7
ദുബായ് : ഭൂഗർഭജലത്തിലെ ആഴ്സനിക്ക് മലിനീകരണം തടയുന്നതിനായി ഉത്തർപ്രദേശിൽ സൗരോർജ്ജത്തിൽ പ്രവർത്തിക്കുന്ന ജലശുദ്ധീകരണ പ്ലാന്റ് സ്ഥാപിച്ച് ദുബായ് വിദ്യാർത്ഥി. പൂനെ സ്വദേശികളായ മാതാപിതാക്കളുടെ മകനും 18 കാരനുമായ വെഹാൻ സുബ്രഹ്മണ്യനാണ് ‘പ്രോജക്ട് അരുണ’ (Project ARUNA) എന്ന ഈ വേറിട്ട പദ്ധതിക്ക് പിന്നിൽ.
ഇന്ത്യയിലെ ഒരു കുടുംബത്തിന് ക്യാൻസർ ബാധിക്കാൻ കാരണം ആഴ്സനിക്ക് കലർന്ന കുടിവെള്ളമാണെന്ന വാർത്തയാണ് വെഹാനിൽ ഇത്തരമൊരു ചിന്തയ്ക്ക് തുടക്കമിട്ടത്. തുടർന്ന് നടത്തിയ മാസങ്ങൾ നീണ്ട ഗവേഷണത്തിനൊടുവിലാണ് ഉത്തർപ്രദേശിലെ ലഖിംപൂർ ഖേരി ജില്ലയിലെ ‘പാർസിയ’ ഗ്രാമത്തിൽ ഈ പദ്ധതി നടപ്പിലാക്കാൻ തീരുമാനിച്ചത്. ദീർഘകാലം ആഴ്സനിക്ക് കലർന്ന വെള്ളം ഉപയോഗിക്കുന്നത് ക്യാൻസർ, ത്വക്ക് രോഗങ്ങൾ, ഹൃദ്രോഗങ്ങൾ, പ്രമേഹം എന്നിവയ്ക്ക് കാരണമാകുമെന്ന് പഠനങ്ങൾ വ്യക്തമാക്കുന്നു.
സ്വന്തം സമ്പാദ്യവും പിറന്നാൾ സമ്മാനമായി ലഭിച്ച തുകയും വായനാ ക്ലബ്ബ് വഴി സമാഹരിച്ച തുകയ്ക്കും പുറമെ ക്രൗഡ് ഫണ്ടിങ് വഴിയുമാണ് പദ്ധതിക്കുള്ള പണം കണ്ടെത്തിയത്. ഗ്രാമവാസികളുടെയും ഉത്തർപ്രദേശ് ജൽ നിഗം ഉൾപ്പെടെയുള്ള സർക്കാർ ഉദ്യോഗസ്ഥരുടെയും പൂർണ്ണ പിന്തുണയോടെയാണ് പ്ലാന്റിന്റെ നിർമ്മാണം പൂർത്തിയാക്കിയത്. ഗ്രാമീണ ഇന്ത്യയിലെ ഔദ്യോഗിക നടപടിക്രമങ്ങൾ മനസ്സിലാക്കി സ്വന്തമായി കാര്യങ്ങൾ ചെയ്ത് തീർത്ത വെഹാൻറെ ഈ പ്രയത്നത്തെ മാതാപിതാക്കളും നാട്ടുകാരും ഏറെ അഭിനന്ദിച്ചു.