5
അബുദാബി : എഐ സാങ്കേതികവിദ്യയിൽ പുതിയ ചുവടുവെപ്പുമായി യുഎഇ. സർക്കാർ മേഖലയിലെ ഏകദേശം 80,000 ജീവനക്കാരെ എഐ ‘സൂപ്പർ യൂസർമാരായി’ മാറ്റാൻ ലക്ഷ്യമിട്ടുള്ള പരിശീലന പരിപാടിക്ക് യുഎഇ തുടക്കമിട്ടു. അബുദാബിയിൽ നടന്ന ‘എഐ എവരിതിങ്’ (Ai Everything Abu Dhabi) സമ്മേളനത്തിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സഹമന്ത്രി ഒമർ സുൽത്താൻ അൽ ഒലാമയാണ് ഇക്കാര്യം വ്യക്തമാക്കിയത്.
എഐ ഏജന്റുകളെ നിർമ്മിക്കാനും നൂതന മോഡലുകളുമായി ചേർന്നു പ്രവർത്തിക്കാനും ശേഷിയുള്ളവരായി ജീവനക്കാരെ മാറ്റുക എന്നതാണ് ഈ പരിശീലനത്തിലൂടെ ലക്ഷ്യമിടുന്നത്. സാങ്കേതികവിദ്യ പ്രയോജനപ്പെടുത്താൻ ആഗ്രഹിക്കുന്ന ഏതൊരാളും ആദ്യം അത് എങ്ങനെ ഉപയോഗിക്കണമെന്ന് മനസ്സിലാക്കണമെന്ന സർക്കാരിന്റെ കാഴ്ചപ്പാടാണ് ഈ പദ്ധതിയെന്ന് മന്ത്രി പറഞ്ഞു. ജീവനക്കാർക്കിടയിൽ ഈ സാങ്കേതികവിദ്യയെക്കുറിച്ചുള്ള അറിവും ഉപയോഗവും ഉറപ്പാക്കുന്ന ശക്തമായ നടപടികളാണ് സർക്കാർ സ്വീകരിച്ചുവരുന്നത്. എന്നാൽ പരിശീലനം പൂർത്തിയാക്കുന്നതിനുള്ള സമയപരിധിയെക്കുറിച്ചോ സിലബസിനെക്കുറിച്ചോ ഉള്ള കൂടുതൽ വിവരങ്ങൾ അദ്ദേഹം പുറത്തുവിട്ടിട്ടില്ല.