4
ദുബായ്: ലോകത്തെമ്പാടുമുള്ള കൈറ്റ്ബോർഡുകളുടെയും വേക്ക്ബോർഡുകളുടെയും പകുതിയോളം ഉത്പാദിപ്പിക്കുന്ന ദുബായ് ആസ്ഥാനമായുള്ള നിർമ്മാണ കമ്പനിക്ക് ‘ദുബായ്-ഇറ്റ്’ (Dubai-it Award) പുരസ്കാരം. സാമ്പത്തിക രംഗത്തെ മികച്ച പദ്ധതികൾക്കുള്ള പുരസ്കാരമാണ് ‘എസ്.ഡബ്ല്യു.എസ് ബോർഡ് ടെക്നോളജി’ (SWS Board Technology) സ്വന്തമാക്കിയത്.
ദുബായ് കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയും ദുബായ് എക്സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ‘എക്സ്’ (X) പ്ലാറ്റ്ഫോമിലൂടെയാണ് കമ്പനി ടീമിന് അഭിനന്ദനങ്ങൾ അറിയിച്ചത്. ദുബായ് കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ഈ സ്ഥാപനത്തെ ലോകത്തിലെ ഏറ്റവും വലിയ സ്പോർട്സ് ബോർഡ് നിർമ്മാതാക്കളിൽ ഒന്നാക്കി മാറ്റിയ സംരംഭകൻ റെയ്നിയർ നൗറയുടെ (Rainier Nouhra) നേട്ടത്തെയും അദ്ദേഹം അഭിനന്ദിച്ചു.
നിലവിൽ ആഗോളതലത്തിൽ ഉത്പാദിപ്പിക്കപ്പെടുന്ന കൈറ്റ്ബോർഡുകളുടെയും വേക്ക്ബോർഡുകളുടെയും പകുതിയും, സ്നോബോർഡുകളിൽ മൂന്നിലൊന്നു ഭാഗവും നിർമ്മിക്കുന്നത് ഈ ദുബായ് കമ്പനിയാണ്. പ്രതിവർഷം 4ാം ലക്ഷത്തിലധികം ബോർഡുകൾ ഉത്പാദിപ്പിക്കാൻ ശേഷിയുള്ള എസ്.ഡബ്ല്യു.എസ് ഇതുവരെ ആറു ലക്ഷത്തിലധികം ബോർഡുകൾ ലോകമെമ്പാടും വിപണനം ചെയ്തിട്ടുണ്ട്. വിപണിയിലെ പ്രമുഖരായ അന്താരാഷ്ട്ര ബ്രാൻഡുകൾക്കെല്ലാം കമ്പനി ഉൽപ്പന്നങ്ങൾ നൽകിവരുന്നുണ്ട്. ശീതകാല ഒളിമ്പിക് ഗെയിംസുകളിലും ലോക ചാമ്പ്യൻഷിപ്പുകളിലും കമ്പനിയുടെ ബോർഡുകൾ ഉപയോഗിച്ചിട്ടുണ്ട്.
വ്യാവസായിക ഉത്പാദനത്തിനൊപ്പം സൗരോർജ്ജത്തിൽ പ്രവർത്തിക്കുന്ന സംവിധാനങ്ങളും നൂതനമായ പുനരുപയോഗ രീതികളും നടപ്പിലാക്കി പരിസ്ഥിതി സൗഹൃദപരമായ പ്രവർത്തനങ്ങൾക്കും കമ്പനി മാതൃകയായിട്ടുണ്ട്. ദുബായിലെ സംരംഭങ്ങൾക്കും മികച്ച നേട്ടങ്ങൾ കൈവരിക്കുന്ന വ്യക്തികൾക്കും നൽകിവരുന്നതാണ് ‘ദുബായ്-ഇറ്റ്’ അവാർഡ്.