Featured Partner • Sponsored Advertisement
Reboot Computers
Loading info...
Oct 4, 2026 | 07:46 AM

എഐ ഉപയോഗിച്ച് വിദ്യാഭ്യാസ മേഖലയെ മാറ്റിയെഴുതാൻ യുഎഇയും ചൈനയും കൈകോർക്കുന്നു

by Raneesha Razak

ദുബായ് : ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) സാങ്കേതികവിദ്യയുടെ സഹായത്തോടെ വിദ്യാഭ്യാസത്തിന്റെ ഭാവി രൂപപ്പെടുത്താൻ യുഎഇയും ചൈനയും ഒരുമിച്ച് പ്രവർത്തിക്കുന്നു. ഇതിന്റെ ഭാഗമായി ചൈനയിലെ ഹാങ്‌ഷൗവിൽ നടന്ന ‘വേൾഡ് ഡിജിറ്റൽ എഡ്യൂക്കേഷൻ കോൺഫറൻസ് 2026’ൽ പങ്കെടുക്കാൻ യുഎഇയിൽ നിന്നുള്ള ഉന്നതതല സംഘം എത്തിച്ചേർന്നു. യുഎഇ മാനവവിഭവശേഷി-സ്വദേശിവൽക്കരണ മന്ത്രിയും ഉന്നത വിദ്യാഭ്യാസ-ശാസ്ത്ര ഗവേഷണ വകുപ്പ് താത്കാലിക മന്ത്രിയുമായ ഡോ. അബ്ദുൾറഹ്മാൻ അൽ അവാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് സമ്മേളനത്തിൽ പങ്കെടുത്തത്. ‘എഐ + വിദ്യാഭ്യാസം: മാറ്റം, വികസനം, ഭരണം’ എന്നതായിരുന്നു ഈ വർഷത്തെ കോൺഫറൻസിന്റെ പ്രധാന പ്രമേയം.

ഉന്നതവിദ്യാഭ്യാസ രംഗം മെച്ചപ്പെടുത്തുന്നതിനും വിദ്യാർത്ഥികളുടെ പഠനനിലവാരം ഉയർത്തുന്നതിനും ചൈന എങ്ങനെയൊക്കെയാണ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിക്കുന്നതെന്ന് നേരിട്ടറിയാൻ ഈ സന്ദർശനം യുഎഇ സംഘത്തിന് അവസരമൊരുക്കി. കൂടാതെ, രാജ്യത്തെ വിവിധ സാമ്പത്തിക മേഖലകളിലേക്ക് ആവശ്യമായ വിദഗ്ധ തൊഴിലാളികളെ വാർത്തെടുക്കാൻ എഐ എങ്ങനെ സഹായിക്കുന്നുവെന്നും സംഘം വിലയിരുത്തി. തങ്ങളുടെ രാജ്യത്തെ ഡിജിറ്റൽ വികസനത്തിന്റെ ഭാഗമായി യുഎഇയും നിലവിൽ ഇതേ കാര്യങ്ങളിലാണ് കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.

യുഎഇ മാനവവിഭവശേഷി-സ്വദേശിവൽക്കരണ മന്ത്രാലയം, ഉന്നത വിദ്യാഭ്യാസ-ശാസ്ത്ര ഗവേഷണ മന്ത്രാലയം എന്നിവയിലെ ഉദ്യോഗസ്ഥർക്ക് പുറമെ രാജ്യത്തെ പ്രമുഖമായ അഞ്ച് ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്നുള്ള ഒൻപത് പ്രതിപ്രതിനിധികളും ഈ ഔദ്യോഗിക സംഘത്തിൽ ഉണ്ടായിരുന്നു. യുണൈറ്റഡ് അറബ് എമിറേറ്റ്സ് യൂണിവേഴ്സിറ്റി, ഹയർ കോളേജസ് ഓഫ് ടെക്നോളജി, സായിദ് യൂണിവേഴ്സിറ്റി, ഖലീഫ യൂണിവേഴ്സിറ്റി, ഹംദാൻ ബിൻ മുഹമ്മദ് സ്മാർട്ട് യൂണിവേഴ്സിറ്റി എന്നിവയാണ് ഈ ഉന്നതതല സംഘത്തിൽ പങ്കാളികളായ വിദ്യാഭ്യാസ സ്ഥാപനങ്ങൾ.

You may also like