റഅ്സുൽ ഖൈമ : പലസ്തീൻ ജനതയ്ക്കുള്ള സഹായഹസ്തം നീട്ടുന്നതിന്റെ ഭാഗമായി 100 ടൺ ദുരിതാശ്വാസ സാമഗ്രികളുമായി യുഎഇയുടെ പ്രത്യേക വിമാനം പുറപ്പെട്ടു. റഅ്സുൽ ഖൈമ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നാണ് വിമാനം ഗസ്സ ലക്ഷ്യമാക്കി യാത്ര തിരിച്ചത്. യുഎഇയുടെ ‘ഓപ്പറേഷൻ ചിവൽറസ് നൈറ്റ് 3’ (ഗാലന്റ് നൈറ്റ് 3) പദ്ധതിയുടെ ഭാഗമായാണ് ഈ സഹായം എത്തിക്കുന്നത്.
എമിറേറ്റ്‌സ് റെഡ് ക്രസന്റ് (ERC), ദുബായിലെ ദാർ അൽ ബെർ സൊസൈറ്റി, എമിറാത്തി-പലസ്തീനിയൻ ഫ്രണ്ട്ഷിപ്പ് ക്ലബ്ബ് എന്നിവരുമായി സഹകരിച്ചാണ് ഈ ജീവകാരുണ്യ ദൗത്യം വിജയകരമാക്കിയത്. ഗസ്സയിലെ സാധാരണക്കാരുടെ ദുരിതം ലഘൂകരിക്കാൻ ലക്ഷ്യമിട്ടുള്ള വിമാനത്തിൽ കുട്ടികൾക്കുള്ള പാൽപ്പൊടി, അത്യാവശ്യ മരുന്നുകൾ, വസ്ത്രങ്ങൾ എന്നിവയുൾപ്പെടെയുള്ള അടിയന്തര സാമഗ്രികളാണ് അയച്ചിരിക്കുന്നത്. ഗസ്സയിൽ ദുരിതമനുഭവിക്കുന്ന ജനങ്ങളുടെ പുനരധിവാസത്തിനായി കര, കടൽ, വ്യോമ മാർഗ്ഗങ്ങളിലൂടെ യുഎഇ തങ്ങളുടെ മാനുഷിക സഹായങ്ങൾ തുടർന്നു നൽകുമെന്ന് അധികൃതർ വ്യക്തമാക്കി.
4
previous post