Featured Partner • Sponsored Advertisement
Reboot Computers
Loading info...
Oct 12, 2026 | 07:27 PM

ഷാർജയിൽ വാടക കുറച്ച് വീട്ടുടമകൾ, ഒരു മാസം താമസവും ഫ്രീ

by Raneesha Razak

ഷാർജ : റോഡ് വികസന പ്രവൃത്തികളും വേനലവധിക്കാലത്തെ മന്ദതയും കാരണം യുഎഇയിലെ ഷാർജയിലെ ചില പ്രദേശങ്ങളിൽ ഫ്ലാറ്റുകളുടെ വാടക കുത്തനെ കുറയുന്നു. വാടകക്കാർ കുറഞ്ഞതോടെ ആളുകളെ ആകർഷിക്കാൻ വാടക കുറയ്ക്കുന്നതിനൊപ്പം ഒരു മാസത്തെ സൗജന്യ താമസവും ഭൂവുടമകൾ വാഗ്ദാനം ചെയ്യുന്നുണ്ട്. അൽ താവൂൺ റൗണ്ട് എബൗട്ട്, അൽ ഖാൻ എന്നീ പ്രദേശങ്ങളിലെ കെട്ടിടങ്ങളെയാണ് റോഡ് നിർമാണം പ്രധാനമായും ബാധിച്ചിരിക്കുന്നത്. റോഡ് പണി കാരണം ഈ ഭാഗങ്ങളിലേക്ക് എളുപ്പത്തിൽ എത്തിച്ചേരാൻ ബുദ്ധിമുട്ടുള്ളതിനാൽ, മെച്ചപ്പെട്ട യാത്രാസൗകര്യമുള്ള മറ്റ് സമീപപ്രദേശങ്ങളിലേക്ക് പല താമസക്കാരും മാറിത്താമസിക്കുന്നതാണ് നിലവിലെ പ്രതിസന്ധിക്ക് കാരണം.

ഈ വർഷം ആദ്യമുണ്ടായിരുന്ന നിരക്കുമായി താരതമ്യം ചെയ്യുമ്പോൾ അൽ താവൂൺ, അൽ ഖാൻ മേഖലകളിൽ ഇപ്പോൾ ഫ്ലാറ്റുകൾക്ക് വലിയ രീതിയിൽ വാടക കുറഞ്ഞിട്ടുണ്ടെന്ന് പ്രോപ്പർട്ടി ഏജന്റുമാർ സ്ഥിരീകരിക്കുന്നു. നിലവിൽ ആളുകൾ നാട്ടിലേക്ക് പോകുന്ന വേനലവധിക്കാലമായതിനാലാണ് റോഡ് പണി നൽകുന്ന ആഘാതം ഒരു പരിധി വരെ കുറഞ്ഞത്. സ്കൂളുകൾ തുറക്കുന്ന സെപ്റ്റംബറോടെ ജനങ്ങൾ തിരിച്ചെത്തുന്നതോടെയും റോഡ് നിർമാണം പൂർത്തിയാകുന്നതോടെയും ഡിമാൻഡ് വീണ്ടും വർധിക്കുമെന്നാണ് ഈ രംഗത്തുള്ളവർ പ്രതീക്ഷിക്കുന്നത്. റോഡ് പണിയുടെ ബുദ്ധിമുട്ടുകൾ കാരണം ഫർണിച്ചറുകൾ മാറ്റാൻ താല്പര്യമില്ലാത്ത ചില കുടുംബങ്ങൾ, സാധനങ്ങൾ ഒരു ഫ്ലാറ്റിൽ മാത്രം ഒന്നിച്ച് സൂക്ഷിച്ച് വാടക പങ്കിട്ടെടുക്കുന്ന പുതിയ പ്രവണതയും ഈ പ്രദേശങ്ങളിൽ ഇപ്പോൾ കണ്ടുവരുന്നുണ്ട്.

You may also like