4
ദുബായ് : അപൂർവ്വ ജനിതക വൈകല്യമായ ഏഞ്ചൽമാൻ സിൻഡ്രോം ബാധിച്ച മകന് പിന്തുണയുമായി ദുബായിൽ വ്യത്യസ്തമായ കാൽവെയ്പുമായി അമ്മ. റിയാൻ ആദംസ് എന്ന ബ്രിട്ടീഷ് വനിതയാണ് തന്റെ ആറുവയസ്സുകാരനായ മകൻ സാംസണിനായി 15 ദിവസത്തിനുള്ളിൽ ദുബായ് മരുഭൂമിയിലൂടെ 150 കിലോമീറ്റർ ഒട്ടകയാത്രയ്ക്ക് തയ്യാറെടുക്കുന്നത്. ഒക്ടോബർ 12 മുതൽ 26 വരെയാണ് ഈ സാഹസിക യാത്ര. ‘കാർീഡ് ത്രൂ ദി സാൻഡ് – 15 ഡേയ്സ് ഫോർ ക്രോമസോം 15’ (Carried through the sand — 15 days for chromosome 15) എന്നാണ് ഈ ബോധവൽക്കരണ കാമ്പയിന് പേരിട്ടിരിക്കുന്നത്.
പത്ത് മാസം പ്രായമുള്ളപ്പോഴാണ് സാംസണിൽ ഈ അപൂർവ്വ ജനിതക അവസ്ഥ കണ്ടെത്തിയത്. ക്രോമസോം 15-നെ ബാധിക്കുന്ന ഈ അവസ്ഥ സംസാരം, ചലനശേഷി, പഠനം, ആശയവിനിമയം എന്നിവയെ സാരമായി ബാധിക്കുന്നു. മകൻ അനുഭവിച്ച ബുദ്ധിമുട്ടുകളെക്കുറിച്ചും രോഗാവസ്ഥയെക്കുറിച്ചും ആളുകളിൽ അവബോധം വളർത്തുന്നതിനാണ് ഈ സാഹസിക യാത്രയെന്ന് റിയാൻ ആദംസ് വ്യക്തമാക്കുന്നു. ഹംദാൻ ബിൻ മുഹമ്മദ് ഹെറിറ്റേജ് സെന്ററിന്റെ കീഴിലുള്ള ഒട്ടക ഫാമിലെ മരുഭൂമിയിലൂടെ ദിവസവും ഏകദേശം 10 കിലോമീറ്റർ ദൂരമാണ് ഇവർ ഒട്ടകപ്പുറത്ത് യാത്ര ചെയ്യുന്നത്. ക്രോമസോം 15-നെ ഓർമ്മിപ്പിക്കുന്നതിനാണ് യാത്രയ്ക്കായി 15 ദിവസവും 150 കിലോമീറ്ററും തിരഞ്ഞെടുത്തത്.