5
ദുബായ് : സയൻസ്, ഡിസ്കവറി ആൻഡ് ഇന്നൊവേഷൻ പില്ലറിന്റെ എക്സിക്യൂട്ടീവ് ഫെല്ലോ ആയി ഷെയ്ഖ് ഷമ്മ ബിന്ത് സുൽത്താൻ അൽ നഹ്യാനെ ലോക സാമ്പത്തിക ഫോറം (വേൾഡ് ഇക്കണോമിക് ഫോറം) നിയമിച്ചു. യുഎഇ സർക്കാരും വേൾഡ് ഇക്കണോമിക് ഫോറവും ചേർന്ന് ഒക്ടോബർ 13 മുതൽ 15 വരെ സംഘടിപ്പിക്കുന്ന ഗ്ലോബൽ ഫ്യൂച്ചർ ലീഡേഴ്സിന്റെ വാർഷിക യോഗത്തിലെ ആറ് പ്രധാന തീമുകളിൽ ഒന്നാണിത്. ഫ്രോണ്ടിയർ25, ദി ക്ലൈമറ്റ് ട്രൈബ്, അറോറ50, അലയൻസ് ഫോർ ഗ്ലോബൽ സസ്റ്റെയ്നബിലിറ്റി (എജിഎസ്), റിസെറ്റ് മെന എന്നിവയുടെ ചെയർപേഴ്സൺ കൂടിയാണ് അവർ.
ഭാവി രൂപപ്പെടുത്തുന്നതിൽ എമിറാത്തി നേതാക്കൾ വഹിക്കുന്ന പങ്കിനുള്ള അന്താരാഷ്ട്ര അംഗീകാരമായാണ് ഈ നിയമനം വിലയിരുത്തപ്പെടുന്നത്. കാലാവസ്ഥാ വ്യതിയാനം, സുസ്ഥിരത, സാമൂഹിക സ്വാധീനം തുടങ്ങിയ ഭാവി കേന്ദ്രീകൃത വിഷയങ്ങളിൽ ആഗോളതലത്തിൽ ശബ്ദമുയർത്തുന്ന ഷെയ്ഖ് ഷമ്മയുടെ സ്വാധീനം ഈ പദവിയിലൂടെ കൂടുതൽ വ്യക്തമാകുന്നു. കാലാവസ്ഥാ പ്രവർത്തനങ്ങളിൽ എത്ര വേഗത്തിൽ പരിഹാരങ്ങൾ കണ്ടെത്താനാകും, മറ്റുള്ളവരെ എത്ര നീതിയുക്തമായി പിന്തുണയ്ക്കാനാകും എന്നതാണ് ഇന്നത്തെ ഏറ്റവും പ്രധാനപ്പെട്ട ചോദ്യമെന്ന് നിയമനത്തോടനുബന്ധിച്ച് അവർ വ്യക്തമാക്കി. ക്ലാസ്സ്റൂമുകൾ മുതൽ ബോർഡ്റൂമുകൾ വരെയുള്ള എല്ലാവരെയും പരിഹാരങ്ങളുടെ ഭാഗമാക്കാൻ ഈ പ്ലാറ്റ്ഫോം ഉപയോഗിക്കുമെന്നും യുഎഇയിലെ അനുഭവങ്ങൾ ലോകവുമായി പങ്കുവെക്കുമെന്നും അവർ കൂട്ടിച്ചേർത്തു.