53
അബുദാബി : അബുദാബിയിലെ താമസക്കാരുടെ കായിക പങ്കാളിത്തവും ശാരീരികക്ഷമതാ നിലവാരവും വിലയിരുത്തുന്നതിനായി ‘അബുദാബി സ്പോർട്സ് ആൻഡ് ഫിസിക്കൽ ആക്റ്റിവിറ്റി സർവേ 2026’ (Abu Dhabi Sports and Physical Activity Survey 2026) ആരംഭിച്ചു. അബുദാബി ഡിപ്പാർട്ട്മെന്റ് ഓഫ് മുൻസിപ്പാലിറ്റീസ് ആൻഡ് ട്രാൻസ്പോർട്ടും (DMT) ഡിപ്പാർട്ട്മെന്റ് ഓഫ് കമ്മ്യൂണിറ്റി ഡെവലപ്‌മെന്റും (DCD) സംയുക്തമായാണ് ഈ സർവേയുടെ അഞ്ചാം പതിപ്പ് സംഘടിപ്പിക്കുന്നത്.
എമിറേറ്റിലെ താമസക്കാരുടെ ജീവിതനിലവാരം ഉയർത്തുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് സമഗ്രമായ ഈ സർവേ നടത്തുന്നത്. സ്കൂൾ വിദ്യാർത്ഥികൾ, യുവജനങ്ങൾ, മുതിർന്നവർ, മുതിർന്ന പൗരന്മാർ തുടങ്ങി സമൂഹത്തിലെ എല്ലാ വിഭാഗങ്ങളെയും സർവേയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇവിടെ ലഭിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിൽ ആരോഗ്യകരമായ ജീവിതശീലങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനുള്ള പുതിയ പദ്ധതികൾക്ക് രൂപം നൽകും.
ആരോഗ്യകരമായ നഗരങ്ങളും സജീവമായ സമൂഹങ്ങളും വാർത്തെടുക്കാനുള്ള അബുദാബിയുടെ ലക്ഷ്യങ്ങളുടെ ഭാഗമാണ് ഈ പദ്ധതി. നഗരാസൂത്രണത്തെയും പൊതുജനാരോഗ്യ ലക്ഷ്യങ്ങളെയും സമന്വയിപ്പിച്ച് വ്യായാമം ചെയ്യാൻ പ്രേരിപ്പിക്കുന്ന രീതിയിലുള്ള അടിസ്ഥാന സൗകര്യങ്ങളും കായിക വേദികളും ഒരുക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.