Featured Partner • Sponsored Advertisement
Reboot Computers
Loading info...
Oct 4, 2026 | 11:51 PM

യുഎഇയിൽ പ്രതിമാസ ശമ്പള വിതരണം 3700 കോടി ദിർഹം കടന്നു; പുതിയ ഡബ്ല്യുപിഎസ് പരിഷ്കാരം ജൂലൈ 1 മുതൽ

by Raneesha Razak

ദുബായ് : യുഎഇയിലെ സ്വകാര്യ മേഖലയിലെ 99 ശതമാനം ജീവനക്കാരുടെയും ശമ്പള വിതരണം സുരക്ഷിതമായി കൈകാര്യം ചെയ്യുന്നത് 90-ലധികം ബാങ്കുകളും എക്സ്ചേഞ്ചുകളുമടങ്ങുന്ന ശമ്പള സംരക്ഷണ സംവിധാനമാണെന്ന് (WPS) മാനവശേഷി സ്വദേശിവൽക്കരണ മന്ത്രാലയം (MoHRE) വ്യക്തമാക്കി. നിലവിൽ പ്രതിമാസം 37 ബില്യൺ ദിർഹത്തിലധികം (3700 കോടി ദിർഹം) ശമ്പള ഇടപാടുകളാണ് ഈ സംവിധാനം വഴി നടക്കുന്നത്. കഴിഞ്ഞ മാസം ബലിപെരുന്നാൾ അവധി പ്രമാണിച്ച് ഭൂരിഭാഗം കമ്പനികളും നിശ്ചിത തീയതിക്ക് മുൻപ് തന്നെ ജീവനക്കാർക്ക് ശമ്പളം കൈമാറിയത് യുഎഇ തൊഴിൽ വിപണിയുടെ സുസ്ഥിരതയും നിയമവിധേയത്വവും തെളിയിക്കുന്നതാണെന്ന് മന്ത്രാലയം വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

ബിസിനസ്സ് സ്ഥാപനങ്ങൾക്ക് തങ്ങളുടെ പോരായ്മകൾ തിരുത്താൻ കൂടുതൽ സമയം നൽകുന്ന പുതിയ ഡബ്ല്യുപിഎസ് പരിഷ്കാരങ്ങളുടെ യഥാർത്ഥ നടപ്പാക്കൽ ജൂൺ മാസത്തെ ശമ്പളം ഉൾപ്പെടുത്തി ജൂലൈ 1 മുതൽ ആരംഭിക്കും. കമ്പനികളുടെ പ്രവർത്തന യാഥാർത്ഥ്യങ്ങളായ വാർഷിക അവധി, രോഗാവധി, മറ്റ് നിയമപരമായ ശമ്പളം കുറയ്ക്കലുകൾ എന്നിവ പരിഗണിച്ച്, ജീവനക്കാർക്ക് നൽകേണ്ട ആകെ ശമ്പളത്തിന്റെ 85 ശതമാനമെങ്കിലും ബാങ്ക് വഴി കൈമാറിയാൽ ആ സ്ഥാപനം കൃത്യമായി നിയമം പാലിക്കുന്നതായി (Compliant) കണക്കാക്കും. മന്ത്രാലയത്തിന് കീഴിലുള്ള ആറ് ലക്ഷത്തിലധികം കമ്പനികളിൽ ഭൂരിഭാഗവും ശമ്പള വിതരണത്തിൽ ഉയർന്ന കൃത്യത പുലർത്തുന്നുണ്ട്. നിയമപരമായ നടപടികളിലേക്ക് കടക്കുന്നതിന് മുൻപ് തൊഴിലുടമകളുമായി നേരിട്ട് ആശയവിനിമയം നടത്തുന്നതിനാണ് മുൻഗണന നൽകുന്നതെന്നും, 2025-ൽ മാത്രം കമ്പനികളുമായി 6 കോടിയിലധികം തവണ ഇത്തരത്തിൽ ബന്ധപ്പെട്ടിട്ടുണ്ടെന്നും ലേബർ മാർക്കറ്റ് ഓപ്പറേഷൻസ് അണ്ടർസെക്രട്ടറി ഖലീൽ ഇബ്രാഹിം അൽ ഖൂരി വ്യക്തമാക്കി. പുതിയ പരിഷ്കാരങ്ങൾ തൊഴിൽ തർക്കങ്ങൾ കുറയ്ക്കാനും ആഗോള പ്രതിഭകളെ യുഎഇയിലേക്ക് ആകർഷിക്കാനും സഹായിക്കും.

You may also like