അബുദാബി : ഇറാനിലേക്ക് യുഎഇ 300 കോടി ഡോളർ (3 Billion Dollars) കൈമാറിയെന്ന അന്താരാഷ്ട്ര മാധ്യമങ്ങളുടെ റിപ്പോർട്ടുകൾ പൂർണ്ണമായും വ്യാജമാണെന്ന് വ്യക്തമാക്കി യുഎഇ വിദേശകാര്യ മന്ത്രാലയം. യുഎഇയുടെ ഔദ്യോഗിക വാർത്താ ഏജൻസിയായ ‘വാം’ (WAM) വഴിയാണ് മന്ത്രാലയം ഇക്കാര്യം അറിയിച്ചത്.
യുഎഇ വഴി മരവിപ്പിച്ച ഇറാനിയൻ ഫണ്ടുകളൊന്നും റിലീസ് ചെയ്യുകയോ കൈമാറുകയോ ചെയ്തിട്ടില്ലെന്നും മാധ്യമങ്ങളിൽ വന്ന വാർത്തകൾ അടിസ്ഥാനരഹിതമാണെന്നും മന്ത്രാലയം വ്യക്തമാക്കി. മാധ്യമങ്ങൾ ഔദ്യോഗിക സ്രോതസ്സുകളെ മാത്രം ആശ്രയിക്കണമെന്നും സ്ഥിരീകരിക്കാത്ത വാർത്തകൾ പ്രചരിപ്പിക്കരുതെന്നും യുഎഇ ആവശ്യപ്പെട്ടു.
പ്രാദേശിക യുദ്ധങ്ങളിൽ യുഎഇ ഒരു ഭാഗമാകില്ലെന്നും തങ്ങളുടെ വ്യോമാതിർത്തിയോ ടെറിട്ടറിയോ ജലാശയങ്ങളോ ഒരു സൈനിക ആവശ്യങ്ങൾക്കും ഉപയോഗിക്കാൻ അനുവദിക്കില്ലെന്നും രാജ്യം ആവർത്തിച്ചു. യുഎഇയുടെ അടിസ്ഥാന സൗകര്യങ്ങൾക്ക് നേരെ നേരത്തെ ആക്രമണങ്ങൾ ഉണ്ടായിട്ടുണ്ടെങ്കിലും നയതന്ത്രപരമായ ചർച്ചകളിലൂടെ പ്രശ്നങ്ങൾ പരിഹരിക്കാനാണ് രാജ്യം എപ്പോഴും ശ്രമിക്കുന്നതെന്നും അധികൃതർ കൂട്ടിച്ചേർത്തു.
23