Featured Partner • Sponsored Advertisement
Reboot Computers
Loading info...
Oct 4, 2026 | 02:02 PM

ദുബായിൽ ഇ-സ്‌കൂട്ടറുകൾക്ക് നിയന്ത്രണം

by Raneesha Razak

ദുബായ് : ദുബായ് നഗരത്തിലെ താമസക്കാർക്കിടയിൽ ഇ-സ്കൂട്ടറുകൾ ഇപ്പോൾ സർവ്വസാധാരണമാണ്. ഹ്രസ്വദൂര യാത്രകൾക്കും ജോലിക്കു പോകുന്നതിനും മെട്രോ സ്റ്റേഷനുകളിലേക്കും മറ്റും എത്തുന്നതിനുമായി നിരവധി പേരാണ് ഇവ ഉപയോഗിക്കുന്നത്. എന്നാൽ ഇ-സ്കൂട്ടറുകൾ വർദ്ധിച്ചതോടെ അവ എവിടെയൊക്കെ ഓടിക്കാം എന്ന കാര്യത്തിൽ പലർക്കും സംശയമുണ്ട്. ഇതിന് വ്യക്തമായ മറുപടിയുമായി എത്തിയിരിക്കുകയാണ് ദുബായ് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (ആർടിഎ). ദുബായ് പോലീസും ആർടിഎയും നഗരത്തിലുടനീളം പരിശോധനകൾ കർശനമാക്കിയ സാഹചര്യത്തിലാണ് ഈ വിശദീകരണം പുറത്തുവന്നിരിക്കുന്നത്.

ഇ-സ്കൂട്ടറുകൾക്കും സൈക്കിളുകൾക്കുമായി പ്രത്യേകം തയ്യാറാക്കിയ ട്രാക്കുകൾ ലഭ്യമായ ഇടങ്ങളിൽ അവയിലൂടെ മാത്രമേ യാത്ര ചെയ്യാവൂ എന്ന് ആർടിഎ ട്രാഫിക് വിഭാഗം ഡയറക്ടർ അഹമ്മദ് അൽ ഖസൈമി അറിയിച്ചു. കാൽനടയാത്രക്കാർക്കും സ്കൂട്ടർ യാത്രക്കാർക്കും ഒരുപോലെ സുരക്ഷ ഉറപ്പാക്കാനാണ് ഇത്തരം പ്രത്യേക പാതകൾ ഒരുക്കിയിരിക്കുന്നത്. ഇതിലൂടെ ട്രാക്കുകൾ കാൽനട പാതകളിൽ നിന്ന് വേർതിരിക്കപ്പെട്ടിരിക്കുന്നതിനാൽ അപകടങ്ങൾ ഒഴിവാക്കാനും സുഗമമായ യാത്ര ഉറപ്പാക്കാനും സാധിക്കും.

ചില താമസമേഖലകളിൽ ‘സേഫ് സ്ട്രീറ്റ്’ (Safe Street) സംവിധാനത്തിന് കീഴിലുള്ള പ്രാദേശിക റോഡുകളിലും ഇ-സ്കൂട്ടറുകൾ ഉപയോഗിക്കാൻ അനുമതിയുണ്ട്. ഇത്തരം റോഡുകളിൽ വാഹനങ്ങളുടെ വേഗത മണിക്കൂറിൽ 30 കിലോമീറ്ററായി പരിമിതപ്പെടുത്തിയിരിക്കും. യാത്രക്കാരെയും ഡ്രൈവർമാരെയും സഹായിക്കുന്നതിനായി ഈ റോഡുകളിൽ ചുവന്ന നിറത്തിലുള്ള അടയാളങ്ങളും സൈൻ ബോർഡുകളും സ്ഥാപിച്ചിട്ടുണ്ട്. യാത്രക്കാർക്ക് നിയമങ്ങളും നിർദ്ദേശങ്ങളും വേഗത്തിൽ മനസ്സിലാക്കാൻ ട്രാക്കുകളുടെ പ്രവേശന കവാടങ്ങളിലും പാതകളിലും പ്രത്യേക അറിയിപ്പ് ബോർഡുകളും ആർടിഎ ക്രമീകരിച്ചിട്ടുണ്ട്.

You may also like