25
ദുബായ് : ദുബായ് വേൾഡ് ട്രേഡ് സെന്ററിൽ നടന്ന പ്രമുഖ വാർഷിക സംരംഭമായ മുഹമ്മദ് ബിൻ റാഷിദ് ലീഡർഷിപ്പ് ഫോറത്തിൽ ദുബായ് കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയും എക്സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം പങ്കെടുത്തു. സർക്കാർ, സ്വകാര്യ മേഖലകളിൽ നിന്നുള്ള ആയിരത്തിലധികം പ്രമുഖ നേതാക്കളാണ് ഈ സമ്മേളനത്തിൽ അണിനിരന്നത്. ലോകത്തിലെ ഏറ്റവും മികച്ച മാനുഷിക അനുഭവം സൃഷ്ടിക്കുക എന്ന പൊതു ലക്ഷ്യത്തോടെ ദുബായ് ഒറ്റക്കെട്ടായി പ്രവർത്തിക്കുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കി. അടുത്ത ഘട്ട പരിവർത്തനങ്ങൾക്ക് നേതൃത്വം നൽകാൻ യുവനേതാക്കൾ സജ്ജമാണെന്നും ദുബായുടെ കഥ ഇപ്പോൾ മാത്രമാണ് ആരംഭിക്കുന്നതെന്നും അതിന്റെ ലക്ഷ്യങ്ങൾക്ക് അതിരുകളില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ദുബായ് ഭരണാധികാരിയുടെ കാഴ്ചപ്പാടുകൾ നടപ്പിലാക്കുന്നതിനായി വിവിധ നേതൃത്വ മജ്ലിസ് യോഗങ്ങളും ചർച്ചകളും ഫോറത്തിൽ നടന്നു. ഭാവി സമ്പദ്വ്യവസ്ഥ, സ്മാർട്ട് ഇൻഫ്രാസ്ട്രക്ചർ, നഗരവികസനം, ആഗോള മാധ്യമ രംഗം തുടങ്ങിയ വിവിധ വിഷയങ്ങളിൽ ഉന്നതതല ചർച്ചകൾക്ക് ഈ വേദി വേദിയായി. റിയൽ എസ്റ്റേറ്റ്, ടൂറിസം, ധനകാര്യ മേഖലകളിലെ സഹകരണം ശക്തിപ്പെടുത്തുന്നതിനുള്ള തന്ത്രങ്ങളും യോഗം വിലയിരുത്തി. ദുബായുടെ വികസന മാതൃകകൾ ലോകത്തിന് മുന്നിൽ അവതരിപ്പിക്കുന്നതിനൊപ്പം അന്താരാഷ്ട്ര സർവ്വകലാശാലകളുമായി ചേർന്ന് പുതിയ നേതൃത്വ ഗവേഷണ പദ്ധതികൾക്കും ഫോറത്തിൽ തുടക്കമിട്ടു.