ഷാർജ : അന്താരാഷ്ട്ര മ്യൂസിയം ദിനാഘോഷങ്ങളുടെ ഭാഗമായി ഷാർജയിലെ എല്ലാ മ്യൂസിയങ്ങളിലും മെയ് 18-ന് പൊതുജനങ്ങൾക്ക് സൗജന്യ പ്രവേശനം അനുവദിച്ചു. ഷാർജ സിറ്റി, ഖോർഫക്കാൻ, കൽബ എന്നിവിടങ്ങളിലെ മ്യൂസിയങ്ങളിലാണ് ഈ ആനുകൂല്യം ലഭിക്കുക. “മ്യൂസിയങ്ങൾ ഭിന്നിച്ച ലോകത്തെ ഒന്നിപ്പിക്കുന്നു” എന്ന ആഗോള പ്രമേയത്തിന് കീഴിൽ നാല് ദിവസത്തെ വിപുലമായ പരിപാടികളാണ് സംഘടിപ്പിച്ചിരിക്കുന്നത്.
മെയ് 15 മുതൽ 18 വരെ നീണ്ടുനിൽക്കുന്ന ആഘോഷങ്ങളിൽ വർക്ക്‌ഷോപ്പുകൾ, ഗൈഡഡ് ടൂറുകൾ, സംഗീത പരിപാടികൾ, ചർച്ചകൾ, കമ്മ്യൂണിറ്റി ആക്ടിവിറ്റികൾ എന്നിവ ഉൾപ്പെടുന്നു. സാംസ്കാരിക വിനിമയവും സമൂഹവുമായുള്ള ബന്ധവും ശക്തമാക്കാൻ ലക്ഷ്യമിട്ടുള്ള ഒരു പ്രത്യേക കലാപ്രദർശനവും ഇതിന്റെ ഭാഗമായി ഒരുക്കിയിട്ടുണ്ട്. മ്യൂസിയങ്ങളെ വിദ്യാഭ്യാസത്തിന്റെയും സാംസ്കാരിക സംരക്ഷണത്തിന്റെയും കേന്ദ്രങ്ങളായി കാണുന്ന ഷാർജ ഭരണാധികാരി ഷെയ്ഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയുടെ സാംസ്കാരിക കാഴ്ചപ്പാടിന്റെ പ്രതിഫലനമാണ് ഈ സംരംഭം.
ഭിന്നശേഷിക്കാർ ഉൾപ്പെടെയുള്ള സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങളെയും ഉൾക്കൊള്ളുന്ന രീതിയിലാണ് പരിപാടികൾ ആസൂത്രണം ചെയ്തിരിക്കുന്നത്. വിവിധ ഭാഷകളിൽ വിവരങ്ങൾ ലഭ്യമാക്കുകയും വൈവിധ്യമാർന്ന സാംസ്കാരിക പശ്ചാത്തലമുള്ളവർക്കായി പ്രത്യേക പ്രവർത്തനങ്ങൾ ഒരുക്കുകയും ചെയ്തിട്ടുണ്ട്. മ്യൂസിയങ്ങളെ കേവലം പ്രദർശന ശാലകൾ എന്നതിലുപരിയായി പഠനത്തിനും സർഗ്ഗാത്മകതയ്ക്കും സംവാദത്തിനുമുള്ള ഇടങ്ങളായി മാറ്റാനും, പുതിയ തലമുറയെ സാംസ്കാരിക പൈതൃകവുമായി ബന്ധിപ്പിക്കാനും ഈ ആഘോഷങ്ങൾ സഹായിക്കുമെന്ന് അതോറിറ്റി വ്യക്തമാക്കി.