ദുബായ് : പണമിടപാട് സംബന്ധിച്ച തർക്കത്തെ തുടർന്ന് യുവാവിന്റെ മുഖത്തടിക്കുകയും കഴുത്തിൽ കിടന്നിരുന്ന സ്വർണ്ണം പൂശിയ മാല ബലമായി പൊട്ടിച്ചെടുക്കുകയും ചെയ്ത കേസിൽ 32-കാരൻ കുറ്റക്കാരനാണെന്ന് ദുബായ് കോടതി കണ്ടെത്തി.കോടതി രേഖകൾ പ്രകാരം, ദുബായിൽ തന്റെ കുടുംബം താമസിച്ചിരുന്ന അപ്പാർട്ട്മെന്റിൽ നിന്ന് പുറത്തേക്ക് വരികയായിരുന്ന യുവാവിനെ പ്രതി തടഞ്ഞു നിർത്തുകയായിരുന്നു. യാതൊരു പ്രകോപനവുമില്ലാതെ പ്രതി യുവാവിന്റെ മുഖത്തടിക്കുകയും കഴുത്തിലുണ്ടായിരുന്ന 700 ദിർഹം വിലവരുന്ന മാല ബലമായി പൊട്ടിച്ചെടുക്കുകയുമായിരുന്നു എന്ന് പ്രൊസിക്യൂഷൻ വ്യക്തമാക്കി. അക്രമസമയത്ത് പ്രതിയുടെ കൈവശം കത്തി ഉണ്ടായിരുന്നതായും അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.
യുവാവിന്റെ പരാതിയെ തുടർന്ന് ദുബായ് പോലീസ് നടത്തിയ അന്വേഷണത്തിൽ സിസിടിവി ദൃശ്യങ്ങൾ, സാക്ഷിമൊഴികൾ എന്നിവയുടെ അടിസ്ഥാനത്തിലാണ് പ്രതിയെ തിരിച്ചറിഞ്ഞതും പിടികൂടിയതും. പ്രതി ബലപ്രയോഗത്തിലൂടെയാണ് മാല കവർന്നതെന്ന് വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിൽ ബോധ്യപ്പെട്ടതായി കോടതി നിരീക്ഷിച്ചു. ബലപ്രയോഗത്തിലൂടെയുള്ള കവർച്ചാ കുറ്റം (Robbery by coercion) തെളിഞ്ഞതിനെ തുടർന്നാണ് കോടതി വിധി പ്രസ്താവിച്ചത്.