14
ദുബായ് : ഇലക്ട്രിക് വാഹന (EV) സജ്ജീകരണങ്ങളിൽ ഗൾഫ് രാജ്യങ്ങളിൽ ഒന്നാമതായി യുഎഇ. ആർതർ ഡി ലിറ്റിലിന്റെ (Arthur D. Little) 2026 ലെ ഗ്ലോബൽ ഇലക്ട്രിക് മൊബിലിറ്റി റെഡിനസ് ഇൻഡക്സ് (GEMRIX) പ്രകാരമുള്ള പുതിയ ആഗോള പഠനത്തിലാണ് യുഎഇ ഈ നേട്ടം കൈവരിച്ചത്. ചാർജിങ് ശൃംഖല, വാഹനങ്ങളുടെ ലഭ്യത, ചെലവ്, സർക്കാർ നയങ്ങൾ എന്നിവയെല്ലാം വിലയിരുത്തിയാണ് യുഎഇ ആഗോളതലത്തിൽ 53 പോയന്റോടെ 22-ാം സ്ഥാനം കരസ്ഥമാക്കിയത്.
ആഗോളതലത്തിൽ 31 വിപണികളെയാണ് ഈ പഠനത്തിനായി വിലയിരുത്തിയത്. ആകർഷകമായ ഇലക്ട്രിക് കാറുകൾ മാത്രമല്ല, പര്യാപ്തമായ ചാർജിങ് അടിസ്ഥാന സൗകര്യങ്ങൾ, കുറഞ്ഞ ഉടമസ്ഥാവകാശ ചെലവ്, പിന്തുണ നൽകുന്ന നിയമങ്ങൾ, വാഹനങ്ങളുടെ വലിയ ശേഖരം എന്നിവയെല്ലാം ഇവികളുടെ വ്യാപനത്തിന് അത്യന്താപേക്ഷിതമാണെന്ന് പഠനം വ്യക്തമാക്കുന്നു.