Featured Partner • Sponsored Advertisement
Reboot Computers
Loading info...
Oct 2, 2026 | 04:26 PM

യുഎഇയിൽ ഉച്ചവിശ്രമ നിയമം ജൂൺ 15 മുതൽ; നിയമലംഘകർക്ക് 50,000 ദിർഹം വരെ കനത്ത പിഴ

by Raneesha Razak

അബുദാബി : യുണൈറ്റഡ് അറബ് എമിറേറ്റ്സിൽ കടുത്ത വേനൽക്കാലത്തെത്തുടർന്ന് തൊഴിലാളികളുടെ സുരക്ഷ മുൻനിർത്തിയുള്ള നിർബന്ധിത ഉച്ചവിശ്രമ നിയമം ജൂൺ 15 മുതൽ പ്രാബല്യത്തിൽ വരും. നേരിട്ട് സൂര്യപ്രകാശമേൽക്കുന്ന തുറസ്സായ സ്ഥലങ്ങളിലും ഓപ്പൺ എയർ ഏരിയകളിലും ഉച്ചയ്ക്ക് 12:30 മുതൽ വൈകുന്നേരം 3:00 മണി വരെ ജോലി ചെയ്യുന്നത് പൂർണ്ണമായും വിലക്കിക്കൊണ്ട് രാജ്യത്തെ മാനവവിഭവശേഷി സ്വദേശിവൽക്കരണ മന്ത്രാലയമാണ് ഉത്തരവിറക്കിയത്. സെപ്റ്റംബർ 15 വരെ നീണ്ടുനിൽക്കുന്ന ഈ നിയന്ത്രണം കടുത്ത ചൂടിൽ നിന്നും നിർജ്ജലീകരണത്തിൽ നിന്നും തൊഴിലാളികളെ സംരക്ഷിക്കുന്നതിനായി രാജ്യം തുടർച്ചയായി നടപ്പിലാക്കുന്ന ഇരുപത്തിരണ്ടാമത് വർഷമാണിത്.

നിയമപ്രകാരം ഉച്ചവിശ്രമ വേളയിൽ തൊഴിലാളികൾക്ക് വിശ്രമിക്കുന്നതിനായി തണലുള്ള പ്രത്യേക കേന്ദ്രങ്ങൾ കമ്പനികൾ ഒരുക്കേണ്ടതുണ്ട്. അതോടൊപ്പം തണുപ്പ് നൽകുന്ന ഫാനുകൾ, ആവശ്യത്തിന് കുടിവെള്ളം, മറ്റ് ഹൈഡ്രേഷൻ സംവിധാനങ്ങൾ എന്നിവ നിർബന്ധമായും ലഭ്യമാക്കണം. സാങ്കേതിക കാരണങ്ങളാൽ നിർത്തിവെക്കാൻ സാധിക്കാത്ത അടിയന്തര നിർമ്മാണ പ്രവർത്തനങ്ങളായ റോഡ് ടാറിങ്, കോൺക്രീറ്റ് വാർക്കൽ എന്നിവയെയും പൊതുജനജീവിതത്തെ ബാധിക്കുന്ന വൈദ്യുതി, ജലവിതരണം, ഗതാഗതം എന്നിവ പുനഃസ്ഥാപിക്കാനുള്ള അടിയന്തര അറ്റകുറ്റപ്പണികളെയും ഈ വിലക്കിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്.

നിയമം ലംഘിക്കുന്ന സ്ഥാപനങ്ങൾക്ക് കനത്ത സാമ്പത്തിക പിഴ ചുമത്താനാണ് മന്ത്രാലയത്തിന്റെ തീരുമാനം. നിയമലംഘനം നടത്തുന്ന കമ്പനികളിൽ നിന്നും ഓരോ തൊഴിലാളിക്കും 5,000 ദിർഹം വീതവും ഒന്നിലധികം തൊഴിലാളികൾ ഉൾപ്പെടുന്ന ലംഘനങ്ങൾക്ക് പരമാവധി 50,000 ദിർഹം വരെയും പിഴ ഈടാക്കും. കഴിഞ്ഞ വർഷങ്ങളിൽ നടത്തിയ വിപുലമായ ബോധവൽക്കരണ പ്രവർത്തനങ്ങളുടെ ഫലമായി 99 ശതമാനം കമ്പനികളും ഈ നിയമം കൃത്യമായി പാലിച്ചിരുന്നതായും ഡെലിവറി തൊഴിലാളികൾക്കായി പതിനായിരത്തിലധികം എയർകണ്ടീഷൻ ചെയ്ത വിശ്രമകേന്ദ്രങ്ങൾ രാജ്യത്തുടനീളം ഒരുക്കിയിരുന്നതായും മന്ത്രാലയം വ്യക്തമാക്കി.

You may also like