Featured Partner • Sponsored Advertisement
Reboot Computers
Loading info...
Oct 4, 2026 | 06:55 AM

യുഎഇയിൽ ഇന്ന് മുഹറം ഒന്ന്; ഹിജ്റ പുതുവർഷാരംഭം

by Raneesha Razak

ദുബായ് : യുഎഇയിൽ പുതിയ ഹിജ്റ വര്ഷത്തിന് (1448 AH) തുടക്കം കുറിച്ചുകൊണ്ട് ജൂൺ 16 ചൊവ്വാഴ്ച മുഹറം ഒന്നായി ഫത്‌വ കൗൺസിൽ പ്രഖ്യാപിച്ചു. രാജ്യത്തെ പ്രമുഖ ജ്യോതിശാസ്ത്ര നിരീക്ഷണ കേന്ദ്രങ്ങളുമായും വിദഗ്ദ്ധരുമായും ഏകോപിപ്പിച്ച്, ചന്ദ്രക്കല ദൃശ്യമായതിന്റെ ശാസ്ത്രീയ വിവരങ്ങൾ വിലയിരുത്തിയ ശേഷമാണ് അതോറിറ്റി ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്. അബുദാബിയിലെ ഖത്മ് അസ്ട്രോണമിക്കൽ ഒബ്സർവേറ്ററിയിൽ പകൽ സമയത്തുതന്നെ ചന്ദ്രക്കല ദൃശ്യമായതായി അസ്ട്രോണമി സെന്റർ നേരത്തെ വെളിപ്പെടുത്തിയിരുന്നു.
പുതുവത്സരത്തോടനുബന്ധിച്ച് ജൂൺ 15 തിങ്കളാഴ്ച രാജ്യത്ത് പൊതു അവധി നൽകിയിരുന്നതിനാൽ ശനി, ഞായർ ദിവസങ്ങളിൽ വാരാന്ത്യ അവധിയുള്ള പ്രവാസികൾ ഉൾപ്പെടെയുള്ള ജനങ്ങൾക്ക് മൂന്ന് ദിവസത്തെ നീണ്ട അവധി ലഭിച്ചു. അതേസമയം വെള്ളി മുതൽ ഞായർ വരെ വാരാന്ത്യ അവധിയുള്ള ഷാർജയിലെ സർക്കാർ ജീവനക്കാർക്കും വിദ്യാർത്ഥികൾക്കും നാല് ദിവസത്തെ വലിയ അവധിയാണ് ഇതിലൂടെ ആസ്വദിക്കാൻ സാധിച്ചത്. പുതിയ ഇസ്ലാമിക് വർഷത്തിൽ രാജ്യത്തിന് സുരക്ഷയും സ്ഥിരതയും ജനങ്ങൾക്ക് സമൃദ്ധിയും ഉണ്ടാകാൻ പ്രാർത്ഥിക്കുന്നതായി പ്രഖ്യാപനത്തോടൊപ്പം ഫത്‌വ കൗൺസിൽ കൂട്ടിച്ചേർത്തു.

You may also like