18
ഷാർജ : ഷാർജ ഉപഭരണാധികാരി ശൈഖ് അബ്ദുല്ല ബിൻ സാലിം ബിൻ സുൽത്താൻ അൽ ഖാസിമിയുടെ സഹോദരൻ ശൈഖ് മുഹമ്മദ് ബിൻ സാലിം ബിൻ സുൽത്താൻ അൽ ഖാസിമി അന്തരിച്ചു. ഷാർജ സുപ്രീം കൗൺസിൽ അംഗവും ഭരണാധികാരിയുമായ ശൈഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയുടെ കോർട്ടാണ് വെള്ളിയാഴ്ച വിയോഗം ഔദ്യോഗികമായി അറിയിച്ചത്. ശൈഖ് അബ്ദുറഹ്മാൻ ബിൻ സാലിം ബിൻ സുൽത്താൻ അൽ ഖാസിമിയുടെയും സഹോദരനാണ്.
വെള്ളിയാഴ്ച അസർ നിസ്കാരത്തിന് ശേഷം ഷാർജ കിംഗ് ഫൈസൽ പള്ളിയിൽ ഖബറടക്ക ചടങ്ങുകൾ നടക്കും. തുടർന്ന് അൽ ജുബൈൽ ഖബർസ്ഥാനിലാണ് കബറടക്കം. മരണത്തിൽ അനുശോചനം രേഖപ്പെടുത്തി യുഎഇയിൽ മൂന്ന് ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്. വെള്ളിയാഴ്ച മുതൽ ദുഃഖാചരണം ആരംഭിച്ചു.
അന്തരിച്ച ശൈഖിന്റെ കുടുംബാംഗങ്ങൾക്കും അൽ ഖാസിമി കുടുംബത്തിനും ഭരണാധികാരികളും അധികൃതരും അനുശോചനം അറിയിച്ചു. പുരുഷന്മാർക്കുള്ള അനുശോചനം ശനിയാഴ്ച മുതൽ മൂന്ന് ദിവസത്തേക്ക് ഷാർജ അൽ ബാദിയുള്ള ഉപഭരണാധികാരി ശൈഖ് അബ്ദുല്ല ബിൻ സാലിം അൽ ഖാസിമിയുടെ വസതിയിൽ സ്വീകരിക്കും. രാവിലെ 9 മണി മുതൽ ദുഹർ പ്രാർത്ഥന വരെയും, അസർ പ്രാർത്ഥനയ്ക്ക് ശേഷം മഗ്രിബ് പ്രാർത്ഥന വരെയുമാണ് സമയം. സ്ത്രീകളുടെ അനുശോചനം അൽ തർഫാനയിലുള്ള അന്തരിച്ചയാളുടെ വസതിയിൽ നടക്കും.