വാഷിങ്ടൺ: ഇറാനെതിരായി ചൊവ്വാഴ്ച വലിയ സൈനിക ആക്രമണം നടത്താൻ പദ്ധതിയിട്ടിരുന്നെങ്കിലും ഗൾഫ് അറബ് രാജ്യങ്ങളുടെ അഭ്യർഥനയെ തുടർന്ന് അത് അവസാന നിമിഷം നിർത്തിവെച്ചതായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പറഞ്ഞു. ഖത്തർ, സൗദി അറേബ്യ, യുഎഇ എന്നീ രാജ്യങ്ങളുടെ നേതാക്കൾ ഇറാനുമായി ഗൗരവമായ ചർച്ചകൾ പുരോഗമിക്കുന്നതിനാൽ ആക്രമണം തൽക്കാലം മാറ്റിവയ്ക്കണമെന്ന് ആവശ്യപ്പെട്ടുവെന്ന് ട്രംപ് തന്റെ ട്രൂത്ത് സോഷ്യൽ പ്ലാറ്റ്‌ഫോമിൽ വ്യക്തമാക്കി.
ഇറാനുമായി യുദ്ധം അവസാനിപ്പിക്കാൻ കരാർ ഉണ്ടാകുമെന്ന പ്രതീക്ഷ നിലനിൽക്കുന്നതിനാലാണ് ആക്രമണം നിർത്തിയതെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ അംഗീകരിക്കാവുന്ന കരാർ ഉണ്ടായില്ലെങ്കിൽ ഏത് നിമിഷവും വലിയ തോതിലുള്ള ആക്രമണത്തിന് അമേരിക്കൻ സൈന്യത്തെ തയ്യാറാക്കി വെച്ചിട്ടുണ്ടെന്നും ട്രംപ് മുന്നറിയിപ്പ് നൽകി.
വൈറ്റ് ഹൗസിൽ നടന്ന പരിപാടിക്കിടെ സംസാരിച്ച ട്രംപ്, ചർച്ചകളിൽ “വളരെ പോസിറ്റീവ് പുരോഗതി” ഉണ്ടായിട്ടുണ്ടെന്നും അറബ് സഖ്യരാജ്യങ്ങൾ കരാർ അടുത്തതായി അറിയിച്ചതായും പറഞ്ഞു. ആ കരാറിലൂടെ ഇറാനിന് ആണവായുധങ്ങൾ ലഭിക്കാതിരിക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എന്നാൽ ആണവായുധ പദ്ധതിയില്ലെന്ന നിലപാടിലാണ് ഇറാൻ.“ബോംബാക്രമണം നടത്താതെ പ്രശ്നം പരിഹരിക്കാൻ കഴിഞ്ഞാൽ അതിൽ ഞാൻ സന്തോഷവാനായിരിക്കും,” എന്നും ട്രംപ് പറഞ്ഞു.