി പോട്ടർ തീം ലാൻഡ് വരുന്നു. പദ്ധതിയുടെ കൂടുതൽ വിവരങ്ങൾ അടങ്ങിയ പ്രധാന പ്രഖ്യാപനം സെപ്റ്റംബർ 7-ന് നടക്കുമെന്ന് വ്യക്തമാക്കുന്ന ടീസർ വീഡിയോ പാർക്ക് അധികൃതർ പുറത്തുവിട്ടു. ഹോഗ്വാർട്സ്, ഡയഗൺ അലി, ഫോർബിഡൻ ഫോറസ്റ്റ് എന്നിവയടക്കം മാന്ത്രിക ലോകത്തിലെ പ്രധാന കാഴ്ചകളെല്ലാം ഇവിടെ പുനഃസൃഷ്ടിക്കും. അബുദാബിയിലെ പ്രമുഖ വിനോദസഞ്ചാര വികസന കമ്പനിയായ മിറാലിന്റെ മേൽനോട്ടത്തിലാണ് പദ്ധതി പൂർത്തിയാകുന്നത്. ലോകമെമ്പാടുമുള്ള സഞ്ചാരികളെ ആകർഷിക്കുന്ന ഈ പുതിയ സംരംഭം അബുദാബി ടൂറിസം മേഖലയ്ക്ക് വലിയ മുന്നേറ്റമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ദുബായ് : യുഎഇയിലെ പ്രവാസികളും വിനോദസഞ്ചാരികളും ഒരുപോലെ കാത്തിരിക്കുന്ന ദുബായ് ഗ്ലോബൽ വില്ലേജിന്റെ 31-ാം സീസൺ ഒക്ടോബറിൽ ആരംഭിച്ചേക്കും. വേനൽക്കാല അവധിക്ക് ശേഷം വീണ്ടും വാതിലുകൾ തുറക്കാനൊരുങ്ങുന്ന ഗ്ലോബൽ വില്ലേജിന്റെ കൃത്യമായ തീയതിയും മറ്റ് സവിശേഷതകളും അടങ്ങിയ ഔദ്യോഗിക അറിയിപ്പ് വരും ദിവസങ്ങളിൽ അധികൃതർ പുറത്തുവിടും. ആഗോള സംസ്കാരങ്ങളുടെ സംഗമവേദിയായ ഇവിടെ വിവിധ രാജ്യങ്ങളുടെ പവലിയനുകൾ, വൈവിധ്യമാർന്ന ഭക്ഷണശാലകൾ, കലാപരിപാടികൾ, വിനോദസഞ്ചാര കാഴ്ചകൾ എന്നിവയാണ് സന്ദർശകരെ കാത്തിരിക്കുന്നത്.