Featured Partner • Sponsored Advertisement
Reboot Computers
Loading info...
Oct 4, 2026 | 10:22 PM

തലകൾ ഒട്ടിപ്പിടിച്ച നൈജീരിയൻ ഇരട്ടക്കുട്ടികളെ വിജയകരമായി വേർപെടുത്തി

അബുദാബിയിൽ അപൂർവ്വ ശസ്ത്രക്രിയ

by Raneesha Razak

അബുദാബി : തലകൾ തമ്മിൽ ഒട്ടിപ്പിടിച്ച നിലയിൽ ജനിച്ച നൈജീരിയൻ ഇരട്ടക്കുട്ടികളെ സങ്കീർണ്ണമായ ശസ്ത്രക്രിയയിലൂടെ വേർപെടുത്തി അബുദാബി ഷെയ്ഖ് ഖലീഫ മെഡിക്കൽ സിറ്റി (SKMC). മിഡിൽ ഈസ്റ്റ് മേഖലയിൽ തന്നെ ഇത്തരത്തിലുള്ള ആദ്യ ശസ്ത്രക്രിയയാണിത്. തലയോട്ടി, മസ്തിഷ്ക കോശങ്ങൾ, രക്തക്കുഴലുകൾ എന്നിവ പരസ്പരം പിണഞ്ഞുകിടന്ന 15 മാസം പ്രായമുള്ള മേഴ്സി, ഗുഡ്‌നെസ് എന്നീ പെൺകുട്ടികളെയാണ് പ്യുവർ ഹെൽത്ത് ഗ്രൂപ്പിന്റെ കീഴിലുള്ള ആശുപത്രിയിൽ വിജയകരമായി വേർപെടുത്തിയത്. ജന്മനാ പരസ്പരം മുഖം കാണാൻ കഴിയാതിരുന്ന കുരുന്നുകൾക്ക് ശസ്ത്രക്രിയയ്ക്ക് ശേഷം ആദ്യമായി നേർക്കുനേർ നോക്കാനും ഒന്നിച്ച് കളിക്കാനും സാധിച്ചു.

ആറ് മാസങ്ങളിലായി നീണ്ടുനിന്ന നാല് സങ്കീർണ്ണ ശസ്ത്രക്രിയകളിലൂടെയാണ് ഈ അപൂർവ്വ നേട്ടം കൈവരിച്ചത്. യുഎഇ, യുകെ, ബ്രസീൽ, നൈജീരിയ എന്നീ രാജ്യങ്ങളിൽ നിന്നുള്ള 60-ലധികം അന്താരാഷ്ട്ര മെഡിക്കൽ വിദഗ്ധരും ഡോക്ടർമാരും അടങ്ങുന്ന വിപുലമായ സംഘമാണ് ശസ്ത്രക്രിയയ്ക്ക് നേതൃത്വം നൽകിയത്. ഇതിനായി അത്യാധുനിക ഇമേജിംഗ് സാങ്കേതികവിദ്യ, ഓഗ്‌മെന്റഡ് റിയാലിറ്റി സിമുലേഷൻസ്, 3D പ്രിന്റിംഗ് എന്നിവയുടെ സഹായത്തോടെ കുട്ടികളുടെ നാഡീവ്യൂഹങ്ങളുടെ കൃത്യമായ മാപ്പ് തയ്യാറാക്കിയിരുന്നു. ഒട്ടിപ്പിടിച്ച ഇരട്ടക്കുട്ടികളെ വേർപെടുത്തുന്നതിൽ ആഗോള പ്രശസ്തിയാർജ്ജിച്ച ‘ജെമിനി അൺട്വിൻഡ് ഫൗണ്ടേഷനും’ ഈ ദൗത്യത്തിൽ പങ്കാളികളായി. ഭൂമിശാസ്ത്രപരമായ അതിരുകൾക്കപ്പുറം മാനുഷിക മൂല്യങ്ങൾക്കും അത്യാധുനിക മെഡിക്കൽ വൈദഗ്ധ്യത്തിനും യുഎഇ നൽകുന്ന പ്രാധാന്യത്തിന്റെ തെളിവാണ് ഈ വിജയമെന്ന് അന്താരാഷ്ട്ര സഹകരണ സഹമന്ത്രി റീം ബിൻത് ഇബ്രാഹിം അൽ ഹാഷിമി പറഞ്ഞു. ആഗോള ആരോഗ്യരംഗത്ത് മികച്ച ഹബ്ബായി അബുദാബി മാറിക്കൊണ്ടിരിക്കുന്നതിന്റെ തെളിവുകൂടിയാണ് ഈ ചരിത്രപരമായ മെഡിക്കൽ നേട്ടം.

You may also like