Featured Partner • Sponsored Advertisement
Reboot Computers
Loading info...
Oct 14, 2026 | 01:17 PM

2.1 ലക്ഷം കോടി ദിർഹത്തിന്റെ വികസന പദ്ധതികളുമായി ദുബായ്

by Raneesha Razak
ദുബായ്: ദുബായിൽ വിവിധ മേഖലകളിലായി 2.1 ലക്ഷം കോടി ദിർഹത്തിലധികം മൂല്യമുള്ള പദ്ധതികൾ പുരോഗമിക്കുകയാണെന്നും നഗരം പുതിയ വളർച്ചാ ഘട്ടത്തിലേക്ക് തയ്യാറെടുക്കുകയാണെന്നും യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം വ്യക്തമാക്കി. ദുബായ് വേൾഡ് ട്രേഡ് സെന്ററിൽ നടന്ന മുഹമ്മദ് ബിൻ റാഷിദ് ലീഡർഷിപ്പ് ഫോറത്തിൽ ആയിരത്തിലധികം സർക്കാർ-സ്വകാര്യ മേഖല നേതാക്കളെ കണ്ടതിന് ശേഷമാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. ദുബായുടെ വികസന വേഗത ഒട്ടും കുറയില്ലെന്നും ഭാവിയിലേക്കുള്ള വൻകിട പദ്ധതികൾ തുടരുമെന്നും അദ്ദേഹം എക്സിലൂടെ (ട്വിറ്റർ) വ്യക്തമാക്കി.
റിയൽ എസ്റ്റേറ്റ്, വ്യോമയാനം, ഗതാഗത സംവിധാനങ്ങൾ, ഇൻഫ്രാസ്ട്രക്ചർ തുടങ്ങിയ മേഖലകളിലാണ് വൻതോതിലുള്ള നിക്ഷേപങ്ങൾ നടപ്പിലാക്കുന്നത്. 2030 വരെയുള്ള റിയൽ എസ്റ്റേറ്റ് പദ്ധതികൾക്കായി മാത്രം 1.1 ലക്ഷം കോടി ദിർഹമാണ് നീക്കിവെച്ചിരിക്കുന്നത്. ലോകത്തിലെ ഏറ്റവും വലിയ വിമാനത്താവളമായി മാറുന്ന അൽ മക്തൂം അന്താരാഷ്ട്ര വിമാനത്താവളത്തിനായി 128 ബില്യൺ ദിർഹവും എമിറേറ്റ്സ്, ഫ്ലൈദുബായ് ഫ്ലീറ്റ് വികസനത്തിനായി 328 ബില്യൺ ദിർഹവും വകയിരുത്തിയിട്ടുണ്ട്. അടുത്ത ദശകത്തിൽ പ്രതിവർഷം 260 ദശലക്ഷം യാത്രക്കാരെ ഉൾക്കൊള്ളാനുള്ള തയ്യാറെടുപ്പിലാണ് ദുബായ്. കൂടാതെ വൈദ്യുതി-ജല ശൃംഖലകൾക്കായി 151 ബില്യൺ ദിർഹവും റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റിയുടെ (ആർടിഎ) പദ്ധതികൾക്കായി 100 ബില്യൺ ദിർഹവും ദുബായ് ഇന്റർനാഷണൽ ഫൈനാൻഷ്യൽ സെന്ററിനായി (ഡിഐഎഫ്സി) 100 ബില്യൺ ദിർഹവും മാറ്റിവെച്ചിട്ടുണ്ടെന്ന് മീഡിയ ഓഫീസ് പുറത്തുവിട്ട കണക്കുകൾ വ്യക്തമാക്കുന്നു.

You may also like